| Thursday, 20th February 2025, 8:30 pm

മിസ്റ്റര്‍ ഐ.സി.സി അഥവാ മുഹമ്മദ് 'ഫീനിക്‌സ്' ഷമി; എവിടെ നിര്‍ത്തിയോ അവിടുന്ന് തന്നെ തുടങ്ങിയിട്ടുണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്ര റെക്കോഡുകളുമായി ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമി. ഗ്രൂപ്പ് എ-യിലെ ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തില്‍ മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തതിന് പിന്നാലെയാണ് ഷമി സൂപ്പര്‍ റെക്കോഡുകള്‍ സ്വന്തമാക്കിയത്.

മത്സരത്തില്‍ പത്ത് ഓവര്‍ പന്തെറിഞ്ഞ് 53 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. ഓപ്പണര്‍ സൗമ്യ സര്‍ക്കാര്‍, മെഹിദി ഹസന്‍ മിറാസ്, ജാക്കിര്‍ അലി, തന്‍സിം ഹസന്‍ സാകിബ്, താസ്‌കിന്‍ അഹമ്മദ് എന്നിവരെയാണ് ഷമി പുറത്താക്കിയത്.

ഏകദിന കരിയറിലെ ആറാം ഫൈഫര്‍ നേട്ടമാണ് ഷമി സ്വന്തമാക്കിയത്. ഇതില്‍ അഞ്ചും ഐ.സി.സി ഇവന്റുകളിലാണ് പിറവിയെടുത്തത് എന്നതാണ് രസകരമായ വസ്തുത. മഗ്രാത് അടക്കമുള്ള താരങ്ങളെ പിന്തള്ളിയാണ് ഷമി ഈ റെക്കോഡില്‍ ഒന്നാമത് തുടരുന്നത്.

ഐ.സി.സി ഇവന്റുകളില്‍ ഏറ്റവുമധികം ഫൈഫര്‍ നേടിയ താരങ്ങള്‍

(താരം – ടീം – ഫൈഫര്‍ എന്നീ ക്രമത്തില്‍)

മുഹമ്മദ് ഷമി – ഇന്ത്യ – 5*

ഗ്ലെന്‍ മഗ്രാത് – ഓസ്‌ട്രേലിയ – 3

മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 3

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 3

മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 3

ഈ റെക്കോഡിലെ ഇന്ത്യന്‍ താരങ്ങളെ പരിശോധിക്കുമ്പോള്‍ ഷമിക്ക് പുറമെ രവീന്ദ്ര ജഡേജ മാത്രമാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. രണ്ട് തവണ ജഡ്ഡു ഐ.സി.സി ഇവന്റുകളില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി.

2012ന് ശേഷം ഐ.സി.സി ഇവന്റുകളില്‍ ഏഴ് തവണയാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈഫര്‍ നേടിയത്. ആ ഏഴും ജഡേജ, ഷമി എന്നിവരിലൂടെയാണ് പിറന്നതും. ഏകദിന ലോകകപ്പിലടക്കം ഫൈഫര്‍ നേടിയ ഷമി, ഇതാദ്യമായാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈഫര്‍ സ്വന്തമാക്കുന്നത്.

ഇതിന് മുമ്പ് 2023 ഏകദിന ലോകകപ്പിലെ സെമി ഫൈനലിലാണ് ഷമി ഫൈഫര്‍ സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഏഴ് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. കരിയറിലെ ഏറ്റവും മികച്ച ഫിഗറാണ് ഷമി അന്ന് വാംഖഡെയില്‍ കുറിച്ചത്.

2023 ലോകകപ്പില്‍ പരിക്കേറ്റ താരം ഒരു വര്‍ഷത്തിലധികം ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇതിന് പിന്നാലെ 2024 ഐ.പി.എല്ലും ടി-20 ലോകകപ്പും നിരവധി പമ്പരകളും താരത്തിന് നഷ്ടമായി.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ഷമി തിരികെ ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയത്. ആദ്യ മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ പോയ ഷമിക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

എന്നാല്‍ കരിയറില്‍ പല തവണ തകര്‍ച്ചയില്‍ നിന്നും ഉയര്‍ന്നുവന്ന, ആത്മഹത്യയെ പോലും അതിജീവിച്ച ഒരുവന്റെ മനോവീര്യത്തെ തളര്‍ത്താന്‍ അതിനൊന്നും സാധിക്കുമായിരുന്നില്ല.

തന്നെക്കൊണ്ട് ഇനിയും പലത് സാധിക്കുമെന്ന് വിളിച്ചോതുന്ന പ്രകടനമായിരുന്നു ഷമി ഇന്ന് പുറത്തെടുത്തത്. തന്റെ ബൗളിങ്ങിനെ സംശയിച്ചവര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ഈ ഫൈഫര്‍.

Content highlight: ICC Champions Trophy 2025: IND vs BAN: Mohmmed Shami with five wicket haul

We use cookies to give you the best possible experience. Learn more