| Thursday, 27th February 2025, 3:17 pm

കുഞ്ഞന്‍മാര്‍ക്കെതിരെ തിളങ്ങും, വമ്പന്‍മാര്‍ക്കെതിരെ മുട്ടിടിക്കും; ഇംഗ്ലണ്ടിനെതിരായ ചരിത്ര വിജയത്തിലും വിമര്‍ശിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തിലാദ്യമായി അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ആദ്യ വിജയം നേടിയിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് റണ്‍സിന്റെ വിജയമാണ് അഫ്ഗാന്‍ നേടിയത്.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 325 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് 317 റണ്‍സിന് പുറത്തായി. ഇബ്രാഹിം സദ്രാന്‍, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി എന്നിവരുടെ കരുത്തിലാണ് അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാന്‍ വിജയത്തിലും സൂപ്പര്‍ താരം റാഷിദ് ഖാനെ വിമര്‍ശിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വരുണ്‍ ആരോണ്‍. ചെറിയ ടീമുകള്‍ക്കെതിരെ മാത്രമേ റാഷിദ് ഖാന് തിളങ്ങാന്‍ സാധിക്കുന്നുള്ളൂ എന്നാണ് വരുണ്‍ ആരോണിന്റെ വിമര്‍ശനം

.

ഏകദിന ഫോര്‍മാറ്റില്‍ മികച്ച താരങ്ങള്‍ക്കെതിരെ റാഷിദ് ഖാന് തിളങ്ങാന്‍ സാധിക്കുന്നില്ല എന്നാണ് ആരോണ്‍ പറയുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ചര്‍ച്ചയ്ക്കിടെയാണ് വരുണ്‍ ആരോണ്‍ ഇക്കാര്യം പറഞ്ഞത്.

‘ചെറിയ ടീമുകള്‍ക്കെതിരെയാണ് റാഷിദ് ഖാന്‍ ഏകദിനത്തില്‍ വിക്കറ്റുകള്‍ നേടുന്നത്. വലിയ ടീമുകള്‍ക്കെതിരെ വിക്കറ്റ് നേടാന്‍ അവന് സാധിക്കുന്നില്ല. ലോകമെമ്പാടുമുള്ള ടി-20 ലീഗുകളിലും അവന്‍ സ്ഥിരസാന്നിധ്യമാണ്. ഇക്കാരണം കൊണ്ടുതന്നെ എല്ലാവര്‍ക്കും റാഷിദ് ഖാന്റെ ബൗളിങ്ങിനെ കുറിച്ച് ധാരണയുണ്ട്. അവരാരും റാഷിദിന് വിക്കറ്റ് നല്‍കില്ല,’ ആരോണ്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 66 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റാണ് നേടിയത്. എന്നാല്‍ ആരുടെ വിക്കറ്റ് എന്നതും വിക്കറ്റ് വീഴ്ത്തിയസാഹചര്യവുമാണ് ഏറ്റവും പ്രധാനം.

മൂന്നാം വിക്കറ്റില്‍ ജോ റൂട്ടിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്താനൊരുങ്ങിയ ബെന്‍ ഡക്കറ്റിന്റെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്. മത്സരത്തില്‍ അല്‍പ്പം മുമ്പ് ഡക്കറ്റിന്റെ ക്യാച്ച് ക്യാപ്റ്റന്‍ ഷാഹിദി കൈവിടുകയും ചെയ്തിരുന്നു.

2023 ലോകകപ്പില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതും താരം ഇരട്ട സെഞ്ച്വറി അടിച്ചെടുത്തതും തുടര്‍ന്ന് കങ്കാരുക്കള്‍ കിരീടം നേടിയതുമെല്ലാം കമന്റേറ്റര്‍മാര്‍ വാ തോരാതെ സംസാരിക്കുന്ന വേളയിലാണ് റാഷിദ് ഖാന്‍ ഡക്കറ്റിനെ പുറത്താക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരെ 165 റണ്‍സുമായി റെഡ് ഹോട്ട് ഫോമില്‍ തുടര്‍ന്ന ഡക്കറ്റിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കിയാണ് റാഷിദ് പുറത്താക്കിയത്. ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നോട്ട്ഔട്ട് വിധിച്ചിട്ടും ഡി.ആര്‍.എസിലൂടെ റാഷിദ് വിക്കറ്റ് നേടിയെടുക്കുകയായിരുന്നു. മത്സരത്തിലെ ഏറ്റവും പ്രധാന നിമിഷങ്ങളിലൊന്നായിരുന്നു അത്.

അതേസമയം, ഓസ്‌ട്രേലിയക്കെതിരെയാണ് അഫ്ഗാനിസ്ഥാന്റെ അടുത്ത മത്സരം. 2023 ഏകദിന ലോകകപ്പില്‍ പരാജയപ്പെടുകയും 2024 ടി-20 ലോകകപ്പില്‍ പരാജയപ്പെടുത്തുകയും ചെയ്ത കങ്കാരുക്കളാണ് അഫ്ഗാനിസ്ഥാനും സെമി ഫൈനലിനും ഇടയില്‍ പ്രതിബന്ധമായി നില്‍ക്കുന്നത്.

നിലവില്‍ രണ്ട് മത്സരത്തില്‍ നിന്നും മൂന്ന് പോയിന്റുമായി ഓസീസ് പട്ടികയില്‍ രണ്ടാമതാണ്. രണ്ട് മത്സരത്തില്‍ നിന്നും ഒരു ജയവും ഒരു തോല്‍വിയുമായി രണ്ട് പോയിന്റോടെ മൂന്നാമതാണ് അഫ്ഗാനിസ്ഥാന്‍. ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിന് യോഗ്യത നേടുക.

Content Highlight: ICC Champions Trophy 2025: Varun Aaron criticize Rashid Khan

Latest Stories

We use cookies to give you the best possible experience. Learn more