ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെ വിജയവുമായി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 44 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡ് 204ന് പുറത്തായി. അഞ്ച് വിക്കറ്റുമായി തിളങ്ങിയ വരുണ്‍ ചക്രവര്‍ത്തിയുടെ കരുത്തിലാണ് ഇന്ത്യ വിജയം പിടിച്ചടക്കിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപൊത്തി.
ശുഭ്മന്‍ ഗില്‍ (ഏഴ് പന്തില്‍ രണ്ട്), രോഹിത് ശര്‍മ (17 പന്തില്‍ 15), വിരാട് കോഹ്‌ലി (14 പന്തില്‍ 11) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് ആദ്യമേ നഷ്ടപ്പെട്ടത്.
എന്നാല്‍ നാലാം വിക്കറ്റില്‍ അക്സര്‍ പട്ടേലും ശ്രേയസ് അയ്യരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 98 റണ്‍സിന്റെ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ടീം സ്‌കോര്‍ 128ല്‍ നില്‍ക്കവെ അക്സര്‍ പട്ടേലിനെ പുറത്താക്കി രചിന്‍ രവീന്ദ്രയാണ് കിവികള്‍ക്കാവശ്യമായ ബ്രേക് ത്രൂ നല്‍കിയത്. 61 പന്ത് നേരിട്ട് 42 റണ്‍സാണ് താരം നേടിയത്.
പിന്നാലെയെത്തിയ കെ.എല്‍. രാഹുലിനെ ഒപ്പം കൂട്ടി അയ്യര്‍ വീണ്ടും സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ടീം സ്‌കോര്‍ 172ല്‍ നില്‍ക്കവെ ശ്രേയസിനെയും ഇന്ത്യയ്ക്ക് നഷ്ടമായി. 98 പന്തില്‍ 79 റണ്‍സാണ് താരം അടിച്ചെടുത്തത്.
182ല്‍ നില്‍ക്കവെ 23 റണ്‍സ് നേടിയ കെ.എല്‍. രാഹുലിനെയും കിവികള്‍ മടക്കിയയച്ചു.
ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ഹര്‍ദിക് പാണ്ഡ്യയാണ് ശേഷം ചെറുത്തുനിന്നത്. 45 പന്ത് നേരിട്ട് നാല് ഫോറിന്റെയും രണ്ട് സിക്സറിന്റെയും അകമ്പടിയോടെ 45 റണ്‍സാണ് താരം നേടിയത്. രവീന്ദ്ര ജഡേജ 20 പന്തില്‍ 16 റണ്‍സ് നേടിയും പുറത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ 249 റണ്‍സാണ് ഇന്ത്യ നേടിയത്.
കിവികള്‍ക്കായി മാറ്റ് ഹെന്റി അഞ്ച് വിക്കറ്റ് നേടി. കൈല്‍ ജാമൈസണ്‍, മിച്ചല്‍ സാന്റ്നര്‍, രചിന്‍ രവീന്ദ്ര, വില്‍ ഒ റൂര്‍ക് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് രചിന്‍ രവീന്ദ്രയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. ആറ് റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
വണ്‍ ഡൗണായെത്തിയ മുന്‍ നായകന്‍ കെയ്ന്‍ വില്യംസണിന്റെ ചെറുത്തുനില്‍പ്പില്‍ ന്യൂസിലാന്‍ഡ് സ്‌കോര്‍ ബോര്‍ഡ് വീണ്ടും ചലിച്ചുതുടങ്ങി. വില്‍ യങ്, ഡാരില്‍ മിച്ചല്‍, ടോ ലാഥം, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങിയവരെ ഒപ്പം കൂട്ടി വലുതും ചെറുതുമായ പാര്‍ട്ണര്‍ഷിപ്പുകള്‍ വില്യംസണ്‍ കെട്ടിപ്പൊക്കി.
ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തുമ്പോള്‍ മറുവശത്ത് വില്യംസണ്‍ ചെറുത്തുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 169ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി വില്യംസണ്‍ മടങ്ങി. 120 പന്ത് നേരിട്ട് 81 റണ്‍സാണ് താരം സ്വന്തമാക്കിയത്.
വില്യംസണ്‍ പുറത്തായതിന് പിന്നാലെ മിച്ചല്‍ സാന്റ്‌നറിന്റെ പ്രകടനമൊഴിച്ചാല്‍ കാര്യമായ ചെറുത്തുനില്‍പ്പുകള്‍ കിവീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 31 പന്തില്‍ 28 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
ഒടുവില്‍ 205ന് ടീം പുറത്തായി.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.
ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകാനും ഇന്ത്യയ്ക്കായി. സെമി ഫൈനലില്‍ ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ ഓസ്‌ട്രേലിയയെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്.
Content Highlight: ICC Champions Trophy 2025: India defeated New Zealand