| Tuesday, 18th February 2025, 2:42 pm

ചാമ്പ്യന്‍സ് ട്രോഫിയുടെ തൊട്ടുതലേന്ന് മൂര്‍ദ്ധാവില്‍ അടി കിട്ടി; തിരിച്ചടിയില്‍ വലഞ്ഞ് ന്യൂസിലാന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ന്യൂസിലാന്‍ഡിന് വീണ്ടും തിരിച്ചടി. സൂപ്പര്‍ താരം ലോക്കി ഫെര്‍ഗൂസനേറ്റ പരിക്കാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്. ഇതോടെ താരത്തിന് ടൂര്‍ണമെന്റ് പൂര്‍ണമായും നഷ്ടമായിരിക്കുകയാണ്.

ടൂര്‍ണമെന്റിന് മുമ്പ് കറാച്ചിയില്‍ അഫ്ഗാനിസ്ഥാനെതിരെ നടന്ന സന്നാഹ മത്സരത്തിലാണ് ഫെര്‍ഗൂസന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ വലതുകാലിന് വേദന അനുഭവപ്പെടുകയും പരിശോധനയില്‍ താരത്തിന് ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന ഡോക്ടര്‍മാര്‍ വിധിയെഴുതുകയുമായിരുന്നു.

ഇതിന് പിന്നാലെ താരത്തെ റീഹാബിലിറ്റേഷന് അയച്ചു.

ഫെര്‍ഗൂസന് പകരക്കാരനായി കാന്റര്‍ബറി കിങ്‌സ് സൂപ്പര്‍ പേസര്‍ കൈല്‍ ജാമൈസണ്‍ ടീമില്‍ ഇടം നേടി. ഇന്ന് വൈകീട്ടോടെ താരം പാകിസ്ഥാനിലേക്ക് പറക്കും.

പുറംഭാഗത്തേറ്റ പരിക്കിന് പിന്നാലെ പത്ത് മാസത്തോളം ക്രിക്കറ്റ് സര്‍ക്കിളില്‍ നിന്നും വിട്ടുനിന്ന ജാമൈസണ്‍ ഈ ഡിസംബറിലാണ് ഗ്രൗണ്ടിലേക്ക് മടങ്ങിയെത്തിയത്. സൂപ്പര്‍ സ്മാഷില്‍ കാന്റര്‍ബറി കിങ്‌സിന് വേണ്ടി ആഭ്യന്തര തലത്തില്‍ കളിച്ചുകൊണ്ടാണ് താരം കളിക്കളത്തിലേക്ക് മടങ്ങിവന്നത്.

ടൂര്‍ണമെന്റില്‍ കിങ്‌സിന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. 14 വിക്കറ്റുമായി ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനാകാനും താരത്തിനായി.

അതേസമയം, ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡ് ആതിഥേയരായ പാകിസ്ഥാനെ നേരിടും. കറാച്ചിയാണ് വേദി.

നേരത്തെ, ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പ് നടന്ന ട്രൈ നേഷന്‍ സീരീസില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലാന്‍ഡ് കിരീടം സ്വന്തമാക്കിയിരുന്നു. അതേ ഡോമിനന്‍സ് ഇപ്പോള്‍ ടൂര്‍ണമെന്റിലും പുറത്തെടുക്കാനാണ് കിവികള്‍ ഒരുങ്ങുന്നത്.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം, ഫഖര്‍ സമാന്‍, സൗദ് ഷക്കീല്‍, തയ്യിബ് താഹിര്‍, ഫഹീം അഷ്‌റഫ്, കമ്രാന്‍ ഗുലാം, ഖുഷ്ദില്‍ ഷാ, സല്‍മാന്‍ അലി ആഘ, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹമ്മദ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ, ഷഹീന്‍ ഷാ അഫ്രിദി.

ന്യൂസിലാന്‍ഡ് സ്‌ക്വാഡ്

കെയ്ന്‍ വില്യംസണ്‍, മാര്‍ക് ചാപ്മാന്‍, രചിന്‍ രവീന്ദ്ര, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), നഥാന്‍ സ്മിത്ത്, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ജേകബ് ഡഫി, കൈല്‍ ജാമൈസണ്‍, മാറ്റ് ഹെന്‌റി, വില്‍ ഒ റൂര്‍ക്.

Content highlight: ICC Champions Trophy: Lockie Ferguson ruled out from the tournament

We use cookies to give you the best possible experience. Learn more