| Saturday, 1st March 2025, 4:08 pm

അവര്‍ അപകടകാരികള്‍; നിര്‍ണായക മത്സരത്തിന് മുമ്പ് തെരഞ്ഞെടുപ്പുമായി ജഡേജയും കൂട്ടരും

സ്പോര്‍ട്സ് ഡെസ്‌ക്

ഏറ്റവും അപകടകാരികളായ കളിക്കാരെ തെരഞ്ഞെടുത്ത് ഇന്ത്യന്‍ താരങ്ങളായ രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും അക്സര്‍ പട്ടേലും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റഗ്രാമിലൂടെ ഐ.സി.സി പുറത്തുവിട്ട വീഡിയോയിലാണ് താരങ്ങള്‍ അഭിപ്രായം പങ്കുവെച്ചത്.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലറിനെയും ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും അപടകാരികളായ മാച്ച് വിന്നേഴ്സായി ജഡേജ വിശേഷിപ്പിച്ചു.

അതേസമയം ന്യൂസിലാന്‍ഡ് യുവ താരമായ രചിന്‍ രവീന്ദ്രയെയാണ് ഷമി തെരഞ്ഞെടുത്തത്. രചിന്റെ അക്രമണാത്മകമായ ബാറ്റിങ്ങിനെയും ഷോട്ട് സെലക്ഷനെയും ഷമി പ്രശംസിച്ചു.

സൗത്ത് ആഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്‌റിക് ക്ലാസനെയാണ് അക്സര്‍ തെരഞ്ഞെടുത്തത്. ടി 20 ലോകകപ്പിലെ അദ്ദേഹത്തിന്റെ പ്രകടനത്തെയും അക്സര്‍ പ്രശംസിച്ചു.

‘ടി-20 ലോകകപ്പില്‍ അദ്ദേഹം നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും അദ്ദേഹം ഷോട്ടുകള്‍ കളിക്കുന്നു. മിഡില്‍ ഓവറുകളില്‍ അദ്ദേഹം അപകടകാരിയാണ്,’ അക്സര്‍ പറഞ്ഞു.

ഹെന്‌റിക് ക്ലാസന്‍ 2024 ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരെ മിന്നും പ്രകടനം കാഴ്ച വെച്ചിരുന്നു. ക്ലാസന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് സൗത്ത് ആഫ്രിക്ക പൊരുതിയത്. എന്നാല്‍ ക്ലാസന്‍ പുറത്തായതോടെ ടീമിന്റെ ലോകകപ്പ് മോഹങ്ങളും പതിയെ അവസാനിക്കുകയായിരുന്നു.

അതേസമയം, ജഡേജയും ഷമിയും അക്‌സറും ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിനൊപ്പം ദുബായിലാണുള്ളത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂവരും ഇന്ത്യക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

ബംഗ്ലാദേശിനെതിരെ ഷമി അഞ്ച് വിക്കറ്റും അക്സര്‍ 2 വിക്കറ്റും നേടിയിരുന്നു. പാകിസ്ഥാനെതിരെ അക്‌സറും ജഡേജയും ഓരോ വിക്കറ്റും കരസ്ഥമാക്കി.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ അടുത്ത മത്സരം നാളെ ( മാര്‍ച്ച് രണ്ട് ) ന്യൂസിലാന്‍ഡിനെതിരെയാണ്. നേരത്തെ തന്നെ ഇന്ത്യയും ന്യൂസിലാന്‍ഡും സെമി ഫൈനലിലേക്ക് യോഗ്യത നേടിയിരുന്നു. ഈ മത്സരമാണ് ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരെ നിശ്ചയിക്കുക.

Content Highlight: ICC Champions Trophy : Indian stars pick their most dangerous player in 2025 Champions Trophy

We use cookies to give you the best possible experience. Learn more