| Sunday, 2nd March 2025, 10:18 pm

ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍ക്ക് എതിരാളികള്‍ ഗ്രൂപ്പ് ചാമ്പ്യന്‍മാരോ? സെമിയില്‍ ഇന്ത്യ നേരിടുക ആരെ?

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തിയതോടെ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ മത്സരങ്ങളുടെ ചിത്രം വ്യക്തമായിരിക്കുകയാണ്. മാര്‍ച്ച് നാല്, അഞ്ച് തീയ്യതികളിലായാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ഓരോ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാര്‍ എതിര്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെയാണ് സെമി ഫൈനലില്‍ നേരിടുക.

മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമി ഫൈനലിലാണ് ഇന്ത്യ കളിക്കുക. ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയാണ് എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

കളിച്ച മൂന്ന് മത്സരത്തില്‍ നിന്നും ഒരു ജയത്തോടെ നാല് പോയിന്റാണ് കങ്കാരുക്കള്‍ക്കുള്ളത്. ഇംഗ്ലണ്ടിനെതിരായ മത്സരം വിജയച്ചപ്പോള്‍ സൗത്ത് ആഫ്രിക്ക, അഫ്ഗാനിസ്ഥാന്‍ ടീമുകള്‍ക്കെതിരായ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയും ചെയ്തു.

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഗ്രൂപ്പ് ബി ചാമ്പ്യന്‍മാരായ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും.

അതേസമയം, ഇന്ന് നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ 45 റണ്‍സിന്റെ മികച്ച വിജയം സ്വന്തമാക്കിയാണ് ഇന്ത്യ പരാജയമറിയാതെ സെമി ഫൈനലില്‍ പ്രവേശിച്ചത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപൊത്തി.

വിരാടും രോഹിത്തുമടക്കമുള്ളവര്‍ പുറത്തായെങ്കിലും മിഡില്‍ ഓര്‍ഡറിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നത്. ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്.

98 പന്തില്‍ 79 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. നാല് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

45 പന്തില്‍ 45 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും 61 പന്തില്‍ 42 റണ്‍സടിച്ച അക്സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്ന മറ്റ് താരങ്ങള്‍.

സൂപ്പര്‍ താരം മാറ്റ് ഹെന്റിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെ തരിപ്പണമാക്കിയത്. എട്ട് ഓവര്‍ പന്തെറിഞ്ഞ താരം 42 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി.

ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249ലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനും തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം രചിന്‍ രവീന്ദ്ര ആറ് റണ്‍സിന് പുറത്തായി. എന്നാല്‍ വണ്‍ ഡൗണായെത്തിയ കെയ്ന്‍ വില്യംസണിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് ചെറുത്തുനിന്നു.

വില്‍ യങ്, ഡാരില്‍ മിച്ചല്‍, ടോ ലാഥം, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങിയവരെ ഒപ്പം കൂട്ടി വലുതും ചെറുതുമായ പാര്‍ട്ണര്‍ഷിപ്പുകള്‍ വില്യംസണ്‍ കെട്ടിപ്പൊക്കി.

ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തുമ്പോള്‍ മറുവശത്ത് വില്യംസണ്‍ ചെറുത്തുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 169ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി വില്യംസണ്‍ മടങ്ങി. 120 പന്ത് നേരിട്ട് 81 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വില്യംസണ്‍ പുറത്തായതിന് പിന്നാലെ മിച്ചല്‍ സാന്റ്‌നറിന്റെ പ്രകടനമൊഴിച്ചാല്‍ കാര്യമായ ചെറുത്തുനില്‍പ്പുകള്‍ കിവീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 31 പന്തില്‍ 28 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

ഒടുവില്‍ 205ന് കിവികള്‍ പുറത്തായി.

ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.

Content Highlight: ICC Champions Trophy 2025: Semi Final Lineup

We use cookies to give you the best possible experience. Learn more