ചിറകില്ലെങ്കിലും തങ്ങള്‍ക്ക് പറക്കാന്‍ സാധിക്കുമെന്ന് കിവികള്‍ തെളിയിക്കുന്നതായിരുന്നു ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ – ന്യൂസിലാന്‍ഡ് ഗ്രൂപ്പ് എ മത്സരത്തിലെ ചില നിമിഷങ്ങള്‍. ഒരു ക്രിക്കറ്റ് ആരാധകന് എത്ര തവണ വേണമെങ്കിലും ലൂപ്പില്‍ കാണാന്‍ സാധിക്കുന്ന തരത്തിലുള്ള ഫീല്‍ഡിങ് പ്രകടനങ്ങളായിരുന്നു ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ കാഴ്ചകള്‍.
ഫീല്‍ഡര്‍മാരുടെ കരുത്തിലാണ് കിവീസ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സാണ് ഇന്ത്യ നേടിയത്.
ഇന്ത്യന്‍ നിരയില്‍ ആകെ വീണ ഒമ്പത് വിക്കറ്റില്‍ എട്ട് വിക്കറ്റുകളും ഫീല്‍ഡര്‍മാരുടെ മികച്ച പ്രകടനങ്ങളിലൂടെയാണ് പിറവിയെടുത്തത്.
ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും ബ്ലാക് ക്യാപ്‌സിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഏറ്റവുമധികം ഫീല്‍ഡിങ് ഡിസ്മിസ്സലുകള്‍ നേടുന്ന ടീം എന്ന നേട്ടമാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. ഇന്ത്യയെ പിന്തള്ളിയാണ് കിവികള്‍ ഈ നേട്ടത്തില്‍ ഒന്നാമതെത്തിയത്.
ഇത്തരത്തില്‍ 116 ഡിസ്മിസ്സലുകളാണ് ന്യൂസിലാന്‍ഡിന്റെ പേരിലുള്ളത്. 114 ഡിസ്മിസ്സലുകളുമായി ഇന്ത്യ രണ്ടാമതും സൗത്ത് ആഫ്രിക്ക മൂന്നാമതുമാണ്.
അതേസമയം, ഏകദിനത്തില്‍ തുടര്‍ച്ചയായ 13ാം തവണയും ടോസ് നഷ്ടപ്പെട്ട ഇന്ത്യ ഈ മത്സരത്തില്‍ ആദ്യം ബാറ്റിങ്ങിനിറങ്ങി. ഇന്ത്യയുടെ തുടക്കം പാളിയെങ്കിലും മിഡില്‍ ഓര്‍ഡറില്‍ ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളാണ് മികച്ച സ്‌കോറിലെത്തിച്ചത്.
ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ കിവികള്‍ പിഴുതെറിഞ്ഞിരുന്നു. ശുഭ്മന്‍ ഗില്‍ (ഏഴ് പന്തില്‍ രണ്ട്), രോഹിത് ശര്‍മ (17 പന്തില്‍ 15), വിരാട് കോഹ്‌ലി (14 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യമേ നഷ്ടപ്പെട്ടത്.
എന്നാല്‍ നാലാം വിക്കറ്റില്‍ അക്‌സര്‍ പട്ടേലും ശ്രേയസ് അയ്യരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 98 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം സ്‌കോര്‍ 128ല്‍ നില്‍ക്കവെ അക്‌സര്‍ പട്ടേലിനെ പുറത്താക്കി രചിന്‍ രവീന്ദ്രയാണ് കിവികള്‍ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 61 പന്ത് നേരിട്ട് 42 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ കെ.എല്‍. രാഹുലിനെ ഒപ്പം കൂട്ടി അയ്യര്‍ വീണ്ടും സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ടീം സ്‌കോര്‍ 172ല്‍ നില്‍ക്കവെ ശ്രേയസിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 98 പന്തില്‍ 79 റണ്‍സാണ് താരം അടിച്ചെടുത്തത്.
182ല്‍ നില്‍ക്കവെ 23 റണ്‍സ് നേടിയ കെ.എല്‍. രാഹുലിനെയും കിവികള്‍ മടക്കിയയച്ചു.
ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യയാണ് ശേഷം ചെറുത്തുനിന്നത്. 45 പന്ത് നേരിട്ട് നാല് ഫോറിന്റെയും രണ്ട് സിക്‌സറിന്റെയും അകമ്പടിയോടെ 45 റണ്‍സാണ് താരം നേടിയത്. രവീന്ദ്ര ജഡേജ 20 പന്തില്‍ 16 റണ്‍സ് നേടിയും പുറത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ 249 റണ്‍സാണ് ഇന്ത്യ നേടിയത്.
കിവീകള്‍ക്കായി മാറ്റ് ഹെന്‌റി അഞ്ച് വിക്കറ്റ് നേടി. കൈല്‍ ജാമൈസണ്‍, മിച്ചല്‍ സാന്റ്‌നര്‍, രചിന്‍ രവീന്ദ്ര, വില്‍ ഒ റൂര്‍ക് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
Content Highlight: ICC Champions Trophy 2025: New Zealand surpassed India in most fielding dismissals in CT