| Saturday, 24th January 2026, 6:19 pm

ലോകകപ്പിന് ബംഗ്ലാദേശില്ല; പകരമെത്തുന്നത് സ്‌കോട്ട്‌ലാന്‍ഡ് തന്നെ!

ഫസീഹ പി.സി.

ടി – 20 ലോകകപ്പില്‍ ബംഗ്ലാദേശ് പങ്കെടുക്കില്ലെന്ന് സ്ഥിരീകരിച്ച് ഐ.സി.സി. ബംഗ്ലാദേശിന് പകരക്കാരായി സ്‌കോട്ട്‌ലാന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രൂപ്പ് സിയില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഇറ്റലി, നേപ്പാള്‍ ടീമിനൊപ്പമാണ് സ്‌കോട്ട്‌ലാന്‍ഡ് ലോകകപ്പില്‍ കളിക്കുക.

ഐ.പി.എല്ലിന്‍ നിന്ന് മുസ്തഫിസുര്‍ റഹമാനെ പുറത്താക്കിയതിന് പിന്നാലെ ബി.സി.ബി തങ്ങളുടെ ലോകകപ്പ് മത്സരങ്ങളുടെ വേദി ശ്രീലങ്കയിലേക്ക് മാറ്റാമെന്ന് ആവശ്യപ്പെട്ട് ഐ.സി.സി കത്തെഴുതിയിരുന്നു. താരങ്ങളുടെ സുരക്ഷാ കാരണങ്ങള്‍ ഉയര്‍ത്തിയായിരുന്നു ഈ നടപടി.

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം. Photo: Johns/x.com

എന്നാല്‍, ഈ ആവശ്യം ഐ.സി.സി നിരസിച്ചു. ആദ്യം നിശ്ചയിച്ച പ്രകാരം തന്നെ ഇന്ത്യയിലെ വേദികളില്‍ ലോകകപ്പ് കളിക്കണമെന്നും ഐ.സി.സി. നിര്‍ദേശിച്ചിരുന്നു. ഇതിനൊപ്പം തന്നെ ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ച് അന്തിമ നിലപാടെടുക്കാന്‍ ബി.സി.ബിക്ക് 24 മണിക്കൂര്‍ സമയവും നല്‍കിയിരുന്നു.

പക്ഷേ, ഇന്ത്യയിലേക്കെന്ന നിലപാടില്‍ ബംഗ്ലാദേശ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെയാണ് ബംഗ്ലാദേശിനെ ഒഴിവാക്കി സ്‌കോട്ട്‌ലാന്‍ഡിനെ ലോകകപ്പില്‍ ഉള്‍പ്പെടുത്തിയത്.

‘ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ വിസമ്മതിച്ചതിന് ലോകകപ്പില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ച് ബി.സി.ബിക്ക്, ഐ.സി.സി ഒരു കത്ത് അയച്ചിട്ടുണ്ട്. പകരക്കാരായി തെരഞ്ഞെടുത്തുവെന്ന വിവരം സ്‌കോട്ട്‌ലാന്‍ഡിനെയും അറിയിച്ചിട്ടുണ്ട്. അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി,’ ഐ.സി.സി വൃത്തങ്ങള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

സ്കോട്ട്ലാൻഡ് ക്രിക്കറ്റ് ടീം. Photo: R A T N I S H/x.com

അതേസമയം, ഐ.സി.സിയുടെ മുന്‍ ടൂര്‍ണമെന്റുകളില്‍ പുറത്തെടുത്ത മികവാണ് സ്കോട്ട്ലാൻഡിനെ ലോകകപ്പിലേക്ക് എത്തിച്ചത്. നിലവില്‍ റാങ്കിങ്ങില്‍ 14ാം സ്ഥാനത്തുള്ള നേരത്തെ 2026 ടി – 20 ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല. യൂറോപ്യന്‍ ക്വാളിഫയറില്‍ നെതര്‍ലാന്‍ഡ്സ്, ഇറ്റലി, ജേഴ്സി എന്നീ ടീമുകള്‍ക്ക് പിന്നിലായി പോയതാണ് ഇതിന് കാരണം.

Content Highlight: ICC confirm Bangladesh will not participate in T20 World Cup; Scotland named replacement

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more