ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഓസ്ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.
തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ഇന്ത്യ ടിക്കറ്റെടുത്തിരിക്കുന്നത്. 2013ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കപ്പുയര്‍ത്തിയ ഇന്ത്യ 2017ല്‍ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
വിരാട് കോഹ് ലിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. 98 പന്തില്‍ 84 റണ്‍സാണ് താരം അടിച്ചെടുത്തത്. അഞ്ച് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം.
ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് വിരാട് സ്വന്തമാക്കിയത്. ഐ.സി.സി ഏകിദന ടൂര്‍ണമെന്റുകളുടെ നോക്ക് ഔട്ട് മത്സരങ്ങളില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.
ഐ.സി.സി ഏകദിന ടൂര്‍ണമെന്റുകളുടെ നോക്ക്ഔട്ട് ഘട്ടത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
വിരാട് കോഹ് ലി – ഇന്ത്യ – 1,023
രോഹിത് ശര്‍മ – ഇന്ത്യ – 808
റിക്കി പോണ്ടിങ് – ഓസ്‌ട്രേലിയ – 731
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 682
കുമാര്‍ സംഗക്കാര – ശ്രീലങ്ക – 597
സ്റ്റീവ് സ്മിത് – ഓസ്‌ട്രേലിയ – 584
സൗരവ് ഗാംഗുലി – ഇന്ത്യ – 580
മഹേല ജയവര്‍ധനെ – ശ്രീലങ്ക – 571
ഈ മത്സരത്തില്‍ 21 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ നേട്ടവും വിരാട് സ്വന്തമാക്കിയിരുന്നു. ഏകദിനത്തില്‍ ചെയ്സിങ്ങിനിടെ 8,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ രണ്ടാമത് താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.
ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരില്‍ മാത്രമാണ് ഇതിന് മുമ്പ് ഈ നേട്ടമുണ്ടായിരുന്നത്.
ഏകദിനത്തില്‍ ചെയ്സിനിടെ ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
(താരം – ടീം – റണ്‍സ് എന്നീ ക്രമത്തില്‍)
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 8,720
വിരാട് കോഹ്ലി – ഇന്ത്യ – 8,063
രോഹിത് ശര്‍മ – ഇന്ത്യ – 6,115
സനത് ജയസൂര്യ – ശ്രീലങ്ക/ഏഷ്യ – 5,742
ജാക് കാല്ലിസ് – സൗത്ത് ആഫ്രിക്ക/ ആഫ്രിക്ക/ ഐ.സി.സി – 5,575
മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍ മത്സരം. നാളെ നടക്കുന്ന സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് മത്സരത്തിലെ ജേതാക്കളെയാണ് ഇന്ത്യയ്ക്ക് ഫൈനലില്‍ നേരിടാനുണ്ടാവുക.
Content Highlight: ICC Champions Trophy 2025: Virat Kohli becomes the first ever batter to score 1,000 runs in ICC ODI knock out matches