| Thursday, 20th February 2025, 2:23 pm

ചാമ്പ്യന്‍സ് ട്രോഫി: ഇന്ന് തകരുന്ന റെക്കോഡുകള്‍, നേടാനുറച്ച് വിരാടും രോഹിത്തും ഷമിയും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ അഭിമാന കിരീടം ഒരിക്കല്‍ക്കൂടി ശിരസിലണിയുക എന്ന ലക്ഷ്യത്തോടെയാണ് രോഹിത്തും സംഘവും ദുബായിലേക്ക് പറന്നിരിക്കുന്നത്.

ബംഗ്ലാദേശാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ള ആദ്യ കടമ്പ. രോഹിത്തും ജഡ്ഡുവും ഹര്‍ദിക്കും അടക്കമുള്ള സൂപ്പര്‍ താരങ്ങള്‍ ഫോമിലാണ് എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്. ബുംറയുടെ അഭാവം അര്‍ഷ്ദീപും ഷമിയും ചേര്‍ന്ന് മറികടക്കുമെന്നും ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു.

ഈ മത്സരത്തില്‍ പല ചരിത്ര റെക്കോഡുകളും കുറിക്കപ്പെടും. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോഹ്‌ലി, സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവരാണ് കരിയര്‍ തിരുത്തിയെഴുതാന്‍ പോന്ന റെക്കോഡിലേക്ക് കണ്ണുവെക്കുന്നത്.

വിരാട് കോഹ്‌ലി

ഏകദിന ഫോര്‍മാറ്റില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടമാണ് വിരാട് കോഹ്‌ലിക്ക് മുമ്പിലുള്ള പ്രധാന ലക്ഷ്യം. 13,963 റണ്‍സാണ് ഏകദിനത്തില്‍ വിരാടിന്റെ സമ്പാദ്യം. ടൂര്‍ണമെന്റില്‍ 37 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ ചരിത്ര റെക്കോഡില്‍ ഇടം നേടാന്‍ വിരാടിന് സാധിക്കും.

ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറിനും റിക്കി പോണ്ടിങ്ങിനും മാത്രമാണ് ഇതുവരെ ഏകദിനത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 350 ഇന്നിങ്സില്‍ നിന്നും 14,000 റണ്‍സ് മാര്‍ക്ക് പിന്നിട്ടപ്പോള്‍ 378ാം ഇന്നിങ്സിലാണ് പോണ്ടിങ് ഈ നാഴികക്കല്ലിലെത്തിയത്.

ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും സ്വന്തമാക്കാം. അടുത്ത 52 മത്സരത്തില്‍ നിന്നും 27 റണ്‍സ് കണ്ടെത്തിയാല്‍ പോലും സച്ചിനെ വെട്ടാന്‍ വിരാടിന് സാധിക്കും.

രോഹിത് ശര്‍മ

എണ്ണിയാല്‍ തീരാത്ത റെക്കോഡുകളാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്ക് മുമ്പിലുള്ളത്. ഏകദിനത്തിലെ 11,000 റണ്‍സ് മാര്‍ക്കാണ് ഇതിലാദ്യം. നിലവില്‍ 10,988 റണ്‍സാണ് രോഹിത്തിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുന്നത്.

വെറും 12 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഏകദിന ഫോര്‍മാറ്റില്‍ 11,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന പത്താമത് താരമെന്ന നേട്ടവും സച്ചിനും വിരാടിനും ഗാംഗുലിക്കും ശേഷം ഈ നേട്ടത്തിലെത്തുന്ന നാലാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും രോഹിത്തിന് സ്വന്തമാകും.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറിയില്‍ ഹാഫ് സെഞ്ച്വറി പൂര്‍ത്തിയാക്കാനുള്ള അവസരവും രോഹിത്തിന് മുമ്പിലുണ്ട്. ഇതിന് വേണ്ടതാകട്ടെ വെറും ഒറ്റ സെഞ്ച്വറിയും!

ടെസ്റ്റ് കരിയറില്‍ 32 സെഞ്ച്വറിയും ഏകദിനത്തില്‍ നിന്നും ടി-20യില്‍ നിന്നും യഥാക്രമം 12ഉം അഞ്ചും സെഞ്ച്വറികളുമായി 49 അന്താരാഷ്ട്ര സെഞ്ച്വറികളാണ് നിലവില്‍ ഇന്ത്യന്‍ നായകന്‍ അടിച്ചെടുത്തത്.

ക്രിക്കറ്റ് ചരിത്രത്തില്‍ വെറും ഒമ്പത് താരങ്ങള്‍മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50 സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇവര്‍ക്കൊപ്പം ഇടം നേടാനുള്ള ഒരുക്കത്തിലാണ് ഹിറ്റ്മാന്‍.

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (100), വിരാട് കോഹ്‌ലി (81), റിക്കി പോണ്ടിങ് (71), കുമാര്‍ സംഗക്കാര (63), ജാക് കാല്ലിസ് (62), ഹാഷിം അംല (55), മഹേല ജയവര്‍ധനെ (54), ബ്രയാന്‍ ലാറ (53), ജോ റൂട്ട് (52) എന്നിവര്‍ മാത്രമാണ് ഇതുവരെ 50 അന്താരാഷ്ട്ര സെഞ്ച്വറി നേടിയത്.

ഇതിനൊപ്പം ന്യൂട്രല്‍ വേദികളില്‍ 2,500 റണ്‍സ് എന്നതാണ് രോഹിത് ലക്ഷ്യമിടുന്ന മറ്റൊരു റെക്കോഡ്. ന്യൂട്രല്‍ വേദികളില്‍ 52.56 ശരാശരിയില്‍ 2,418 റണ്‍സ് രോഹിത് സ്വന്തമാക്കിയിട്ടുണ്ട്. എട്ട് സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും ഇത്തരം വേദികളില്‍ നിന്നായി രോഹിത് നേടിയിട്ടുണ്ട്.

ഓപ്പണറുടെ റോളില്‍ 9,000 റണ്‍സ് എന്ന റെക്കോഡാണ് അടുത്തത്. ഇതിനോടകം തന്നെ 8,958 റണ്‍സ് ഓപ്പണറുടെ കുപ്പായത്തില്‍ നേടിയ രോഹിത്തിന് 42 റണ്‍സ് കൂടിയാണ് ഈ നാഴികക്കല്ലിലെത്താന്‍ ആവശ്യമുള്ളത്.

മുഹമ്മദ് ഷമി

സെഞ്ച്വറിയില്‍ അര്‍ധ സെഞ്ച്വറിയടിക്കാന്‍ രോഹിത് ശര്‍മയൊരുങ്ങുമ്പോള്‍ ഏകദിനത്തില്‍ വിക്കറ്റ് വീഴ്ത്തി ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കാനാണ് ഇന്ത്യന്‍ പേസ് നിരയുടെ കുന്തമുനയായ മുഹമ്മദ് ഷമി തയ്യാറെടുക്കുന്നത്. ഈ റെക്കോഡിലേക്ക് വെറും മൂന്ന് വിക്കറ്റിന്റെ മാത്രം കുറവാണ് മുഹമ്മദ് ഷമിക്കുള്ളത്.

102 ഇന്നിങ്സില്‍ നിന്നും 23.96 ശരാശരിയിലും 25.7 സ്ട്രൈക്ക് റേറ്റിലും 197 വിക്കറ്റാണ് ഷമി നേടിയത്. 2023 ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ നേടിയ 7/57 ആണ് മികച്ച പ്രകടനം.

Content Highlight: ICC Champions Trophy 2025: Records can be broken by Indian players in IND vs BAN match

We use cookies to give you the best possible experience. Learn more