| Friday, 7th March 2025, 11:33 am

ഇതിന് മുമ്പ് ഇന്ത്യയും ന്യൂസിലാന്‍ഡും ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ എന്ത് സംഭവിച്ചു?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകര്‍.

സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ എന്‍ട്രി.

ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും കിരീടപ്പോരാട്ടത്തില്‍ ഏറ്റുമുട്ടുന്നത്. ടൂര്‍ണമെന്റിന്റെ രണ്ടാം എഡിഷനിലാണ് സൗരവ് ഗാംഗുലിയുടെ ഇന്ത്യയും സ്റ്റീഫന്‍ ഫ്‌ളെമിങ്ങിന്റെ ന്യൂസിലാന്‍ഡും കൊമ്പുകോര്‍ത്തത്. മത്സരത്തില്‍ നാല് വിക്കറ്റിന് ഇന്ത്യയെ തകര്‍ത്ത് കിവീസ് കപ്പുയര്‍ത്തി.

ന്യൂസിലാന്‍ഡ് നായകന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് കിരീടവുമായി

മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ക്യാപ്റ്റന്‍ ഗാംഗുലിയും സച്ചിന്‍ ടെന്‍ഡുല്‍ക്കറും തിളങ്ങി.

141 റണ്‍സാണ് ആദ്യ വിക്കറ്റ് നഷ്ടപ്പെടും മുമ്പേ ഇന്ത്യ അടിച്ചെടുത്തത്. 83 പന്തില്‍ 69 റണ്‍സ് നേടിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനെ റണ്‍ ഔട്ടിലൂടെ പുറത്താക്കി കിവീസ് കൂട്ടുകെട്ട് തകര്‍ത്തു.

വണ്‍ ഡൗണായി രാഹുല്‍ ദ്രാവിഡാണ് കളത്തിലെത്തിയത്. ദ്രാവിഡുമൊത്ത് അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുമായി ഗാംഗുലി ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തി. ടീം സ്‌കോര്‍ 202ല്‍ നില്‍ക്കവെ ദ്രാവിഡ് പുറത്തായി. 22 റണ്‍സ് നേടിയാണ് താരം പുറത്തായത്.

സ്‌കോര്‍ ബോര്‍ഡില്‍ 220 റണ്‍സ് പിറന്നപ്പോഴേക്കും ഗാംഗുലിയുടെ വിക്കറ്റും ടീമിന് നഷ്ടമായി. 130 പന്ത് നേരിട്ട് 117 റണ്‍സ് നേടിയാണ് ഇന്ത്യന്‍ നായകന്‍ മടങ്ങിയത്. നാല് സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

പിന്നാലെയെത്തിയവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പോയതോടെ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

ന്യൂസിലാന്‍ഡിനായി സ്‌കോട്ട് സ്‌റ്റൈറിസ് രണ്ട് വിക്കറ്റും നഥാന്‍ ആസില്‍ ജിയോഫ് ആലട്ട് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ക്ക് തുടക്കം പാളി. ഓപ്പണര്‍ ക്രെയ്ഗ് സ്പിയര്‍മാന്‍ മൂന്ന് റണ്ണിനും വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ് അഞ്ച് റണ്‍സും നേടി പുറത്തായി. വെങ്കിടേഷ് പ്രസാദാണ് രണ്ട് വിക്കറ്റും നേടിയത്.

37 റണ്‍സ് നേടിയ നഥാന്‍ ആസിലും 31 റണ്‍സ് നേടിസടിച്ച റോജര്‍ ടൊവോസും കിവീസ് നിരയില്‍ കരുത്തായി. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ ക്രിസ് ക്രെയ്ന്‍സിന്റെ ചെറുത്തുനില്‍പ്പിനാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

113 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് താരം അടിച്ചെടുത്തത്. ക്രെയ്ഗ് മക്മില്ലന് പകരം ക്രീസിലെത്തിയ ക്രിസ് ഹാരിസിന്റെ പിന്തുണയുമായതോടെ രണ്ട് പന്ത് ബാക്കി നില്‍ക്കെ കിവികള്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ

Content Highlight: ICC Champions Trophy: What happened when India and New Zealand met in the CT final before?

We use cookies to give you the best possible experience. Learn more