ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണായക പങ്കുവഹിച്ച ഹര്‍ദിക് പാണ്ഡ്യയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിരണ്‍ മോറെ. പാകിസ്ഥാനും ന്യൂസിലാന്‍ഡിനുമെതിരായ മത്സരങ്ങളില്‍ താരത്തിന്റെ പ്രകടനം ഏറെ മികച്ചുനിന്നെന്നും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായെന്നും മോറെ അഭിപ്രായപ്പെട്ടു.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരാക്കുകയായിരുന്നു മോറെ.
കിരണ്‍ മോറെ
‘എനിക്ക് തോന്നുന്നത് പാകിസ്ഥാനും ന്യൂസിലാന്‍ഡിനുമെതിരായ മത്സരത്തില്‍ അവന്റെ പ്രകടനം ഏറെ നിര്‍ണായകമായിരുന്നു എന്ന് തന്നെയാണ്. അവന്‍ ചില മികച്ച ഷോട്ടുകള്‍ കളിച്ചു, ബ്രേക് ത്രൂകള്‍ സമ്മാനിക്കുകയും ചെയ്തു,’ മോറെ പറഞ്ഞു.
ഹര്‍ദിക് പാണ്ഡ്യയേക്കാള്‍ റണ്‍സ് നേടിയ താരങ്ങളും വിക്കറ്റ് വീഴ്ത്തിയ താരങ്ങളുമുണ്ടെങ്കിലും ഇത്രത്തോളം ഇംപാക്ട് ഉണ്ടാക്കിയ താരങ്ങള്‍ മറ്റാരുമുണ്ടായിരുന്നില്ല.
പാകിസ്ഥാനെതിരായ മത്സരത്തില്‍ ബാബര്‍ അസമിന്റെയും ക്രീസില്‍ നിലയുറപ്പിച്ച സൗദ് ഷക്കീലിന്റെയും വിക്കറ്റ് നേടിയ താരം എട്ട് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുമായാണ് മത്സരം അവസാനിപ്പിച്ചത്. ന്യൂസിലാന്‍ഡിനെതിരെ 45 പന്തില്‍ 45 റണ്‍സുമായും പന്തെറിഞ്ഞ് രചിന്‍ രവീന്ദ്രയുടെ വിക്കറ്റ് വീഴ്ത്തിയും തിളങ്ങി.
സെമി ഫൈനലില്‍ ടീമിനാവശ്യമായ സമയത്ത് മികച്ച പ്രകടനവുമായി ഹര്‍ദിക് തിളങ്ങി. ഒന്നിന് പിന്നാലെ ഒന്നായി സിക്‌സറടിച്ച് 28 റണ്‍സുമായാണ് താരം മടങ്ങിയത്.
ഹര്‍ദിക്കിന് ആരോടും ഒരു തരത്തിലുമുള്ള വിരോധമില്ലെന്നും എല്ലാം മറക്കാനും പൊറുക്കാനും കഴിയുന്ന താരമാണെന്നും മോറെ പറഞ്ഞു.
‘അവനൊരു ലയണ്‍ ഹാര്‍ട്ടഡ് ക്രിക്കറ്റാണ്. കഴിഞ്ഞ ആറ് – ഏഴ് മാസങ്ങളായി അവന്‍ ക്രിക്കറ്റ് ആസ്വദിക്കുകയാണെന്ന് വ്യക്തമാണ്. അവന്‍ ആരോടും വിരോധമോ പകയോ ഒന്നും വെച്ചുപുലര്‍ത്താറില്ല. അവന്‍ എല്ലാം പൊറുക്കും മറക്കും,’ മോറെ കൂട്ടിച്ചേര്‍ത്തു.
2024 ടി-20 ലോകകപ്പിന് പിന്നാലെ രോഹിത് ശര്‍മ കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ ഹര്‍ദിക് ക്യാപ്റ്റനായി ചുമതലയേല്‍ക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ബി.സി.സി.ഐ സൂര്യകുമാര്‍ യാദവിനാണ് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. ഏകദിനത്തില്‍ വൈസ് ക്യാപ്റ്റനായി പരിഗണിക്കുമെന്ന് കരുതിയെങ്കിലും അവിടെയും താരം തഴയപ്പെട്ടു. ശുഭ്മന്‍ ഗില്ലിനെയാണ് ബി.സി.സി.ഐ പരിഗണിച്ചത്.
Content Highlight: ICC Champions Trophy 2025: Kiran More praises Hardik Pandya