| Saturday, 14th June 2025, 12:32 pm

ഇന്ത്യയ്ക്ക് തിരിച്ചടിയുമായി ഐ.സി.സി; അടുത്ത മൂന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും ഇംഗ്ലണ്ടിലെന്ന് റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ നാലാം പതിപ്പായ 2025-27 സൈക്കിളിന്റെ കലാശപ്പോരാട്ടത്തിന് വേദിയാകാനുള്ള ഇന്ത്യയുടെ ആവശ്യം നിരസിച്ച് ഐ.സി.സി. നേരത്തെ മൂന്ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നടത്തിയത് ഇംഗ്ലണ്ടിലായിരുന്നു. എന്നാല്‍ നാലം പതിപ്പിന്റെ ഫൈനലില്‍ ഇന്ത്യയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹമുണ്ടെന്ന് നേരത്തെ ബി.സി.സി.ഐ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു.

കഴിഞ്ഞ ഏപ്രില്‍ മാസം സിംബാബ്‌വേയില്‍ നടന്ന ഐ.സി.സി മീറ്റിങ്ങിലും ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിന് വേദിയാകാന്‍ ബി.സി.സി.ഐ താത്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ പതിപ്പായ 2019-21 ഫൈനലിന് സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയമാണ് വേദിയായത്.

2023ല്‍ ലണ്ടനിലെ ഓവലില്‍ ഫൈനല്‍ നടന്നപ്പോള്‍ ക്രിക്കറ്റിന്റെ മക്കയെന്നറിയപ്പെടുന്ന ലോര്‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടാണ് ഈ വര്‍ഷം നടക്കുന്ന മൂന്നാം പതിപ്പിന്റെ കലാശപ്പോരാട്ടത്തിന് വേദിയാകുന്നത്. കിരീടം നിലനിര്‍ത്താനുറച്ച് പാറ്റ് കമ്മിന്‍സും സംഘവുമിറങ്ങുമ്പോള്‍ ഈ നൂറ്റാണ്ടിലെ ആദ്യ ഐ.സി.സി കിരീടമാണ് തെംബ ബാവുമയുടെ ക്യാപ്റ്റന്‍സിയിലിറങ്ങുന്ന സൗത്ത് ആഫ്രിക്ക ലക്ഷ്യമിടുന്നത്.

നിലവില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഏറെ കാലത്തെ കിരീട വരള്‍ച്ചയ്ക്ക് വിരാമമിടാനിരിക്കുകയാണ് സൗത്ത് ആഫ്രിക്ക. 282 റണ്‍സിന്റെ ടാര്‍ഗറ്റാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയത്. രണ്ട് ദിവസം ശേഷിക്കെ 69 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടമണിയാം. നിലവില്‍ 56 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്.

‘ചരിത്രവും അന്തസ്സും കണക്കിലെടുത്താല്‍ 2027ല്‍ വീണ്ടും മത്സരം നടത്താന്‍ ലോര്‍ഡ്സ് തന്നെയായിരിക്കും ഏറ്റവും മികച്ചത്, എന്നാല്‍ കൃത്യമായി എവിടെയാണ് മത്സരം നടക്കുക എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. ആഗോള യാത്രാ കേന്ദ്രമായ ലണ്ടന്‍ തലസ്ഥാനം സ്വാഭാവിക തെരഞ്ഞെടുപ്പാണ്, പക്ഷേ കൂടുതല്‍ വടക്കന്‍ വേദികള്‍ മത്സരത്തിലേക്ക് വന്നേക്കാം,’ റിപ്പോര്‍ട്ട് പറയുന്നു.

Content Highlight: ICC has rejected India’s bid to host the final of the 2025-27 cycle of the World Test Championship

We use cookies to give you the best possible experience. Learn more