| Tuesday, 4th March 2025, 5:36 pm

മുന്നിലുള്ളത് സാക്ഷാല്‍ സച്ചിന്‍ മാത്രം; നോക്ക് ഔട്ടില്‍ സ്മിത്തിന് മിന്നല്‍ റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. നിലവില്‍ 36 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് ഓസീസ് നേടിയത്.

ഓപ്പണര്‍ മാത്യു ഷോട്ടിന് പകരമെത്തിയ കൂപ്പര്‍ കനോലിയെ പുറത്താക്കി ഇന്ത്യയ്ക്ക് വേണ്ടി വിക്കറ്റ് നേടിയത് മുഹമ്മദ് ഷമിയാണ്. എട്ട് പന്തില്‍ പൂജ്യം റണ്‍സിനാണ് കൂപ്പര്‍ പുറത്തായത്. ശേഷം ഓസീസിന്റെ സ്‌കോര്‍ ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ച ട്രാവിസ് ഹെഡ്ഡിനെ 36 റണ്‍സിന് മടക്കിയയച്ച് വരുണ്‍ ചക്രവര്‍ത്തിയും തന്റെ സ്‌ട്രൈക്ക് തുടങ്ങി.

അധികം വൈകാതെ 11 റണ്‍സ് നേടിയ ജോഷ് ഇംഗ്ലിസിന്റെ വിക്കറ്റ് നേടി ജഡേജയും തിളങ്ങി. മാത്രമല്ല 29 റണ്‍സ് നേടിയ മാര്‍നസ് ലബുഷാന്റെ വിക്കറ്റ് നേടി രണ്ടാം വിക്കറ്റ് അക്കൗണ്ടിലാക്കാനും ജഡേജയ്ക്ക് സാധിച്ചു.

ഓസീസിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്താണ്. 96 പന്തില്‍ നിന്ന് നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 73 റണ്‍സാണ് താരം നേടിയത്. ഇതോടെ തന്റെ 35ാം ഏകദിന സെഞ്ച്വറി നേടാന്‍ ക്യാപ്റ്റന് സാധിച്ചിരുന്നു.

ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരത്തിന് നേടാന്‍ സാധിച്ചത്. ചാമ്പ്യന്‍സ് ട്രോഫി നോക്ക് ഔട്ട് സ്‌റ്റേജില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് സ്മിത് സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ മുന്നിലുള്ളത് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. ആറ് തവണയാണ് സച്ചില്‍ നോക്ക് ഔട്ടില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ നേടിയത്. 17 ഇന്നിങ്‌സാണ് താരം നോക്ക് ഔട്ടില്‍ കളിച്ചത്. രണ്ടാം സ്ഥാനത്തുള്ള സ്മിത് ഏഴ് ഇന്നിങ്‌സില്‍ നിന്ന് അഞ്ച് തവണയാണ് ഈ നേട്ടം സ്വന്തമാക്കിയത്. മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മുഹമ്മദ് ഷമിയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം.

ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍

ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), മാര്‍നസ് ലബുഷാന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), അലക്സ് കാരി, ഗ്ലെന്‍ മാക്സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിയസ്, നഥാന്‍ എല്ലിസ്, തന്‍വീര്‍ സാംഗ, ആദം സാംപ.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

Content Highlight: ICC Champions Trophy – Steve Smith In Great Record Achievement In Champions Trophy Knockout

We use cookies to give you the best possible experience. Learn more