| Saturday, 1st March 2025, 9:26 pm

എതിരാളികള്‍ ഇവര്‍, ഇന്ത്യ മറികടക്കേണ്ട ഏറ്റവും വലിയ കടമ്പ; രോഹിത്തിനെ കാത്തിരിക്കുന്നത് കരുത്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ നാല് സെമി ഫൈനലിസ്റ്റുകള്‍ ആരെല്ലാമാണെന്ന് ഇതിനോടകം തന്നെ വ്യക്തമായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ രണ്ട് ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതം സെമി ഫൈനലില്‍ പ്രവേശിച്ചു.

ഗ്രൂപ്പ് എ-യില്‍ നിന്ന് ഇന്ത്യയും ന്യൂസിലാന്‍ഡുമാണ് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതോടെയാണ് ഇരുവരും സെമിക്ക് ടിക്കറ്റെടുത്തത്.

ഗ്രൂപ്പ് ബി-യില്‍ നിന്നാകട്ടെ കരുത്തരായ സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. മൂന്ന് മത്സരത്തില്‍ നിന്നും സൗത്ത് ആഫ്രിക്ക രണ്ട് വിജയത്തോടെ അഞ്ച് പോയിന്റുമായി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് മുമ്പോട്ട് കുതിച്ചത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കാകട്ടെ നാല് പോയിന്റാണുള്ളത്.

ഞായറാഴ്ച ഗ്രൂപ്പ് എ-യില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിന് പിന്നാലെയാണ് സെമി ഫൈനല്‍ പോരാട്ടത്തിന്റെ ചിത്രം വ്യക്തമാവുക.

നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റോടെ ഗ്രൂപ്പ് എ-യില്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. രണ്ടാമതുള്ള ഇന്ത്യയ്ക്കും നാല് പോയിന്റാണെങ്കിലും നെറ്റ് റണ്‍ റേറ്റാണ് ഇരു ടീമുകളെയും വേര്‍തിരിക്കുന്നത്. കിവികള്‍ക്ക് +0.863 എന്ന റണ്‍ റേറ്റും ഇന്ത്യയ്ക്ക് +0.647 എന്ന റണ്‍ റേറ്റുമാണുള്ളത്.

നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ ഒന്നാം സ്ഥാനത്തെത്തും. എന്നാല്‍ ഈ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ മികച്ച റണ്‍ റേറ്റുള്ള ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.

ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ടീമിന് ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസീസിനെയാകും നേരിടാനുണ്ടാവുക. എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാര്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്കയെയും നേരിടും.

2023 ഏകദിന ലോകകപ്പിന്റെ അതേ സെമി ഫൈനലിസ്റ്റുകളാണ് ചാമ്പ്യന്‍സ് ട്രോഫിയുടെ സെമി ഫൈനിലും യോഗ്യത നേടിയിരിക്കുന്നത് എന്നതാണ് മറ്റൊരു ഹൈലൈറ്റ്.

എതിരാളികള്‍ ആരുമാകട്ടെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്നും കിരീടം സ്വന്തമാക്കുമെന്നുമാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

നേരത്തെ ഒരു തവണയെങ്കിലും ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ടീമുകളാണ് സെമിയില്‍ മാറ്റുരയ്ക്കുന്നത്. സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും രണ്ടാം കിരീടം ലക്ഷ്യമിടുമ്പോള്‍ മൂന്നാം കിരീടമെന്ന നേട്ടത്തിലേക്കാണ് ഇന്ത്യയും ഓസ്ട്രേലിയയും കണ്ണുവെക്കുന്നത്.

1998/99ലാണ് സൗത്ത് ആഫ്രിക്ക ചാമ്പ്യന്‍മാരാകുന്നത്. ഐ.സി.സി നോക്ക്ഔട്ട് ട്രോഫിയെന്ന് നേരത്തെ പേരുണ്ടായിരുന്ന ടൂര്‍ണമെന്റിന്റെ ആദ്യ ജേതാക്കളും സൗത്ത് ആഫ്രിക്കയായിരുന്നു.

തൊട്ടടുത്ത സീസണില്‍ ന്യൂസിലാന്‍ഡ് കിരീടമണിഞ്ഞു. കെനിയ ആതിഥേയരായ ടൂര്‍ണമെന്റില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് കിവീസ് കപ്പുയര്‍ത്തിയത്.

2002/03ല്‍ ശ്രീലങ്കയ്ക്കൊപ്പം കിരീടം പങ്കുവെച്ച ഇന്ത്യ 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി രണ്ടാം തവണയും ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തി. 2006/07, 2009/10 എഡിഷനിലാണ് ഓസീസ് വിജയിച്ചത്.

Content highlight: ICC Champions Trophy 2025: Who will face India in semi final of the tournament

Latest Stories

We use cookies to give you the best possible experience. Learn more