[]മെല്‍ബണ്‍: ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന 2015 ഐസിസി ക്രിക്കറ്റ് വേള്‍ഡ് കപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. []
ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാ നെതിരെയാണ്. 2015 ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 29 വരെയാണ് നടക്കുക. ഇന്ന് രാവിലെയാണ് ഐ.സി.സി അടുത്ത ലോകകപ്പിന്റെ മത്സരക്രമം പ്രഖ്യാപിച്ചത്.
23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മെല്‍ബണ്‍ ലോകകപ്പ് ഫൈനലിന് വേദിയാകുന്നത്. 1992-ല്‍ പാക്കിസ്ഥാന്‍-ഇംഗ്ലണ്ട് ഫൈനലിനാണ് ഒടുവില്‍ മെല്‍ബണ്‍ സാക്ഷ്യം വഹിച്ചത്. ഇമ്രാന്‍ ഖാന്റെ നേതൃത്വത്തിലെത്തിയ പാക്കിസ്ഥാന്‍ ഇംഗ്ലീഷ് പടയെ കെട്ടുകെട്ടിച്ച് കിരീടം ചൂടുകയും ചെയ്തു.
ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളാണ് പൂള്‍ എയില്‍ മത്സരിക്കുന്നത്.
2011 ലെ ലോകകപ്പ് ജേതാക്കളായ ഇന്ത്യയും പാകിസ്താനും അടങ്ങുന്ന പൂള്‍ ബിയില്‍ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാവേ, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണുള്ളത്.
രണ്ട് പൂളിലും ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവര്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കും സെമിയിലേക്കും തുടര്‍ന്ന് ഫൈനലിലേക്കുമുള്ള മല്‍സരങ്ങള്‍ക്കായി മാറ്റുരയ്ക്കും.
ഫെബ്രുവരി 14ന് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും തങ്ങളുടെ ഹോം ഗ്രൗണ്ടില്‍ കളിച്ചാണ് ലോകകപ്പിന് തുടക്കമിടുക.
ഇംഗ്ലണ്ടും ശ്രീലങ്കയും യഥാക്രമം ഇവരുടെ എതിരാളികളാകും. മാര്‍ച്ച് 29-ന് ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.