| Wednesday, 22nd January 2025, 11:20 am

ചാമ്പ്യന്‍സ് ട്രോഫി: പേടി കാരണമാണോ പാകിസ്ഥാന്‍ ടീം പ്രഖ്യാപിക്കാത്തത്? ചോദ്യമുയര്‍ത്തി പാക് സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് പത്ത് വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്ന ഏഴ് ടീമുകളും ഇതിനോടകം തന്നെ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയാണ് ഒടുവില്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. എന്നാല്‍ പാകിസ്ഥാന്‍ ഇനിയും തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടില്ല.

പാകിസ്ഥാന്‍ തങ്ങളുടെ പടയൊരുക്കം പ്രഖ്യാപിക്കാത്തതില്‍ പ്രതികരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാസിത് അലി. ഓപ്പണര്‍ സയീം അയ്യൂബിന്റെ പരിക്ക് കാരണമാണ് ടീം സ്‌ക്വാഡ് പ്രഖ്യാപിക്കാന്‍ വൈകുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.

പാകിസ്ഥാന്റെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനിടെയാണ് സയീം അയ്യൂബിന് പരിക്കേല്‍ക്കുന്നത്. ഫീല്‍ഡിങ്ങില്‍ പന്തിന് പിന്നാലെ ഓടിയ താരത്തിന്റെ കണങ്കാലിന് പരിക്കേല്‍ക്കുകയായിരുന്നു. താരം വിദഗ്ധ ചികിത്സയ്ക്കായി ലണ്ടനിലാണ്.

‘സ്‌ക്വാഡ് പ്രഖ്യാപിക്കാന്‍ പാകിസ്ഥാന് പേടിയാണോ? ഇല്ല, അത്തരത്തില്‍ പേടിയൊന്നുമില്ല. എന്ത് ചെയ്യണം, എന്ത് ചെയ്യാന്‍ പാടില്ല എന്നതില്‍ ചെറിയ ആശയക്കുഴപ്പം മാത്രം.

പ്രധാന പ്രശ്‌നം സയീം അയ്യൂബാണ്. അവന് പൂര്‍ണ ആരോഗ്യവാനായി മടങ്ങി വരാന്‍ സാധിക്കുമോ എന്നതാണ് ചോദ്യം. ഇതില്‍ ഇനിയും വ്യക്തതയില്ല,’ ബാസിത് അലി പറഞ്ഞു.

സയീം അയ്യൂബ് പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ബാസിത് അലി ടീമിന്റെ മധ്യനിരയ്ക്ക് ശക്തി പോരാ എന്നും അഭിപ്രായപ്പെട്ടു.

‘എന്റെ ചിന്തകള്‍ തെറ്റായിരിക്കണമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, പാകിസ്താന്റെ പ്രധാന പ്രശ്‌നം ടീമിന്റെ മധ്യനിരയാണ്. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരുള്ള ഇന്ത്യയ്‌ക്കെതിരെ ഒഴികെ അവര്‍ക്ക് 140 കിലോമീറ്റര്‍ വേഗതയിലുള്ള പന്തുകളാണ് അവര്‍ക്ക് നേരിടാനുള്ളത്.

നിലവില്‍ പാകിസ്ഥാന്റെ മധ്യനിര അത്രകണ്ട് ശക്തമല്ല. ഇക്കാരണം കൊണ്ടാണ് ഞാന്‍ സൗദ് ഷക്കീലിന് അനുകൂലമായി നില്‍ക്കുന്നത്. ആളുകള്‍ ഖുഷ്ദില്‍ ഷായെ കുറിച്ചാണ് സംസാരിക്കുന്നത്. ശരിക്കും നിങ്ങള്‍ക്ക് ഒരു ടി-20 താരത്തെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ആവശ്യമുണ്ടോ,’ ബാസിത് അലി ചോദിച്ചു.

2023 ഏകദിന ലോകകപ്പ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് യോഗ്യത നേടിയത്. ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് എ-യിലാണ് പാകിസ്ഥാന്‍ ഇടം നേടിയിരിക്കുന്നത്. ഇന്ത്യയടക്കമുള്ള കരുത്തര്‍ ഗ്രൂപ്പ് എ-യുടെ ഭാഗമാണ്.

ഗ്രൂപ്പ് എ

  1. ബംഗ്ലാദേശ്
  2. ഇന്ത്യ
  3. ന്യൂസിലാന്‍ഡ്
  4. പാകിസ്ഥാന്‍

ഗ്രൂപ്പ് ബി

  1. അഫ്ഗാനിസ്ഥാന്‍
  2. ഓസ്ട്രേലിയ
  3. ഇംഗ്ലണ്ട്
  4. സൗത്ത് ആഫ്രിക്ക

ഫെബ്രുവരി 19നാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരം കളിക്കുക. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് പാകിസ്ഥാന്റെ എതിരാളികള്‍.

ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍

ആദ്യ മത്സരം: ഫെബ്രുവരി 19 vs ന്യൂസിലാന്‍ഡ് – നാഷണല്‍ സ്റ്റേഡിയം കറാച്ചി.

രണ്ടാം മത്സരം: ഫെബ്രുവരി 23 vs ഇന്ത്യ – ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം.

അവസാന മത്സരം: ഫെബ്രുവരി 24 vs ബംഗ്ലാദേശ് – റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയം.

Content Highlight: ICC Champions Trophy: Basit Ali on Pakistan not announcing squad for the tournament

We use cookies to give you the best possible experience. Learn more