ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി 2025 വനിതാ ലോകകപ്പിനുള്ള വേദികള്‍ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. സെപ്റ്റംബര്‍ 30നാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നവംബര്‍ രണ്ടിന് കിരീടപ്പോരാട്ടവും അരങ്ങേറും.
ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ചിന്നസ്വാമി സ്റ്റേഡിയം ബെംഗളൂരു, അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയം ഗുവാഹത്തി (ബര്‍സാപര സ്റ്റേഡിയം), ഹോല്‍കര്‍ സ്‌റ്റേഡിയം ഇന്‍ഡോര്‍, എ.സി.എ – വി.ഡി.സി.എ ക്രിക്കറ്റ് സ്‌റ്റേഡിയം വിശാഖപട്ടണം എന്നിവയാണ് ഇന്ത്യയിലെ ലോകകപ്പ് വേദികള്‍.
കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് ശ്രീലങ്കയില്‍ ഷെഡ്യൂള്‍ ചെയ്യപ്പെട്ട മത്സരങ്ങള്‍ അരങ്ങേറുന്നത്. ഈ സ്റ്റേഡിയത്തിലാകും പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും അരങ്ങേറുന്നത്.
2024-2027 ക്രിക്കറ്റ് സൈക്കിളില്‍ നടക്കുന്ന എല്ലാ ഐ.സി.സി ടൂര്‍ണമെന്റുകളിലെയും ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയില്‍ നടത്തണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് ആര്‍. പ്രേമദാസ സ്റ്റേഡിയവും ലോകകപ്പിന് വേദിയാകാന്‍ ഒരുങ്ങുന്നത്.
നേരത്തെ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും മുല്ലാന്‍പൂരും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ട പട്ടികയില്‍ ഇടം നേടിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ ഇരു സ്‌റ്റേഡിയങ്ങളും പുറത്താവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
എട്ട് ടീമുകളാണ് ലോകകപ്പിനെത്തുന്നത്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ (ആതിഥേയര്‍), ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ശ്രീലങ്ക എന്നിവരാണ് ടീമുകള്‍.
ചിന്നസ്വാമി സ്റ്റേഡിയമാണ് ലോകകപ്പിന്റെ ഓപ്പണിങ് മാച്ചിന് വേദിയാരുന്നത്. ഓപ്പണിങ് മാച്ചിലെ ഒരു ടീം ഇന്ത്യയാണ്. എതിരാളികള്‍ ആരാണെന്നോ ലോകകപ്പിന്റെ ശേഷിക്കുന്ന ഫിക്‌സചറുകളോ പുറത്തുവന്നിട്ടില്ല.
പാകിസ്ഥാന്റെ പ്രകടനമനുസരിച്ചായിരിക്കും ലോകകപ്പിന്റെ നോക്ക്ഔട്ട് വേദികള്‍ തീരുമാനിക്കപ്പെടുക. പാകിസ്ഥാന്‍ സെമി ഫൈനലിന് യോഗ്യത നേടുകയാണെങ്കില്‍ കൊളംബോയാകും സെമിക്ക് വേദിയാവുക. ഫൈനലിന്റെ കാര്യവും സമാനമാണ്.
എന്നാല്‍ പാകിസ്ഥാന് സെമി ഫൈനലിന് യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കില്‍ കൊളംബോയ്ക്ക് പകരം ഗുവാഹത്തിയില്‍ മത്സരം നടക്കും. ബെംഗളൂരുവാണ് രണ്ടാം സെമിക്ക് ആതിഥേയത്വം വഹിക്കുക.
പാകിസ്ഥാന്‍ കലാശപ്പോരാട്ടത്തിനെത്തിയില്ലെങ്കില്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാകും 2025ലെ ലോക ചാമ്പ്യന്‍മാര്‍ പിറവിയെടുക്കുക.
ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ന്യൂസിലാന്‍ഡ് ആതിഥേയത്വം വഹിച്ച 2022 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ വനിതകള്‍ ക്രിക്കറ്റ് ലോകത്തിന്റെ നെറുകയിലെത്തിയത്.
ഇതുവരെ നേടാന്‍ സാധിക്കാത്ത കിരീടം സ്വന്തം മണ്ണില്‍ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാകും ഇന്ത്യ കളത്തിലിറങ്ങുക. 2005ലും 2017ലും ഇന്ത്യ ഫൈനലിലെത്തിയെങ്കിലും കിരീടം നേടാനാകാതെ തലകുനിച്ചു.
2005ല്‍ സെഞ്ചൂറിയനില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോടാണ് ഇന്ത്യ പരാജയപ്പെട്ടത്. 98 റണ്‍സിനായിരുന്നു തോല്‍വി. ശേശം ലോര്‍ഡ്‌സില്‍ ഒമ്പത് റണ്‍സിന് ഇംഗ്ലണ്ടിനോടും ടീം പരാജയമേറ്റുവാങ്ങി.
Content Highlight: ICC announced venues for 2025 ICC Women’s World Cup