| Thursday, 27th February 2025, 10:29 pm

ഒറ്റ റണ്‍ പോലും വേണ്ട, ഒറ്റ ക്യാച്ച് പോലും എടുക്കേണ്ട; ന്യൂസിലാന്‍ഡിനെതിരെ വെറുതെ നിന്നാല്‍ മാത്രം ചരിത്ര നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – ന്യൂസിലാന്‍ഡ് പോരാട്ടത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കും മുമ്പ് തന്നെ ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നത് തന്നെയാണ് ഈ മാച്ചിനെ ഏറെ സ്‌പെഷ്യലാക്കുന്നത്.

സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചു എന്നതുകൊണ്ട് മാത്രം ഇരു ടീമുകളും ഉഴപ്പാന്‍ സാധ്യതയില്ല. വിജയത്തോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തുക എന്നത് തന്നെയായിരിക്കും ഇരു ടീമിന്റെയും ലക്ഷ്യം.

നിരവധി റെക്കോഡുകളും കരിയര്‍ മൈല്‍സ്റ്റോണുകളും ഇന്ത്യയുടെ രണ്ട് മത്സരത്തിനിടെ പിറവിയെടുത്തിട്ടുണ്ട്. 200 ഏകദിന വിക്കറ്റുകള്‍, ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിക്കറ്റ് നേടിയ ഇന്ത്യന്‍ താരം തുടങ്ങി റെക്കോഡുകളുമായി മുഹമ്മദ് ഷമി തിളങ്ങിയപ്പോള്‍ ഏകദിനത്തില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് രോഹിത് ശര്‍മ സ്വന്തം കരിയര്‍ തിരുത്തിക്കുറിച്ചത്.

ഏകദിനത്തില്‍ 14,000 റണ്‍സ് നേടുന്ന മൂന്നാമത് താരം, ഏറ്റവും വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരം, ഏകദിനത്തില്‍ ഏറ്റവുമധികം ക്യാച്ച് നേടിയ ഇന്ത്യന്‍ താരം തുടങ്ങി വിരാട് കോഹ്‌ലിയും റെക്കോഡ് നേട്ടത്തില്‍ തിളങ്ങിയിരുന്നു.

ഇതിനൊപ്പം ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലും വിരാട് കോഹ്‌ലി കരിയറിലെ മറ്റൊരു റെക്കോഡ് നേട്ടത്തിലെത്തും. ഇതിന് റണ്‍സ് നേടുകയോ വിക്കറ്റ് വീഴ്ത്തുകയോ ക്യാച്ചെടുക്കുകയോ വേണ്ട, പ്ലെയിങ് ഇലവന്റെ ഭാഗമായി കളത്തിലിറങ്ങിയാല്‍ മാത്രം മതി!

ഏകദിനത്തില്‍ 300 മത്സരം പൂര്‍ത്തിയാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിലേക്കാണ് വിരാട് കോഹ്‌ലി നടന്നുകയറാനൊരുങ്ങുന്നത്. ഇതുവരെ ആറ് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമാണ് ഈ റെക്കോഡില്‍ ഇടം നേടാനായത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (463), എം.എസ്. ധോണി (367), രാഹുല്‍ ദ്രാവിഡ് (340), മുഹമ്മദ് അസറുദ്ദീന്‍ (334), സൗരവ് ഗാംഗുലി (308), യുവരാജ് സിങ് (301) എന്നിവര്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.

നേരത്തെ പാകിസ്ഥാനെതിരായ മത്സരത്തില്‍ വിരാട് ഈ നേട്ടത്തിലെത്തുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ പരിക്ക് മൂലം കളിക്കാന്‍ സാധിക്കാതെ വന്നതോടെയാണ് പാകിസ്ഥാനെതിരെ ഈ നേട്ടത്തിലെത്താന്‍ താരത്തിന് സാധിക്കാതെ പോയത്.

ബംഗ്ലാദേശിനെതിരെ 298ാം ഏകദിനവും പാകിസ്ഥാനെതിരെ കരിയറിലെ 299ഏകദിനവും കളിച്ച വിരാട് കിവികള്‍ക്കെതിരെ കളത്തിലിറങ്ങി കരിയറിലെ മറ്റൊരു നേട്ടമാണ് ലക്ഷ്യമിടുന്നത്.

Content Highlight: ICC Champions Trophy 2025: Virat Kohli to complete 300th ODI against New Zealand

We use cookies to give you the best possible experience. Learn more