| Monday, 17th February 2025, 9:17 pm

ന്യൂസിലാന്‍ഡിനെതിരെ ഒറ്റ റണ്‍ പോലുമെടുക്കേണ്ട, വെറുതെ നിന്നാല്‍ മാത്രം ചരിത്ര നേട്ടം; ഏഴാമനാകാന്‍ വിരാട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ആരാധകരുടെ കാത്തിരിപ്പ് ആവേശത്തിലേക്ക് വഴിമാറിയിരിക്കുകയാണ്. ഫെബ്രുവരി 19മുതല്‍ മാര്‍ച്ച് ഒമ്പത് വരെയുള്ള ദിവസങ്ങള്‍ ക്രിക്കറ്റ് ആരാധകരെ സംബന്ധിച്ച് വിരുന്ന് തന്നെയായിരിക്കും.

ഒരിക്കല്‍ നേടിയതും 2017ല്‍ പാകിസ്ഥാന് മുമ്പില്‍ അടിയറവ് വെച്ചതുമായ കിരീടം വീണ്ടും നേടാനുറച്ചാണ് ഇന്ത്യ ടൂര്‍ണമെന്റിനിറങ്ങുന്നത്. ബുംറയടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ അഭാവമുണ്ടെങ്കിലും അതിനെയെല്ലാം ഒരു ടീം എന്ന നിലയില്‍ മെന്‍ ഇന്‍ ബ്ലൂ മറികടക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ക്രിക്കറ്റ് റെക്കോഡുകള്‍ പലയാവര്‍ത്തി തിരുത്തിയെഴുതേണ്ടി വരുമെന്നുറപ്പാണ്. ഇന്ത്യയുടെ മാത്രമല്ല, ടൂര്‍ണമെന്റിന്റെ ഭാഗമായ മിക്ക ടീമുകളിലെയും താരങ്ങള്‍ ലോക റെക്കോഡുകളും വ്യക്തിഗത റെക്കോഡുകളും ലക്ഷ്യമിടുന്നുണ്ട്.

മോഡേണ്‍ ഡേ ലെജന്‍ഡ് വിരാട് കോഹ്‌ലിയും എണ്ണം പറഞ്ഞ റെക്കോഡുകള്‍ ലക്ഷ്യമിടുന്നത്. ഏകദിന ഫോര്‍മാറ്റിലെ 14,000 റണ്‍സ് എന്ന നേട്ടമാണ് ഇതില്‍ പ്രധാനം. 13,963 റണ്‍സാണ് ഏകദിനത്തില്‍ വിരാടിന്റെ സമ്പാദ്യം. ടൂര്‍ണമെന്റില്‍ 37 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ എലിറ്റ് ലിസ്റ്റില്‍ ഇടം നേടാന്‍ വിരാടിന് സാധിക്കും.

സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും റിക്കി പോണ്ടിങ്ങിനും മാത്രമാണ് ഇതുവരെ ഏകദിനത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിങ്‌സില്‍ നിന്നും 14,000 റണ്‍സ് മാര്‍ക്ക് പിന്നിട്ടപ്പോള്‍ 378ാം ഇന്നിങ്‌സിലാണ് പോണ്ടിങ് ഈ നാഴികക്കല്ലിലെത്തിയത്.

നിലവില്‍ 297 മത്സരം മാത്രം കളിച്ച വിരാടിന് ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും സ്വന്തമാക്കാം.

ഏകദിന കരിയറില്‍ 300 മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ എലീറ്റ് ലിസ്റ്റിലും വിരാടിന് ഇടം നേടാന്‍ സാധിക്കും.

ബംഗ്ലാദേശിനെതിരായ ആദ്യ മത്സരം വിരാടിന്റെ കരിയറിലെ 298ാം മത്സരമാകും. പാകിസ്ഥാനെതിരെ വിരാട് 299ാം മത്സരം കളിക്കുന്ന വിരാട് ന്യൂസിലാന്‍ഡിനെതിരെ 300 മാച്ചുകള്‍ എന്ന നാഴികക്കല്ലും പിന്നിടും.

ഇതുവരെ ആറ് ഇന്ത്യന്‍ താരങ്ങള്‍ മാത്രമാണ് 300 ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (463), എം.എസ്. ധോണി (367), രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308), യുവരാജ് സിങ് (301) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

Content highlight: ICC Champions Trophy: Virat Kohli need 3 more matches to complete 300 ODIs

We use cookies to give you the best possible experience. Learn more