| Sunday, 23rd February 2025, 9:25 pm

പാകിസ്ഥാന്റെ ദുഃസ്വപ്‌നങ്ങളില്‍ വിരാട് ചിരിക്കുന്നു; പച്ചപ്പടയ്‌ക്കെതിരെ വീണ്ടും ചരിത്രമെഴുതി കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ വിജയത്തിലേക്ക് നടന്നടുക്കുകയാണ് ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെയും വിജയിച്ച് സെമി ഫൈനല്‍ സാധ്യതകള്‍ ഉറപ്പിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ വിരാട് കോഹ്‌ലിയുടെ കരുത്തില്‍ മറികടക്കാനൊരുങ്ങുകയാണ്.

നിരവധി റെക്കോഡുകളുമായി വിരാട് കോഹ്‌ലി കളം നിറഞ്ഞാടിയ മത്സരത്തിനാണ് ആരാധകര്‍ സാക്ഷ്യം വഹിക്കുന്നത്. പാകിസ്ഥാനെതിരെ വീണ്ടും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് മറ്റൊരു റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ്.

ഐ.സി.സി ഏകദിന ഇവന്റുകളില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് വിരാട് സ്വന്തമാക്കിയത്.

ഇത് നാലാം തവണയാണ് വിരാടിന്റെ ബാറ്റ് പാകിസ്ഥാനെതിരെ 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്.

ഐ.സി.സി ഒ.ഡി.ഐ ഇവന്റുകളില്‍ ഏറ്റവുമധികം 50+ സ്‌കോര്‍ നേടിയ ഇന്ത്യന്‍ താരം

(താരം – എത്ര തവണ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – 4*

രാഹുല്‍ ദ്രാവിഡ് – 3

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 3

രോഹിത് ശര്‍മ – 3

ഇതിന് പുറമെ ഐ.സി.സി ഇവന്റുകളില്‍ (ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, ടി-20 ലോകകപ്പ്) പാകിസ്ഥാനെതിരെ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ തന്റെ ആധിപത്യം തുടരുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍.

ഇത് എട്ടാം തവണയാണ് ഐ.സി.സി ഇവന്റുകളില്‍ വിരാട് 50+ സ്‌കോര്‍ സ്വന്തമാക്കുന്നത്.

ഐ.സി.സി ഇവന്റുകളില്‍ പാകിസ്ഥാനെതിരെ ഏറ്റവുമധികം തവണ 50+ സ്‌കോര്‍ നേടിയ താരങ്ങള്‍

(താരം – ടീം – എത്ര തവണ എന്നീ ക്രമത്തില്‍)

വിരാട് കോഹ്‌ലി – ഇന്ത്യ – 8*

സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് – വെസ്റ്റ് ഇന്‍ഡീസ് – 3

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 3
രാഹുല്‍ ദ്രാവിഡ് – ഇന്ത്യ – 3

മൈക്കല്‍ ഹസി – ഓസ്‌ട്രേലിയ – 3

രോഹിത് ശര്‍മ – ഇന്ത്യ – 3

ഷാകിബ് അല്‍ ഹസന്‍ – ബംഗ്ലാദേശ് – 3

അതേസമയം, മത്സരം 35 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 189ന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 87 പന്തില്‍ 71 റണ്‍സുമായി വിരാട് കോഹ്‌ലി ബാറ്റിങ് തുടരുകയാണ്. 56 പന്ത് നേരിട്ട് 48 റണ്‍സുമായാണ് ശ്രേയസ് അയ്യര്‍ വിരാടിന് പിന്തുണ നല്‍കുന്നത്.

Content highlight: ICC Champions Trophy 2025: IND vs PAK:  Virat Kohli tops the list of most 50+ runs against Pakistan in ICC events

We use cookies to give you the best possible experience. Learn more