ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ഇന്ത്യ. ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലേക്ക് മാറ്റി ദുബായിലാണ് ഇന്ത്യ എല്ലാ മത്സരങ്ങളും കളിക്കുന്നത്. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ബംഗ്ലാദേശിനെയാണ് ഇന്ത്യ നേരിടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ ബാറ്റിങ് തെരഞ്ഞെടുത്തു.
സൂപ്പര്‍ താരം ജസ്പ്രീത് ബുംറയുടെ അഭാവം തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ പോരായ്മ. എന്നാല്‍ മുഹമ്മദ് ഷമിയുടെ നേതൃത്വത്തിലുള്ള പേസ് നിരയ്ക്ക് ബുംറയുടെ അഭാവം മറികടക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
മുഹമ്മദ് ഷമിക്ക് പുറമെ ഹര്‍ഷിത് റാണയാണ് പേസ് നിരയിലെ രണ്ടാമന്‍. ഇന്ത്യയുടെ ടി-20 സ്‌പെഷ്യലിസ്റ്റ് അര്‍ഷ്ദീപ് സിങ്ങിനെ പുറത്തിരുത്തിയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയിറങ്ങുന്നത്.
ആരും കൊതിക്കുന്ന അന്താരാഷ്ട്ര അരങ്ങേറ്റമാണ് ഹര്‍ഷിത് റാണയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മാസത്തില്‍ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ച താരം ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിയിലും തന്റെ ആദ്യ മത്സരത്തിനിറങ്ങുകയാണ്.
ഏകദിന അരങ്ങേറ്റം കുറിച്ച് വെറും രണ്ടാഴ്ചയ്ക്കകമാണ് ഹര്‍ഷിത് ചാമ്പ്യന്‍സ് ട്രോഫി പോലെ ഒരു ടൂര്‍ണമെന്റിനിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. ഇതുവരെ മൂന്ന് മത്സരങ്ങള്‍ മാത്രമാണ് താരം കളിച്ചിട്ടുള്ളത്.
നാല്‍പ്പതിലധികം മത്സരം കളിച്ച മുഹമ്മദ് സിറാജിനെ പുറത്തിരുത്തിയാണ് ഹര്‍ഷിത്തിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന്റെ സമ്മര്‍ദം കൂടാതെ പന്തെറിയാനാകണം ഹര്‍ഷിത് ശ്രമിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഹര്‍ഷിത്തിന്റെ കരിയറിലെ ഡ്രീം മാച്ച് തന്നെയായിരിക്കും ദുബായില്‍ പിറക്കുക.
അതേസമയം, പന്തെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വിഴ്ത്തിയാണ് റാണ തിളങ്ങുന്നത്. ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയെ സില്‍വര്‍ ഡക്കാക്കിയാണ് റാണ പുറത്താക്കിയത്. വിരാട് കോഹ് ലിക്ക് ക്യാച്ച് നല്‍കിയാണ് ബംഗ്ലാ നായകന്റെ മടക്കം.
മത്സരത്തില്‍ രണ്ട് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ബംഗ്ലാദേശ്. ഷാന്റോയ്ക്ക് പുറമെ സൗമ്യ സര്‍ക്കാറിന്റെ വിക്കറ്റാണ് ബംഗ്ലാദേശിന് നഷ്ടമായത്.
ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍
തന്‍സിദ് ഹസന്‍, സൗമ്യ സര്‍ക്കാര്‍, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (ക്യാപ്റ്റന്‍), തൗഹിദ് ഹൃദോയ്, മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), മെഹിദി ഹസന്‍ മിറാസ്, ജാകിര്‍ അലി, റിഷാദ് ഹൊസൈന്‍, തന്‍സിം ഹസന്‍ സാക്കിബ്, താസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്.
Content highlight: ICC Champions Trophy 2025: IND vs BAN: Bangladesh Won The Toss and Elect To Bat First