| Sunday, 23rd February 2025, 2:30 pm

മറക്കാനാഗ്രഹിക്കുന്ന രണ്ട് തോല്‍വികള്‍ക്ക് പകരം ചോദിക്കാന്‍ ഇന്ത്യ; ലോകം ഇന്ന് ദുബായിലേക്ക് ചുരുങ്ങുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് കളമൊരുങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ഇരു ടീമുകളും ടൂര്‍ണമെന്റില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ സ്വന്തം തട്ടകത്തില്‍, സ്വന്തം കാണികള്‍ക്ക് മുമ്പില്‍ പരാജയമേറ്റുവാങ്ങിയാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളത്തിലിറങ്ങുന്നത്. കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിന് ന്യൂസിലാന്‍ഡിനോടാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്.

അതേസമയം, ബംഗ്ലാദേശിനെതിരെ വിജയത്തോടെയാണ് ഇന്ത്യ ക്യാമ്പെയ്ന്‍ ആരംഭിച്ചത്.

ബംഗ്ലാദേശിനെതിരെ കളത്തിലിറങ്ങിയ അതേ ടീമിനെ തന്നെയാണ് ഇന്ത്യ പാകിസ്ഥാനെതിരെയും കളത്തിലിറക്കുന്നത്. അതേസമയം, പാകിസ്ഥാന്‍ നിരയില്‍ ഒരു പ്രധാന മാറ്റമുണ്ട്. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാം ഉള്‍ ഹഖ് പ്ലെയിങ് ഇലവന്റെ ഭാഗമാകും.

ഇമാം ഉള്‍ ഹഖ്

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതിന് മുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ പരാജയം രുചിച്ചിരുന്നു. 2017 ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.

ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം പരാജയങ്ങളിലൊന്ന് സമ്മാനിച്ചാണ് പാകിസ്ഥാന്‍ കിരീടത്തില്‍ മുത്തമിട്ടത്.

ഇതേ ഗ്രൗണ്ടില്‍ നേരത്തെ ഇകരു ടീമുകളും ഏറ്റുമുട്ടിയപ്പോഴും ഇന്ത്യ പരാജയമറിഞ്ഞിരുന്നു. 2021 ടി-20 ലോകകപ്പിന്റെ ആദ്യ ഘട്ട മത്സരത്തിലാണ് ഇരുവരും ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ത്തത്.

ഈ മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ വിജയിച്ചുകയറിയത്. മുഹമ്മദ് റിസ്വാനും ബാബര്‍ അസവും ഇന്ത്യന്‍ ബൗളര്‍മാരെ അടിച്ചൊതുക്കിയപ്പോള്‍ ഐ.സി.സി ലോകകപ്പുകളില്‍ ഇന്ത്യക്കെതിരായ പാകിസ്ഥാന്റെ ആദ്യ വിജയവും പിറന്നു.

ഈ രണ്ട് പരാജയങ്ങള്‍ക്കും മറുപടി നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.

പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്വാന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, തയ്യിബ് താഹിര്‍, ഖുഷ്ദില്‍ ഷാ, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ്.

Content Highlight: ICC Champions Trophy 2025: IND vs PAK: Pakistan won the toss and elect to bat first

We use cookies to give you the best possible experience. Learn more