| Sunday, 23rd February 2025, 7:31 pm

ഒരു ഡബിള്‍ സെഞ്ച്വറി, ഒരു ട്രിപ്പിള്‍ സെഞ്ച്വറി, രണ്ടും ഒരേ മത്സരത്തില്‍; കരിയര്‍ തിരുത്തി ഇന്ത്യയുടെ കരുത്തര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കരിയറിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവും സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും. കുല്‍ദീപ് യാദവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കിയപ്പോള്‍ കരിയറില്‍ വിക്കറ്റ് വീഴ്ത്തി ഡബിള്‍ സെഞ്ച്വറിയടിച്ചാണ് കുങ്ഫു പാണ്ഡ്യ കരിയറിലെ മറ്റൊരു നേട്ടം സ്വന്തമാക്കിയത്.

പാകിസ്ഥാനെതിരെ ആദ്യ വിക്കറ്റ് നേടിയതടെയാണ് കുല്‍ദീപ് അന്താരാഷ്ട്ര തലത്തില്‍ 300 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഏകദിനത്തില്‍ താരത്തിന്റെ 175ാം വിക്കറ്റായിരുന്നു അത്. ശേഷം മത്സരത്തില്‍ രണ്ട് പാക് താരങ്ങള്‍ക്ക് കൂടി കുല്‍ദീപ് യാദവ് പവലിയനിലേക്കുള്ള വഴി കാണിച്ചുകൊടുത്തു.

നിലവില്‍ 302 അന്താരാഷ്ട്ര വിക്കറ്റുകളാണ് താരത്തിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ 177 വിക്കറ്റ് പൂര്‍ത്തിയാക്കിയ ചൈനാമാന്‍ സ്പിന്നര്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ 56 വിക്കറ്റും അന്താരാഷ്ട്ര ടി-20യില്‍ 69 വിക്കറ്റും തന്റെ പേരിന് നേരെ കുറിച്ചു.

പാകിസ്ഥാനെതിരെ രണ്ട് വിക്കറ്റ് നേടിയതിന് പിന്നാലെയാണ് പാണ്ഡ്യയും തന്റെ കരിയര്‍ തിരുത്തിക്കുറിച്ചത്. മുന്‍ നായകന്‍ ബാബര്‍ അസവും സൗദ് ഷക്കീലുമാണ് പാണ്ഡ്യയുടെ ഇരകളായത്. ഇതില്‍ ഷക്കീലിന്റെ വിക്കറ്റ് നേടിയതിന് പിന്നാലെയാണ് പാണ്ഡ്യ ചരിത്രം കുറിച്ചത്.

ഏകദിനത്തില്‍ 89 വിക്കറ്റ് നേടിയ പാണ്ഡ്യ ടി-20യില്‍ 94 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്. ടെസ്റ്റില്‍ 17 വിക്കറ്റുകളാണ് പാണ്ഡ്യ പിഴുതെറിഞ്ഞത്.

അതേസമയം, പാകിസ്ഥാന്‍ ഉയര്‍ത്തിയ 242 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നിലവില്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റിന് 31 എന്ന നിലയിലാണ്. അഞ്ചാം ഓവറിലെ അവസാന പന്തില്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

ഷഹീന്‍ അഫ്രിദിയുടെ പന്തില്‍ ബൗള്‍ഡായാണ് രോഹിത് മടങ്ങിയത്. 15 പന്തില്‍ 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

15 പന്തില്‍ പത്ത് റണ്‍സുമായി ശുഭ്മന്‍ ഗില്ലും രോഹിത്തിന് പകരമെത്തിയ വിരാട് കോഹ്‌ലിയുമാണ് നിലവില്‍ ഇന്ത്യയ്ക്കായി ക്രീസിലുള്ളത്.

നേരത്തെ, മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 241 റണ്‍സിന് പുറത്തായിരുന്നു.

മോശമല്ലാത്ത തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന്‍ സമ്മര്‍ദത്തിലായി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്‌സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 77 പന്തില്‍ 46 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

അധികം വൈകാതെ സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. 76 പന്തില്‍ 62 റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് നേടിയത്.

39 പന്തില്‍ 38 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

ഇന്ത്യയ്ക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് വിക്കറ്റുമായി ഹര്‍ദിക് പാണ്ഡ്യ തിളങ്ങിയപ്പോള്‍ ഹര്‍ഷിത് റാണ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. രണ്ട് പാക് താരങ്ങള്‍ റണ്‍ ഔട്ടാവുകയും ചെയ്തു.

Content Highlight: ICC Champions Trophy 2025: IND vs PAK: Kuldeep Yadav and Hardik Pandya reached career milestones

We use cookies to give you the best possible experience. Learn more