| Saturday, 1st March 2025, 8:20 pm

ന്യൂസിലാന്‍ഡിനെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാക്കണം; ഇന്ത്യക്കെതിരെ അവന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മാര്‍ച്ച് രണ്ടിന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.

ആദ്യ ഘട്ട മത്സരങ്ങള്‍ അവസാനിക്കും മുമ്പ് തന്നെ ഗ്രൂപ്പ് എ-യില്‍ നിന്നും സെമി ഫൈനലില്‍ പ്രവേശിച്ച രണ്ട് ടീമുകള്‍ തമ്മിലുള്ള പോരാട്ടം എന്നത് തന്നെയാണ് ഈ മാച്ചിനെ ഏറെ സ്‌പെഷ്യലാക്കുന്നത്. ഇരു ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചതിന് പിന്നാലെയാണ് സെമി ഫൈനലിന് യോഗ്യത നേടിയത്.

സെമി ഫൈനല്‍ ബെര്‍ത് ഉറപ്പിച്ചു എന്നതുകൊണ്ട് മാത്രം ഇരു ടീമുകളും ഉഴപ്പാന്‍ സാധ്യതയില്ല. വിജയത്തോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാമതെത്തുക എന്നത് തന്നെയായിരിക്കും ഇരു ടീമിന്റെയും ലക്ഷ്യം.

മത്സരത്തില്‍ സൂപ്പര്‍ താരം ഡാരില്‍ മിച്ചല്‍ ന്യൂസിലാന്‍ഡ് ടീമിലേക്ക് മടങ്ങിയെത്തും. ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ താരത്തിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഞായറാഴ്ച നടക്കുന്ന മത്സരത്തിന് മുമ്പായി താരം പൂര്‍ണ ആരോഗ്യവാനായി മടങ്ങിയെത്തിയിരിക്കുകയാണ്.

ബംഗ്ലാദേശിനെതിരായ മത്സരം കളിക്കാന്‍ സാധിക്കാതെ പോയതില്‍ നിരാശനാണെന്നും സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കുക എന്നത് ഏറെ അഭിമാനം നല്‍കുന്ന കാര്യമാണെന്നും മിച്ചല്‍ പറഞ്ഞു.

‘കഴിഞ്ഞ മത്സരം കളിക്കാന്‍ സാധിച്ചില്ല എന്നത് തീര്‍ച്ചയായും നിരാശ നല്‍കുന്നതായിരുന്നു. ഇപ്പോള്‍ ഹോട്ടല്‍ മുറിയില്‍ നിന്നും പുറത്തിറങ്ങാനും സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തിന്റെ ഭാഗമാകാനും സാധിക്കുന്നതില്‍ ഏറെ സന്തോഷവാനാണ്. ഏറെ ആവേശത്തോടെയാണ് അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നത്.

എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മറ്റൊരു ക്രിക്കറ്റ് മത്സരം കൂടിയെത്തുകയാണ്. ഈ മത്സരത്തിന്റെ ഭാഗമാകുന്നതില്‍ ഏറെ എക്‌സൈറ്റഡാണ്. ഞായറാഴ്ച ടീമിനൊപ്പം ചേരുന്നത് ഏറെ രസകരമായിരിക്കും,’ മിച്ചല്‍ പറഞ്ഞു.

ആദ്യ മത്സരത്തില്‍ ടീമിന്റെ ഭാഗമല്ലാതിരുന്ന രചിന്‍ രവീന്ദ്രയാണ് ബംഗ്ലാദേശിനെതിരെ റാവല്‍പിണ്ടിയില്‍ മിച്ചലിന് പകരക്കാരനായി കളത്തിലിറങ്ങിയത്. നേരത്തെ തലയ്ക്ക് പരിക്കേറ്റതിന് പിന്നാലെയാണ് രചിന്‍ രവീന്ദ്രയ്ക്ക് പാകിസ്ഥാനെതിരെ നടന്ന മത്സരം നഷ്ടമായത്.

ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയാണ് രചിന്‍ തിളങ്ങിയത്. 105 പന്തില്‍ 112 റണ്‍സാണ് താരം നേടിയത്.

ഇന്ത്യയ്ക്കും ന്യൂസിലാന്‍ഡിനും രണ്ട് മത്സരത്തില്‍ നിന്നും നാല് പോയിന്റാണുള്ളത്. നിലവിലെ നെറ്റ് റണ്‍ റേറ്റ് പരിശോധിക്കുമ്പോള്‍ ന്യൂസിലാന്‍ഡാണ് ഒന്നാമത്. കിവികള്‍ക്ക് +0.863 എന്ന റണ്‍ റേറ്റും ഇന്ത്യയ്ക്ക് +0.647 എന്ന റണ്‍ റേറ്റുമാണുള്ളത്.

നാളെ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ ഒന്നാം സ്ഥാനത്തെത്തും. എന്നാല്‍ ഈ മത്സരം ഉപേക്ഷിക്കപ്പെട്ടാല്‍ മികച്ച റണ്‍ റേറ്റുള്ള ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (സി), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, അക്‌സര്‍ പട്ടേല്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്.

ന്യൂസിലന്‍ഡ് സ്‌ക്വാഡ്

വില്‍ യങ്, ഡെവോണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍, രചിന്‍ രവീന്ദ്ര, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്നര്‍ (ക്യാപ്റ്റന്‍), മാറ്റ് ഹെന്‌റി, കൈല്‍ ജാമൈസണ്‍, വില്‍ ഒ റൂര്‍ക്ക്, ഡാരില്‍ മിച്ചല്‍, നഥാന്‍ സ്മിത്ത്, മാര്‍ക്ക് ചാപ്മാന്‍, ജേക്കബ് ഡഫി.

Content Highlight: ICC Champions Trophy 2025: Daryl Mitchell set to join New Zealand squad against India

We use cookies to give you the best possible experience. Learn more