ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇനി ബാക്കിയുള്ളത് സെമി ഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍ മാത്രമാണ്. മാര്‍ച്ച് നാലിന് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തോടെയാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്.
ഈ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ചീഫ് സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്.
ഓസ്‌ട്രേലിയയുടെ ബൗളിങ് നിരയിപ്പോള്‍ ദുര്‍ബലമാണെന്നും എന്നാല്‍ ഇന്ത്യയുടെ സ്പിന്നേഴ്‌സ് മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിപ്രായം പങ്കുവെച്ചത്.
‘ഇന്ത്യ തീര്‍ച്ചയായും ഓസ്ട്രേലിയയെ തോല്‍പ്പിക്കും. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്ട്രേലിയയുടെ ബൗളിങ് നിര വളരെ ദുര്‍ബലമാണ്. അതേസമയം ഇന്ത്യന്‍ സ്പിന്നേഴ്സിന്റെ പ്രകടനം മികച്ചതാണ്. അതുകൊണ്ടാണ് എനിക്ക് ഓസ്ട്രേലിയക്കെതിരെ ഇന്ത്യ ജയിക്കുമെന്ന് തോന്നുന്നത്,’ ശ്രീകാന്ത് പറഞ്ഞു.
സെമി ഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ മാറ്റങ്ങളൊന്നുമില്ലാതെ കളത്തിലിറങ്ങണമെന്ന് അഭിപ്രായപ്പെട്ടു.
നാല് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് നല്ല ആശയമാണെന്നും മുന്‍ താരം പറഞ്ഞു. ഓസ്ട്രേലിയക്ക് നല്ല ബാറ്റിങ് നിരയുണ്ടെങ്കിലും വരുണ്‍ അവര്‍ക്ക് വെല്ലുവിളി ഉയര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഹര്‍ഷിത് റാണയെ എന്തിനാണ് നിങ്ങള്‍ക്ക് ആവശ്യമെന്ന് എനിക്ക് മനസിലാവുന്നില്ല. കുല്‍ദീപ് യാദവിനും വരുണ്‍ ചക്രവര്‍ത്തിക്കും എന്താണ് കുഴപ്പം. നാല് സ്പിന്നര്‍മാരെ കളിപ്പിക്കുന്നത് മികച്ച ആശയമാണ്. എതിരാളിക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല.
ഓസ്ട്രേലിയക്ക് നല്ല ബാറ്റിങ് നിരയുണ്ട്. പക്ഷേ, അവര്‍ പോലും ഇന്ത്യന്‍ ബൗളിങ് യൂണിറ്റിനെതിരെ ബുദ്ധിമുട്ടും. വരുണ്‍ ഓസ്‌ട്രേലിയക്ക് വെല്ലുവിളിയുയര്‍ത്തും,’ ശ്രീകാന്ത് പറഞ്ഞു.
ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരുമായാണ് ഇറങ്ങിയത്. ഹര്‍ഷിത് റാണക്ക് പകരക്കാരനായി സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ഇലവനില്‍ ഇടം നേടിയിരുന്നു. പത്ത് ഓവറില്‍ 42 റണ്‍സ് മാത്രം വിട്ടു നല്‍കി അഞ്ച് വിക്കറ്റാണ് വരുണ്‍ ചക്രവര്‍ത്തി വീഴ്ത്തിയത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും താരം കരസ്ഥമാക്കിയിരുന്നു.
Content Highlight: ICC Champions Trophy 2025: Kris Srikkanth predicts India will win against Australia in semi finial