ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തി ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയിലേക്ക് കടന്നിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ നോക്ക്ഔട്ടിലേക്ക് കടന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് പോയിന്റ് സ്വന്തമാക്കിയ ഏക ടീമും ഇന്ത്യ മാത്രമാണ്.
ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ 44 റണ്‍സിന്റെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 249 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവികള്‍ 205 റണ്‍സിന് പുറത്തായി.
സൂപ്പര്‍ പേസര്‍ മാറ്റ് ഹെന്‌റിയുടെ കരുത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യയെ 249 എന്ന സ്‌കോറില്‍ തടഞ്ഞുനിര്‍ത്തിയത്. എട്ട് ഓവര്‍ പന്തെറിഞ്ഞ് 42 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്.
ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരുടെ വിക്കറ്റുകളാണ് ഹെന്റി സ്വന്തമാക്കിത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിന് ഇന്ത്യ കരുതിവെച്ചത് വരുണ്‍ ചക്രവര്‍ത്തിയെന്ന വജ്രായുധത്തെയായിരുന്നു. ഹെന്‌റിയുടെ ഫൈഫറിന് ഇന്ത്യയുടെ മറുപടി ചക്രവര്‍ത്തിയിലൂടെയായിരുന്നു.
ഹെന്‌റിയെ പോലെ 42 റണ്‍സ് വഴങ്ങിയാണ് വരുണ്‍ ചക്രവര്‍ത്തിയും അഞ്ച് വിക്കറ്റ് നേടിയത്. എന്നാല്‍ തന്റെ ക്വാട്ടയായ പത്ത് ഓവറും താരം എറിഞ്ഞ് പൂര്‍ത്തിയാക്കിയിരുന്നു. ഹെന്‌റിയെക്കാള്‍ മികച്ച എക്കോണമിയിലാണ് ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ പന്തെറിഞ്ഞത്.
ഇന്ത്യന്‍ ക്യാപ്റ്റനെ ഹെന്‌റി മടക്കിയപ്പോള്‍ കിവീസ് ക്യാപ്റ്റനടക്കം അഞ്ച് പേര്‍ക്കാണ് ചക്രവര്‍ത്തി പവലിയനിലേക്ക് വഴി കാണിച്ചുകൊടുത്തത്.
വില്‍ യങ്, ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്‌റി എന്നിവരെയാണ് ചക്രവര്‍ത്തി പുറത്താക്കിയത്.
ഹെന്‌റി നേടിയ അഞ്ച് വിക്കറ്റില്‍ നാലും ഫീല്‍ഡര്‍മാരുടെ സഹായത്തോടെയായിരുന്നു. എന്നാല്‍ ചക്രവര്‍ത്തിയാകട്ടെ രണ്ട് ബൗള്‍ഡും രണ്ട് എല്‍.ബി.ഡബ്ല്യൂവുമടക്കം നാല് വിക്കറ്റുകളും ഒറ്റയ്ക്ക് സ്വന്തമാക്കി. മാറ്റ് ഹെന്‌റിയെ മാത്രമാണ് വരുണ്‍ ഫീല്‍ഡര്‍ക്ക് വിട്ടുകൊടുത്തത്.
നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ തുടക്കം പാളിയിരുന്നു. ടീം സ്‌കോര്‍ 30 കടക്കും മുമ്പ് മൂന്ന് ഇന്ത്യന്‍ വിക്കറ്റുകള്‍ നിലംപൊത്തി.
വിരാടും രോഹിത്തുമടക്കമുള്ളവര്‍ പുറത്തായെങ്കിലും മിഡില്‍ ഓര്‍ഡറിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഉയര്‍ന്നത്. ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യന്‍ ടോട്ടലില്‍ നിര്‍ണായകമായത്.
98 പന്തില്‍ 79 റണ്‍സ് നേടിയാണ് ശ്രേയസ് അയ്യര്‍ പുറത്തായത്. നാല് ഫോറും രണ്ട് സിക്സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.
45 പന്തില്‍ 45 റണ്‍സ് നേടിയ ഹര്‍ദിക് പാണ്ഡ്യയും 61 പന്തില്‍ 42 റണ്‍സടിച്ച അക്സര്‍ പട്ടേലുമാണ് ഇന്ത്യന്‍ നിരയില്‍ ചെറുത്തുനിന്ന മറ്റ് താരങ്ങള്‍.
സൂപ്പര്‍ താരം മാറ്റ് ഹെന്റിയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനത്തിലാണ് ന്യൂസിലാന്‍ഡ് ഇന്ത്യന്‍ ബാറ്റിങ് യൂണിറ്റിനെ തരിപ്പണമാക്കിയത്. എട്ട് ഓവര്‍ പന്തെറിഞ്ഞ താരം 42 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി.
ഒടുവില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 249ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡിനും തുടക്കം പാളിയിരുന്നു. സൂപ്പര്‍ താരം രചിന്‍ രവീന്ദ്ര ആറ് റണ്‍സിന് പുറത്തായി. എന്നാല്‍ വണ്‍ ഡൗണായെത്തിയ കെയ്ന്‍ വില്യംസണിന്റെ കരുത്തില്‍ ന്യൂസിലാന്‍ഡ് ചെറുത്തുനിന്നു.
വില്‍ യങ്, ഡാരില്‍ മിച്ചല്‍, ടോ ലാഥം, ഗ്ലെന്‍ ഫിലിപ്‌സ് തുടങ്ങിയവരെ ഒപ്പം കൂട്ടി വലുതും ചെറുതുമായ പാര്‍ട്ണര്‍ഷിപ്പുകള്‍ വില്യംസണ്‍ കെട്ടിപ്പൊക്കി.
ഒരു വശത്ത് കൃത്യമായ ഇടവേളകളില്‍ ഇന്ത്യ വിക്കറ്റ് വീഴ്ത്തുമ്പോള്‍ മറുവശത്ത് വില്യംസണ്‍ ചെറുത്തുനിന്നു. ഒടുവില്‍ ടീം സ്‌കോര്‍ 169ല്‍ നില്‍ക്കവെ ഏഴാം വിക്കറ്റായി വില്യംസണ്‍ മടങ്ങി. 120 പന്ത് നേരിട്ട് 81 റണ്‍സാണ് താരം സ്വന്തമാക്കിയത്.
വില്യംസണ്‍ പുറത്തായതിന് പിന്നാലെ മിച്ചല്‍ സാന്റ്‌നറിന്റെ പ്രകടനമൊഴിച്ചാല്‍ കാര്യമായ ചെറുത്തുനില്‍പ്പുകള്‍ കിവീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 31 പന്തില്‍ 28 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.
ഒടുവില്‍ 205ന് കിവികള്‍ പുറത്തായി.
ഇന്ത്യയ്ക്കായി വരുണ്‍ ചക്രവര്‍ത്തി അഞ്ച് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവരാണ് ശേഷിച്ച വിക്കറ്റെടുത്തത്.
Content Highlight: ICC Champions Trophy 2025: IND vs NZ: Varun Chakravarthy’s brilliant bowling performance against New Zealand