| Saturday, 8th March 2025, 6:30 am

കിരീടം മാത്രമാക്കേണ്ട, ടൂര്‍ണമെന്റില്‍ ചരിത്രവും തിരുത്തിയെഴുതൂ വിരാട്; ഈ മത്സരത്തിലില്ലെങ്കില്‍ ഇനി സാധിച്ചേക്കില്ല

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാര്‍ച്ച് ഒമ്പതിന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. കലാശപ്പോരാട്ടത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടര പതിറ്റാണ്ടിനിപ്പുറം മറ്റൊരു ഇന്ത്യ – ന്യൂസിലാന്‍ഡ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ അരങ്ങേറുന്നതിന്റെ ആവേശവും ആരാധകര്‍ക്കുണ്ട്.

സെമിയില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ന്യൂസിലാന്‍ഡിന്റെ ഫൈനല്‍ എന്‍ട്രി.

ഈ മത്സരത്തില്‍ ഒരു ഐതിഹാസിക നേട്ടമാണ് ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ലക്ഷ്യമിടുന്നത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് വിരാട് കണ്ണുവെക്കുന്നത്.

കലാശപ്പോരാട്ടത്തില്‍ വെറും 46 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ ഐതിഹാസിക റെക്കോഡില്‍ ഒന്നാമനായി ഇടം പിടിക്കാന്‍ വിരാടിന് സാധിക്കും.

16 ഇന്നിങ്‌സില്‍ നിന്നും 82.88 ശരാശരിയില്‍ 746 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് വിരാട് ചാമ്പ്യന്‍സ് ട്രോഫിയില്‍ അടിച്ചെടുത്തിട്ടുള്ളത്.

791 റണ്‍സ് നേടിയ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് റെക്കോഡ് നേട്ടത്തല്‍ ഒന്നാമതുള്ളത്.

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ (ഐ.സി.സി നോക്ക്ഔട്ട്) ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ്)

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 17 – 791

വിരാട് കോഹ്‌ലി – ഇന്ത്യ – 16 – 746

മഹേല ജയവര്‍ധനെ – ശ്രീലങ്ക – 21 – 742

ശിഖര്‍ ധവാന്‍ – ഇന്ത്യ – 10 – 71

കുമാര്‍ സംഗക്കാര – ശ്രീലങ്ക – 21 – 683

സൗരവ് ഗാംഗുലി – ഇന്ത്യ – 11 – 665

നിലവില്‍ 36കാരനായ വിരാട് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന അടുത്ത ചാമ്പ്യന്‍സ് ട്രോഫി കളിക്കുന്ന കാര്യം സംശയമായിരിക്കും. ഇക്കാരണം കൊണ്ടുതന്നെ ക്രിസ് ഗെയ്‌സലിനെ മറികടക്കാനുള്ള അവസാന അവസരം കൂടിയാണ് കിങ് കോഹ്‌ലിക്ക് മുമ്പിലുള്ളത്.

ചാമ്പ്യന്‍സ് ട്രോഫിയുടെ ഈ എഡിഷനിലെ റണ്‍ വേട്ടയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് വിരാട്. നാല് മത്സരത്തില്‍ നിന്നും 72.33 ശരാശരിയില്‍ 217 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പടെയാണ് വിരാട് ഈ സീസണില്‍ റണ്ണടിച്ചുകൂട്ടിയത്.

ഈ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കാനും വിരാടിന് മുമ്പില്‍ അവസരമുണ്ട്. റണ്‍ വേട്ടയില്‍ ഒന്നാമനായ ബെന്‍ ഡക്കറ്റിനേക്കാള്‍ പത്ത് റണ്‍സ് മാത്രമാണ് താരത്തിന് കുറവുള്ളത്.

ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്ര (226), ഇന്ത്യന്‍ സൂപ്പര്‍ താരം ശ്രേയസ് അയ്യര്‍ (195), മുന്‍ കിവീസ് നായകനും മോഡേണ്‍ ഡേ ലെജന്‍ഡുമായ കെയ്ന്‍ വില്യംസണ്‍ (189) എന്നിവരാണ് ഈ റെക്കോഡില്‍ വിരാടിന് എതിരാളികള്‍.

Content Highlight: ICC Champions Trophy: Virat Kohli need 46 runs to surpass Chris Gayle in Most Runs In CT History

We use cookies to give you the best possible experience. Learn more