| Sunday, 7th December 2025, 4:31 pm

ഒരു ഊബര്‍ പോലും വിളിക്കാനാകുന്നില്ല, മകളുടെ വിസയേയടക്കം ബാധിച്ചു; ട്രംപിന്റെ ഉപരോധത്തില്‍ ഐ.സി.സി ജഡ്ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങളില്‍ പ്രതികരിച്ച് ഐ.സി.സി (അന്താരാഷ്ട്ര ക്രിമിനല്‍ കോടതി) ജഡ്ജി ലൂസ് ഡെല്‍ കാര്‍മെന്‍ ഇബാനെസ് കരാന്‍സ.

യു.എസ് ഉപരോധത്തെ തുടര്‍ന്ന് സാമ്പത്തികമായി പ്രതിസന്ധി നേരിട്ടുവെന്ന് ഇബാനെസ് പറഞ്ഞു. തങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല ട്രംപിന്റെ ഉപരോധമെന്നും ജഡ്ജി പറയുന്നു. മിഡില്‍ ഈസ്റ്റ് ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജഡ്ജിയുടെ തുറന്നുപറച്ചില്‍.

ട്രംപിന്റെ നടപടിയെ വ്യക്തിപരമായി എടുക്കുന്നില്ല. ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് മനുഷ്യര്‍ക്ക് നീതി ഉറപ്പുവരുത്താനാണ് തങ്ങള്‍ ജോലി ചെയ്യുന്നത്. യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധം അതിന്റെ ഭാഗമാണെന്നും ഇബാനെസ് പറഞ്ഞു.

ഉപരോധം ഏര്‍പ്പെടുത്തിയാല്‍ നമ്മുടെ യു.എസ് അക്കൗണ്ടുകള്‍ സ്വാഭാവികമായി ബ്ലോക്ക് ചെയ്യപ്പെടും. എന്നാല്‍ യൂറോപ്യന്‍ ബാങ്കുകള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ് ചെയ്യേണ്ടത്. പക്ഷേ ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ‘നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുകയാണ്’ എന്ന് അറിയിച്ചുകൊണ്ട് ബാങ്കില്‍ നിന്ന് ഒരു അറിയിപ്പ് ലഭിച്ചുവെന്നും ഇബാനെസ് വെളിപ്പെടുത്തി.

ബാങ്കിന്റെ പേര് പറയാതെയായിരുന്നു ജഡ്ജിയുടെ വെളിപ്പെടുത്തല്‍. ഇതോടെ ഒരു ഊബര്‍ ടാക്‌സി പോലും ബുക്ക് ചെയ്യാന്‍ കഴിയാതെ വന്നുവെന്ന് ഇബാനെസ് പറയുന്നു.

ഉപരോധം മകളുടെ വിസയേയും ബാധിച്ചതായും ഐ.സി.സി ജഡ്ജി പറയുന്നുണ്ട്. യാതൊരു വിശദീകരണവും നല്‍കാതെയാണ് തന്റെ മകളുടെ വിസ യു.എസ് റദ്ദാക്കിയതെന്നാണ് ജഡ്ജി പറഞ്ഞത്.

വിമാന ടിക്കറ്റുകള്‍ പോലും എടുക്കാന്‍ കഴിയുന്നില്ല. പെറുവില്‍ നിന്നും ലാറ്റിന്‍ അമേരിക്കയില്‍ നിന്നും വരുന്ന തങ്ങള്‍ക്ക് ഡിജിറ്റല്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് പരിചയമില്ല. തനിക്ക് പേപാല്‍, ആമസോണ്‍ തുടങ്ങിയ അക്കൗണ്ടുകളുമില്ല. ഡോളറില്‍ നിന്നും അക്കൗണ്ടുകള്‍ മാറ്റാന്‍ കഴിയില്ലെന്നാണ് ബാങ്കുകള്‍ പറയുന്നതെന്നും ഇബാനെസ് പ്രതികരിച്ചു.

ഇബാനെസിന് പുറമെ ഉഗാണ്ടയിലെ സോളോമി ബലുങ്കി ബോസ, ബെനിനിലെ റെയ്ന്‍ അഡലെയ്ഡ് സോഫി അലാപിനി ഗാന്‍സോ, സ്ലൊവേനിയയിലെ ബെറ്റി ഹോഹ്ലര്‍ എന്നിവര്‍ക്കെതിരെയാണ് യു.എസ് ഉപരോധം ഏര്‍പ്പെടുത്തിയത്.

ഇസ്രഈലിനെതിരായ വംശഹത്യാ കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനും അഫ്ഗാനിസ്ഥാനിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ യു.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതിനുമായിരുന്നു യു.എസിന്റെ ഉപരോധം.

Content Highlight: ICC Judge Luz Ibanez Responds to US Sanctions

We use cookies to give you the best possible experience. Learn more