ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ തകര്‍പ്പന്‍ വിജയവുമായി ന്യൂസിലാന്‍ഡ്. റാവല്‍പിണ്ടിയില്‍ നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം.
ബംഗ്ലാദേശ് ഉയര്‍ത്തിയ 237 റണ്‍സിന്റെ വിജയലക്ഷ്യം രചിന്‍ രവീന്ദ്രയുടെ സെഞ്ച്വറിയുടെയും ടോം ലാഥമിന്റെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ബ്ലാക് ക്യാപ്‌സ് മറികടന്നു.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയ്‌ക്കൊപ്പം സെമി ഫൈനലില്‍ പ്രവേശിക്കാനും ന്യൂസിലാന്‍ഡിനായി. ഇരു ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിരിക്കുകയാണ്.
മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 236 റണ്‍സ് നേടി.
ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് പൊരുതാവുന്ന സ്‌കോറിലെത്തിയത്. 110 പന്ത് നേരിട്ട താരം 77 റണ്‍സ് നേടിയാണ് മടങ്ങിയത്.
ഇന്ത്യയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ജാക്കിര്‍ അലി കിവികള്‍ക്കെതിരെയും മോശമല്ലാത്ത പ്രകടനം പുറത്തെടുത്തു. 55 പന്തില്‍ 45 റണ്‍സുമായി അലി പുറത്തായി.
റിഷാദ് ഹൊസൈന്‍ (25 പന്തില്‍ 26), തന്‍സിദ് ഹസന്‍ (24 പന്തില്‍ 24) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ ചെറുത്തുനിന്ന മറ്റ് താരങ്ങള്‍.
ആദ്യ മത്സരത്തില്‍ ടീമിനൊപ്പമില്ലാതിരുന്ന ബംഗ്ലാ ലെജന്‍ഡ് മഹ്‌മദുള്ളയുടെ സാന്നിധ്യം ടീമിനെ തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും താരത്തിന് തിളങ്ങാന്‍ സാധിച്ചില്ല. നാല് റണ്‍സടിച്ചാണ് മഹ്‌മദുള്ള പുറത്തായത്.
ഇന്ത്യയ്‌ക്കെതിരെ പൂജ്യത്തിന് പുറത്തായ മുഷ്ഫിഖര്‍ റഹീം ഇത്തവണയും നിരാശപ്പെടുത്തി. രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. തൗഹിദ് ഹൃദോയ് ഏഴ് റണ്‍സും നേടി മടങ്ങി.
ന്യൂസിലാന്‍ഡിനായി മൈക്കല്‍ ബ്രേസ്വെല്‍ നാല് വിക്കറ്റ് വീഴ്ത്തി. വില്‍ ഒ റൂര്‍ക് രണ്ട് ബംഗ്ലാ വിക്കറ്റുകള്‍ പിഴുതെറിഞ്ഞപ്പോള്‍ കൈല്‍ ജാമൈസണും മാറ്റ് ഹെന്‌റിയും ഓരോ ബംഗ്ലാ താരങ്ങളെ വീതം പവലിയനിലേക്ക് മടക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് തുടക്കത്തില്‍ തിരിച്ചടിയേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് റണ്‍സ് കയറും മുമ്പ് തന്നെ വില്‍ യങ്ങിനെ ടീമിന് നഷ്ടമായി. ആദ്യ ഓവറിലെ അവസാന പന്തില്‍ താസ്‌കിന്‍ അഹമ്മദിന് വിക്കറ്റ് നല്‍കിയാണ് താരം മടങ്ങിയത്.
ടീം സ്‌കോര്‍ 15ല്‍ നില്‍ക്കവെ കെയ്ന്‍ വില്യംസണും പുറത്തായി. അഞ്ച് റണ്‍സാണ് മുന്‍ നായകന് നേടാന്‍ സാധിച്ചത്.
പിന്നാലെയെത്തിയ രചിന്‍ രവീന്ദ്ര ഡെവോണ്‍ കോണ്‍വേയെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇവര്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്.
ടീം സ്‌കോര്‍ 72ല്‍ നില്‍ക്കവെയാണ് കോണ്‍വേയുടെ വിക്കറ്റ് നഷ്ടമാകുന്നത്. 45 പന്തില്‍ 30 റണ്‍സുമായി നില്‍ക്കവെ മുസ്തഫിസുര്‍ റഹ്‌മാന് വിക്കറ്റ് നല്‍കി താരം തിരിച്ചുനടന്നു.
പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ടോം ലാഥമിനെ ഒപ്പം കൂട്ടി രചിന്‍ രവീന്ദ്ര ബംഗ്ലാ കടുവകളെ ആക്രമിച്ചുകൊണ്ടേയിരുന്നു. നാലാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെയ്യുമായി ഇരുവരും ടോട്ടല്‍ സ്‌കോര്‍ 200 കടത്തി.
201ല്‍ നില്‍ക്കവെ 105 പന്തില്‍ 112 റണ്‍സടിച്ച രചിന്‍ രവീന്ദ്ര പുറത്തായി. 12 ഫോറും ഒരു സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. റിഷാദ് ഹൊസൈനാണ് വിക്കറ്റ് നേടിയത്.
അധികം വൈകാതെ ലാഥവും പുറത്തായി. മഹ്‌മദുള്ളയുടെ ഡയറക്ട് ഹിറ്റില്‍ റണ്‍ ഔട്ടായി മടങ്ങും മുമ്പേ താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 76 പന്തില്‍ 55 റണ്‍സാണ് താരം നേടിയത്.
ശേഷമെത്തിയ ഗ്ലെന്‍ ഫിലിപ്‌സും മൈക്കല്‍ ബ്രേസ്വെല്ലും ചേര്‍ന്ന് കിവീകളെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ബംഗ്ലാദേശിനായി താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, നാഹിദ് റാണ, റിഷാദ് ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട ബംഗ്ലാദേശിന്റെ ചാമ്പ്യന്‍സ് ട്രോഫി മോഹങ്ങളും ഇതോടെ അവസാനിച്ചു. ബംഗ്ലാദേശ് മാത്രമല്ല, ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ട ആതിഥേയര്‍ക്കും പുറത്തേക്കുള്ള വഴി തുറന്നു. ഈ മത്സരത്തില്‍ ബംഗ്ലാദേശിന് വിജയിക്കാന്‍ സാധിച്ചാല്‍ മാത്രമേ പാകിസ്ഥാന് നേരിയ സാധ്യതകളുണ്ടായിരുന്നത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇരുവരും പരസ്പരമേറ്റുമുട്ടും. ഫെബ്രുവരി 27നാണ് ബംഗ്ലാദേശ് – പാകിസ്ഥാന്‍ പോരാട്ടം. റാവല്‍പിണ്ടിയാണ് വേദി. മുഖം രക്ഷിക്കാന്‍ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുവരും കളത്തിലിറങ്ങുക.
അതേസമയം, മാര്‍ച്ച് രണ്ടിന് ന്യൂസിലാന്‍ഡും തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കും. ദുബായില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യയാണ് എതിരാളികള്‍.
Content Highlight: ICC Champions Trophy 2025: NZ vs BAN: New Zealand defeated Bangladesh