| Wednesday, 26th February 2025, 8:14 pm

175 റണ്‍സടിച്ച കപിലിനെ വെട്ടിയിട്ടും ഒന്നാമനല്ല; സച്ചിനും വിരാടുമല്ലാതെ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യന്‍ താരമാര്?

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ഇബ്രാഹിം സദ്രാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ തന്റെ ആദ്യ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഒരു അഫ്ഗാനിസ്ഥാന്‍ താരം നേടുന്ന ആദ്യ സെഞ്ച്വറി കൂടിയാണ് ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ പിറവിയെടുത്തത്.

146 പന്തില്‍ നിന്നും 177 റണ്‍സാണ് സദ്രാന്‍ അടിച്ചെടുത്തത്. 12 ഫോറും ആറ് സിക്‌സറും അടക്കം 121.23 സ്‌ട്രൈക്ക് റേറ്റിലുമാണ് സദ്രാന്‍ റണ്ണടിച്ചുകൂട്ടിയത്.

ഈ സെഞ്ച്വറിക്ക് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ റെക്കോഡ് അടക്കം നിരവധി ചരിത്ര നേട്ടങ്ങളും സദ്രാന്റെ പേരില്‍ കുറിക്കപ്പെട്ടു.

എന്നാല്‍ ഐ.സി.സി ഏകദിന ഇവന്റുകളില്‍ ഏറ്റവുമുയര്‍ന്ന ടോട്ടല്‍ സ്വന്തമാക്കുന്ന ഏഷ്യന്‍ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ സദ്രാന് സാധിച്ചില്ല. സദ്രാനെക്കാള്‍ ആറ് റണ്‍സ് അധികം നേടിയ സൗരവ് ഗാംഗുലിയാണ് ഈ നേട്ടത്തില്‍ ഒന്നാമന്‍.

ഐ.സി.സി ഏകദിന ഇവന്റില്‍ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ സ്വന്തമാക്കിയ ഏഷ്യന്‍ താരം

(താരം – ടീം – എതിരാളികള്‍ – റണ്‍സ് – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

സൗരവ് ഗാംഗുലി – ഇന്ത്യ – ശ്രീലങ്ക – 183 – ടൗണ്‍ടണ്‍ – 1999

ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – ഇംഗ്ലണ്ട് – 177 – ലാഹോര്‍ – 2025*

കപില്‍ ദേവ് – ഇന്ത്യ – സിംബാബ്‌വേ – ടണ്‍ബ്രിഡ്ജ് വെല്‍സ് – 175* – 1983

വിരേന്ദര്‍ സേവാഗ് – ഇന്ത്യ – ബംഗ്ലാദേശ് – 175 – മിര്‍പൂര്‍ – 2011

ടി.എം. ദില്‍ഷന്‍ – ശ്രീലങ്ക – ബംഗ്ലാദേശ് 161* – മെല്‍ബണ്‍ – 2015

സൗരവ് ഗാംഗുലി

അതേസമയം, അഫ്ഗാന്‍ നിരയില്‍ സദ്രാന് പുറമെ അസ്മത്തുള്ള ഒമര്‍സായ്, സൂപ്പര്‍ താരം മുഹമ്മദ് നബി, ക്യാപ്റ്റന്‍ ഹസ്മത്തുള്ള ഷാഹിദി എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

31 പന്തില്‍ 41 റണ്‍സ് നേടിയാണ് ഒമര്‍സായ് പുറത്തായത്. നബി വെറും 24 പന്തില്‍ 40 റണ്‍സ് നേടി മടങ്ങിയപ്പോള്‍ ഷാഹിദി 67 പന്തില്‍ 40 റണ്‍സടിച്ചും പുറത്തായി.

ഇംഗ്ലണ്ടിനായി ജോഫ്രാ ആര്‍ച്ചര്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ലിയാം ലിവിങ്സ്റ്റണ്‍ രണ്ട് വിക്കറ്റും സ്വന്തമാക്കി. ആദില്‍ റഷീദും ജെയ്മി ഓവര്‍ട്ടണുമാണ് ശേഷിച്ച വിക്കറ്റ് നേടിയത്.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് നിലവില്‍ 15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് എന്ന നിലയിലാണ്. 41 പന്തില്‍ 36 റണ്‍സുമായി ബെന്‍ ഡക്കറ്റും 23 പന്തില്‍ 30 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. ഫില്‍ സാള്‍ട്ട് (13 പന്തില്‍ 12), ജെയ്മി സ്മിത് (13 പന്തില്‍ ഒമ്പത്) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് ഇതുവരെ നഷ്ടമായത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്ലര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി ഓവര്‍ട്ടണ്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക് വുഡ്.

അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍

റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാന്‍, സെദ്ദിഖുള്ള അടല്‍, റഹ്‌മത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, ഗുല്‍ബദീന്‍ നയീബ്, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി.

Content highlight: ICC Champions Trophy 2025: AFG vs ENG: Ibrahim Zadran becomes the second highest score for an Asian in an ICC ODI event

Latest Stories

We use cookies to give you the best possible experience. Learn more