| Friday, 28th February 2025, 9:46 pm

അഫ്ഗാന്‍ vs ഓസ്‌ട്രേലിയ: മത്സരത്തില്‍ വിജയികളില്ല പരാജയപ്പെട്ടവരും; സെമിയിലേക്ക് കങ്കാരുക്കള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയിലെ അഫ്ഗാനിസ്ഥാന്‍ – ഓസ്‌ട്രേലിയ മത്സരം ഫലമില്ലാതെ ഉപേക്ഷിച്ചു. മോശം കാലാവസ്ഥ മൂലം മത്സരം തുടരാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് മത്സരം ഉപേക്ഷിക്കപ്പെട്ടത്. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം ലഭിച്ചു.

മത്സരം ഉപേക്ഷിച്ചതോടെ ഓസ്‌ട്രേലിയ സെമി ഫൈനലിന് യോഗ്യത നേടി. മൂന്ന് മത്സരത്തില്‍ നിന്നും നാല് പോയിന്റോടെയാണ് ഓസീസ് സെമിയില്‍ കയറിയത്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച വിജയം നേടിയ ഓസീസിന്റെ അടുത്ത രണ്ട് മത്സരങ്ങളും ഫലമില്ലാതെ അവസാനിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 273ന് പുറത്തായി. സെദ്ദിഖുള്ള അടലിന്റെയും അസ്മത്തുള്ള ഉമര്‍സായിയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് അഫ്ഗാനിസ്ഥാന്‍ മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ടീമിന് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ റഹ്‌മാനുള്ള ഗുര്‍ബാസിന്റെ വിക്കറ്റ് ടീമിന് നഷ്ടമായി. അഞ്ച് പന്ത് നേരിട്ട താരം ഒറ്റ റണ്‍സ് പോലും നേടാതെയാണ് മടങ്ങിയത്.

എന്നാല്‍ വണ്‍ ഡൗണായെത്തിയ സെദ്ദിഖുള്ള അടല്‍ സ്‌കോറിങ്ങിന് അടിത്തറയൊരുക്കി. കഴിഞ്ഞ മത്സരത്തില്‍ ചരിത്രമെഴുതിയ ഇബ്രാഹിം സദ്രാനെ ഒപ്പം കൂട്ടി താരം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. രണ്ടാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

സെദ്ദിഖുള്ള അടല്‍

ടീം സ്‌കോര്‍ 70ല്‍ നില്‍ക്കവെ സദ്രാനെയും 91ല്‍ നില്‍ക്കവെ റഹ്‌മത് ഷായെയും ടീമിന് നഷ്ടമായി.

എന്നാല്‍ ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദിയെ ഒരറ്റത്ത് നിര്‍ത്തി സെദ്ദിഖുള്ള സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ടീം സ്‌കോര്‍ 159ല്‍ നില്‍ക്കവെയാണ് സ്പെന്‍സര്‍ ജോണ്‍സണ്‍ ഓസീസിന് ബ്രേക് ത്രൂ നല്‍കി താരത്തെ മടക്കിയത്. 95 പന്തില്‍ 85 റണ്‍സാണ് താരം നേടിയത്.

സെദ്ദിഖുള്ള നല്‍കിയ മൊമെന്റം നഷ്ടപ്പെടുത്താതെ അസ്മത്തുള്ള ഉമര്‍സായ് വേഗത്തില്‍ സ്‌കോര്‍ ചെയ്തുതുടങ്ങി. ക്യാപ്റ്റനും മുഹമ്മദ് നബിയും ഗുല്‍ബദീന്‍ നയീബും പുറത്തായപ്പോഴും ഒരുവശത്ത് ഉമര്‍സായ് ഉറച്ചുനിന്നു.

ഒടുവില്‍ അവസാന ഓവറിലെ നാലാം പന്തില്‍ ടീം സ്‌കോര്‍ 272ല്‍ നില്‍ക്കവെ ഉമര്‍സായ് മടങ്ങി. 63 പന്തില്‍ 67 റണ്‍സ് നേടിയാണ് താരം പുറത്തായത്. അഞ്ച് സിക്സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

അസ്മത്തുള്ള ഉമര്‍സായ്

ഉമര്‍സായിയുടെ ഇന്നിങ്സിന്റെ ബലത്തില്‍ അഫ്ഗാന്‍ 273ലെത്തി.

മത്സരത്തില്‍ ഓസ്ട്രേലിയക്കായി ബെന്‍ ഡ്വാര്‍ഷിയസ് മൂന്ന് വിക്കറ്റെടുത്തു. സ്പെന്‍സര്‍ ജോണ്‍സണും ആദം സാംപയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും നഥാന്‍ എല്ലിസും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. അഫ്ഗാന്‍ ഫീല്‍ഡര്‍മാരുടെ പിഴവില്‍ ഓപ്പണര്‍മാര്‍ രണ്ട് പേര്‍ക്കും ജീവന്‍ ലഭിച്ചിരുന്നു. ട്രാവിസ് ഹെഡിന്റെ ക്യാച്ച് റാഷിദ് ഖാനും മാറ്റ് ഷോര്‍ട്ടിന്റെ ക്യാച്ച് സബ്സ്റ്റിറ്റിയൂട്ടായി കളത്തിലിറങ്ങിയ നംഗിലായ് ഖരോട്ടിയും പാഴാക്കി.

ഹെഡ് അവസരം മുതലാക്കിയെങ്കിലും മാറ്റ് ഷോര്‍ട്ടിന് അധികം ആയുസ്സുണ്ടായിരുന്നില്ല. 15 പന്തില്‍ 20 റണ്‍സുമായി ഉമര്‍സായിയുടെ പന്തില്‍ ഗുല്‍ബദീന്‍ നയീബിന് ക്യാച്ച് നല്‍കി താരം പുറത്തായി.

മത്സരത്തിന്റെ 13ാം ഓവറില്‍ മഴയെത്തുകയും മത്സരം തടസ്സപ്പെടുകയുമായിരുന്നു. ഏറെ നേരെ മഴമാറാന്‍ കാത്തിരുന്നെങ്കിലും കാലാവസ്ഥയും സാഹചര്യവും പ്രതികൂലമായതിനാല്‍ മത്സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു.

അതേസമയം, മത്സരം ഉപേക്ഷിക്കപ്പെട്ടെങ്കിലും അഫ്ഗാനിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായിട്ടില്ല. നാളെ നടക്കുന്ന ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ പ്രോട്ടിയാസ് വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ അഫ്ഗാന് സെമി സാധ്യതകളുണ്ട്.

Content highlight: ICC Champions Trophy 2025: AFG vs AUS: Match ended in No Result

We use cookies to give you the best possible experience. Learn more