| Sunday, 2nd March 2025, 4:00 pm

രോഹിത് ശര്‍മയെ പരാജയപ്പെടുത്താന്‍ രോഹിത് ശര്‍മ; ന്യൂസിലാന്‍ഡിനെതിരെ ചരിത്ര നേട്ടത്തിനൊരുങ്ങി ഇന്ത്യന്‍ നായകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് എ-യിലെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ഗ്രൂപ്പ് എ-യില്‍ നിന്നും ഇതിനോടകം തന്നെ സെമി ഫൈനല്‍ യോഗ്യത നേടിയ രണ്ട് ടീമുകള്‍ മാറ്റുരയ്ക്കുന്നു എന്ന പ്രത്യേകതയും ഈ മാച്ചിനുണ്ട്. ഈ മത്സരം വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് എ ചാമ്പ്യന്‍മാരാകാനും സാധിക്കും.

ഈ മത്സരത്തില്‍ വിജയിക്കുന്നതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒരു റെക്കോഡ് നേട്ടവും തേടിയെത്തും. തുടര്‍ച്ചയായി ഏറ്റവുമധികം ഐ.സി.സി മത്സരങ്ങളില്‍ വിജയിക്കുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ സ്വന്തം റെക്കോഡ് തിരുത്തി രണ്ടാം സ്ഥാനത്തേക്ക് ഉയരാനാണ് രോഹിത്തിന് അവസരമുള്ളത്.

12 വിജയവുമായി എം.എസ്. ധോണി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പട്ടികയില്‍ അടുത്ത രണ്ട് സ്ഥാനങ്ങളിലും രോഹിത് ശര്‍മയാണ് ഇടം നേടിയിരിക്കുന്നത്.

തുടര്‍ച്ചയായി ഏറ്റവുമധികം ഐ.സി.സി മത്സരങ്ങളില്‍ വിജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍മാര്‍

(താരം – വിജയം – സ്പാന്‍ എന്നീ ക്രമത്തില്‍)

എം.എസ്. ധോണി – 12 – 2012-2014

രോഹിത് ശര്‍മ – 10* – 2024-25

രോഹിത് ശര്‍മ – 10 – 2023

സൗരവ് ഗാംഗുലി – 8 – 2023

എം. എസ്. ധോണി – 7 – 2015

2023 ഏകദിന ലോകകപ്പില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിനെത്തിയത്. ആദ്യ ഘട്ടത്തിലെ ഒമ്പത് മത്സരങ്ങളിലും ആധികാരികമായി വിജയിച്ച ഇന്ത്യ, സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്തി. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ കങ്കാരുക്കളോട് പരാജയപ്പെട്ടു.

2024 ടി-20 ലോകകപ്പിലെ പ്രകടനത്തിന് പിന്നാലെയാണ് ഈ സ്ട്രീക് വീണ്ടും പിറവിയെടുത്തത്. ലോകകപ്പിലെ ഒറ്റ മത്സരം പോലും ഇന്ത്യ പരാജയപ്പെട്ടിരുന്നില്ല. കളിച്ച എട്ട് മത്സരത്തില്‍ എട്ടിലും ഇന്ത്യ വിജയിച്ചിരുന്നു.

ഇതിന് ശേഷം ഇന്ത്യ അടുത്ത ഐ.സി.സി മത്സരം കളിക്കുന്നത് ചാമ്പ്യന്‍സ് ട്രോഫിയിലാണ്. ആദ്യ രണ്ട് മത്സരത്തിലും ടീമിനെ വിജയത്തിലേക്ക് നയിച്ച രോഹിത് ന്യൂസിലാന്‍ഡിനെതിരെ വിജയിച്ച് തന്റെ റെക്കോഡ് തകര്‍ക്കാനുള്ള ഒരുക്കത്തിലാണ്.

അതേസമയം, ന്യൂസിലാന്‍ഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനറങ്ങിയ ഇന്ത്യ 17 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ്. 30 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ട ഇന്ത്യ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

ശുഭ്മന്‍ ഗില്‍ (ഏഴ് പന്തില്‍ രണ്ട്), രോഹിത് ശര്‍മ (17 പന്തില്‍ 15), വിരാട് കോഹ് ലി (14 പന്തില്‍ 11) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലിനെയും വിരാടിനെയും മാറ്റ് ഹെന്‌റി പുറത്താക്കിയപ്പോള്‍ കൈല്‍ ജാമൈസണാണ് രോഹിത്തിനെ മടക്കിയത്.

നിലവില്‍ 29 പന്തില്‍ 12 റണ്‍സുമായി അക്‌സര്‍ പട്ടേലും 35 പന്തില്‍ 27 റണ്‍സുമായി ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.

ന്യൂസിലാന്‍ഡ് പ്ലെയിങ് ഇലവന്‍

രചിന്‍ രവീന്ദ്ര, വില്‍ യങ്, കെയ്ന്‍ വില്യംസണ്‍, ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‌റി, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്.

Content Highlight: ICC Champions Trophy 2025: Rohit Sharma need win against New Zealand to shatter his own record of most consecutive wins by an Indian captain in ICC matches

We use cookies to give you the best possible experience. Learn more