| Sunday, 2nd March 2025, 4:14 pm

ഇന്ത്യ ആഗ്രഹിക്കുന്നത് സെമിയില്‍ ഓസീസിനെ നേരിടാന്‍, അതിന് വലിയൊരു കാരണവുമുണ്ട്; വ്യക്തമാക്കി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഇനി ടൂര്‍ണമെന്റില്‍ സെമി ഫൈനല്‍ മത്സരങ്ങളും ഫൈനല്‍ മത്സരവുമാണുള്ളത്. ഇന്ന് നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും.

ഇതിനോടകം തന്നെ സെമി ഫൈനലിസ്റ്റുകള്‍ ആരാണെന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യയെ കൂടാതെ ന്യൂസിലാന്‍ഡും ഓസ്ട്രേലിയയും സൗത്ത് ആഫ്രിക്കയുമാണ് സെമി ഫൈനലിലേക്ക് പ്രവേശിച്ചിട്ടുള്ളത്. ഇന്നത്തെ ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സര ഫലമാണ് സെമി ഫൈനലില്‍ ആരൊക്കെയാണ് പരസ്പരം ഏറ്റുമുട്ടുകയെന്ന് നിശ്ചയിക്കുക.

സെമി ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടാനാകും ഇന്ത്യ ഇഷ്ട്ടപെടുകയെന്ന് പറയുകയാണ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍.

ഓസ്ട്രേലിയയുടെ ഫാസ്റ്റ് ബൗളിങ് ത്രയമായ പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ അഭാവമാണ് ഇതിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ നായകനും കമന്റേറ്റുമായ താരം പ്രതികരണം നടത്തിയത്.

‘സൗത്ത് ആഫ്രിക്കയും ഓസ്ട്രേലിയയും മികച്ച ടീമുകളാണ്. സൗത്ത് ആഫ്രിക്കയെക്കാള്‍ ഇന്ത്യക്ക് കുറച്ച് കൂടി നന്നായി അറിയുക ഓസ്ട്രേലിയന്‍ ടീമിനെയാകും. സ്റ്റാര്‍ക്കും കമ്മിന്‍സും ഹെയ്‌സല്‍വുഡും ഇല്ലാത്തതിനാല്‍ അവര്‍ (ഇന്ത്യ) ഓസ്ട്രേലിയയെ നേരിടാന്‍ ഇഷ്ട്ടപ്പെട്ടേക്കാം,’ ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം, ചാമ്പ്യന്‍സ് ട്രോഫിയില്‍ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ട്ടത്തില്‍ 90 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ശുഭ്മന്‍ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ന്യൂസിലാന്‍ഡിനായി മാറ്റ് ഹെന്‌റി രണ്ട് വിക്കറ്റും കൈല്‍ ജാമൈസണ്‍ ഒരു വിക്കറ്റും നേടി.

പോയിന്റ് പട്ടികയില്‍ മുന്നിലെത്താന്‍ ഈ മത്സരത്തില്‍ ഇരു കൂട്ടര്‍ക്കും വിജയം അനിവാര്യമാണ്. നിലവില്‍ ഗ്രൂപ്പ് എ-യില്‍ നെറ്റ് റണ്‍ റേറ്റിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, വില്‍ യങ്, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‌റി, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്.

Content highlight: ICC Champions Trophy 2025: Sunil Gavaskar says India wants to face Aussies in the semis

We use cookies to give you the best possible experience. Learn more