| Tuesday, 4th March 2025, 7:25 pm

മികച്ച തീരുമാനം, അവനെ ടീമിലുള്‍പ്പെടുത്തിയത് ചൂതാട്ടമായി ഞാന്‍ കാണുന്നില്ല; പ്രശംസയുമായി അശ്വിന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയും ഓസ്ട്രേലിയയും ആദ്യ സെമി ഫൈനല്‍ മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ സ്റ്റീവ് സ്മിത്തിന്റേയും അലക്‌സ് കാരിയുടെയും അര്‍ധ സെഞ്ച്വറിയുടെ കരുത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്.

ന്യൂസിലാന്‍ഡിനെതിരെ കളിച്ച അതേ ടീമാണ് ഇന്ത്യയ്ക്കായി സെമി ഫൈനലില്‍ കളത്തിലിറങ്ങിയത്. ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ അവസരം കിട്ടാതിരുന്ന വരുണ്‍ ന്യൂസിലാന്‍ഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയാണ് ടീമില്‍ സ്ഥാനം ഉറപ്പിച്ചത്.

ന്യൂസിലാന്‍ഡിനെതിരെയുള്ള വരുണിന്റെ പ്രകടനത്തെ മുന്‍ താരങ്ങളും ക്രിക്കറ്റ് നിരീക്ഷകരും പ്രശംസിച്ചിരുന്നു. ഇപ്പോള്‍ വരുണിനെയും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തെയും പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ മാസ്റ്റര്‍ രവിചന്ദ്രന്‍ അശ്വിന്‍. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിന്‍ വരുണിന്റെ പ്രകടനത്തെ കുറിച്ച് സംസാരിച്ചത്.

വരുണിനെ കളിപ്പിക്കുന്നത് ചൂതാട്ടമായി താന്‍ കാണുന്നില്ലെന്നും അവന്റെ ബോളുകള്‍ എതിരാളികള്‍ക്ക് മനസിലാക്കാന്‍ ബുദ്ധിമുട്ടാണെന്നും അശ്വിന്‍ അഭിപ്രായപ്പെട്ടു.

‘വരുണിനെ കളിപ്പിക്കുന്നത് ഒരു ചൂതാട്ടമായി ഞാന്‍ കാണുന്നില്ല. എതിരാളികള്‍ക്ക് അവന്റെ ബോളുകളെ മനസിലാക്കാന്‍ കഴിയുന്നില്ല. അവന്‍ ഔട്ട്‌സൈഡ് എഡ്ജില്‍ പന്തെറിഞ്ഞ് ബാറ്റര്‍മാരെ കബളിപ്പിക്കുന്നില്ലെങ്കിലും അവനെതിരെ റണ്‍സ് കണ്ടെത്താന്‍ അവര്‍ (ബാറ്റര്‍മാര്‍) ബുദ്ധിമുട്ടുന്നു. എന്താണ് അവനെ ഇത്ര ഫലപ്രദമാക്കുന്നത്? അവന്റെ പന്തുകളുടെ നിയന്ത്രണം അസാധാരണമാണ്,’ അശ്വിന്‍ പറഞ്ഞു.

കൂടാതെ ന്യൂസിലാന്‍ഡ് ബാറ്റര്‍ ഡാരല്‍ മിച്ചലിനെതിരെ വരുണിനെ കൊണ്ടുവന്നത് നല്ല നീക്കമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു. വരുണിനെ ഉപയോഗിച്ച് ഇന്ത്യ അവരുടെ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കിയെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘ഡാരല്‍ മിച്ചലിനെതിരെ വരുണ്‍ ചക്രവര്‍ത്തിയെ കൊണ്ടുവന്നത് നല്ല നീക്കമായിരുന്നു. അവന്റെ ബോളുകള്‍ മിച്ചലിനെ കട്ട് ചെയ്യാനോ സ്വീപ് ചെയ്യാനോ അനുവദിച്ചില്ല. ഫീല്‍ഡേഴ്‌സിനെ കൃത്യമായ സ്ഥാനങ്ങളില്‍ നിര്‍ത്തിക്കൊണ്ട് റണ്‍സ് കണ്ടെത്താനുള്ള എല്ലാ വഴികളും പരിമിതപ്പെടുത്തി ഇന്ത്യ അവരുടെ പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കി.’ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

സെമി ഫൈനല്‍ മത്സരത്തില്‍ പത്ത് ഓവറുകള്‍ എറിഞ്ഞ വരുണ്‍ ചക്രവര്‍ത്തി മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. 49 റണ്‍സ് വിട്ടു നല്‍കി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട് താരം. 39 റണ്‍സെടുത്ത ട്രാവിസ് ഹെഡ്ഡിനെയും ബെന്‍ ഡ്വാര്‍ഷിയസിനെയുമാണ് വരുണ്‍ പുറത്താക്കിയത്.

Content Highlight: ICC Champions Trophy 2025: R Ashwin about Varun Chakravarthy’s inclusion

We use cookies to give you the best possible experience. Learn more