| Thursday, 17th July 2025, 8:36 am

നെതന്യാഹുവിന്റെ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രഈലിന്റെ ആവശ്യം തള്ളി ഐ.സി.സി ജഡ്ജിമാർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഗസയിൽ വംശഹത്യ നടത്തിയതിന് ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ചുമത്തിയ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന ഇസ്രഈലിന്റെ ആവശ്യം തള്ളി ഐ.സി.സി ജഡ്ജിമാർ.

പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ട് പിൻവലിക്കണമെന്ന അഭ്യർത്ഥനയുമായി ഇസ്രഈൽ കഴിഞ്ഞ ദിവസം എത്തിയിരുന്നു. എന്നാൽ ഇസ്രഈലിന്റെ അഭ്യർത്ഥന അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐ.സി.സി) ജഡ്ജിമാർ തള്ളുകയായിരുന്നു.

ഗസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽ വിധി പറയാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധിയെ വെല്ലുവിളിച്ച് ഇസ്രഈൽ സമർപ്പിച്ച ഹരജി ഐ.സി.സി പുനപരിശോധിക്കവെയാണ് പുതിയ ആവശ്യവുമായി ഇസ്രഈൽ എത്തിയത്.

ഫലസ്‌തീനിൽ ഇസ്രഈൽ നടത്തുന്ന വംശഹത്യക്കെതിരെയുള്ള ഐ.സി.സി അന്വേഷണം താത്ക്കാലികമായി നിർത്തിവയ്ക്കണമെന്ന ഇസ്രഈലിന്റെ അഭ്യർത്ഥനയും ജഡ്ജിമാർ നിരസിച്ചു. ഈ തീരുമാനം ഐ.സി.സി തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2024 നവംബർ 21 ന് ഇസ്രഈൽ പ്രധാനമന്ത്രിക്കെതിരെയും മുൻ ഇസ്രഈൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഗസയിൽ ഇസ്രഈൽ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയെന്നാരോപിച്ചായിരുന്നു ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഇവരോടൊപ്പം ഹമാസ് നേതാവ് ഇബ്രാഹിം അൽ-മസ്‌രിക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

മുഹമ്മദ് ദെയ്ഫ് എന്നറിയപ്പെടുന്ന അൽ-മസ്‌രി കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകളെത്തുടർന്ന് ഫെബ്രുവരിയിൽ ജഡ്ജിമാർ മസ്‌രിക്കെതിരെയുള്ള അറസ്റ്റ് വാറണ്ട് പിൻവലിച്ചിരുന്നു.

ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അധികാരപരിധി ഇസ്രഈൽ നിരസിക്കുകയും ഗസയിൽ തങ്ങൾ യുദ്ധക്കുറ്റങ്ങൾ നടത്തിയിട്ടില്ലെന്ന് വാദിക്കുകയും ചെയ്യുന്നുണ്ട്. 2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രഈലിനെതിരെ നടത്തിയ പ്രത്യാക്രമണത്തിന് ശേഷമാണ് ഇസ്രഈൽ ഗസയിൽ വംശഹത്യ ആരംഭിച്ചത്. ഹമാസിനെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ സൈനിക നടപടി നടത്തിയതെന്നാണ് ഇസ്രഈലിന്റെ വാദം. ബെഞ്ചമിൻ നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരായ അറസ്റ്റ് വാറണ്ടുകളെ അവർ എതിർക്കുകയും ചെയ്യുന്നു.

Content Highlight: ICC judges reject Israel’s request to withdraw Netanyahu arrest warrant

We use cookies to give you the best possible experience. Learn more