| Thursday, 11th September 2025, 8:21 pm

ഇച്ചാക്കയുടെ അസുഖത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും ആധികാരികമായി പറയുന്നത് കേട്ട് ചിരി വന്നു: ഇബ്രാഹിംകുട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളെ മുഴുവന്‍ സന്തോഷത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു അടുത്തിടെ വന്നത്. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി അസുഖത്തില്‍ നിന്നും മുക്തനായി പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്തിയെന്ന വിവരം സിനിമാ-രാഷ്ട്രീയ മേഖലയിലെ സകലരും സന്തോഷത്തോടെ പങ്കുവെച്ചിരുന്നു. കഴിഞ്ഞ നാല് മാസത്തിലധികമായി സിനിമയില്‍ നിന്ന് പൂര്‍ണമായും ഇടവേളയെടുത്ത് നില്‍ക്കുകയായിരുന്നു മമ്മൂട്ടി.

അവസാനത്തെ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായെന്ന വിവരം മമ്മൂട്ടിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു പുറത്തുവിട്ടത്. ഈ മാസം അവസാനത്തോടെ മലയാളസിനിമയുടെ കുലപതി വീണ്ടും സിനിമയില്‍ സജീവമാകുമെന്നാണ് റിപ്പോര്‍ട്ട്. മമ്മൂട്ടിയുടെ ആരോഗ്യവിവരം ആദ്യം പുറത്തുവിട്ടവരില്‍ ഒരാള്‍ അദ്ദേഹത്തിന്റെ സഹോദരനും നടനുമായ ഇബ്രാഹിംകുട്ടിയായിരുന്നു.

പോസ്റ്റ് പങ്കുവെച്ചപ്പോഴുള്ള അനുഭവം വിവരിക്കുകയാണ് ഇബ്രാഹിംകുട്ടി. ഒരാള്‍ക്ക് അസുഖം വരിക എന്നത് സാധാരണ കാര്യമാണെന്ന് ഇബ്രാഹിംകുട്ടി പറയുന്നു. പനിയും മറ്റ് അസുഖങ്ങളും വന്നാല്‍ മാറാനൊരു സമയമുള്ളതുപോലെ മമ്മൂട്ടിയുടെ അസുഖവും മാറാന്‍ കുറച്ച് സമയമെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്തായിരുന്നു മമ്മൂട്ടിയുടെ അസുഖമെന്നതിനെക്കാള്‍ അത് മാറിയതാണ് വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.

‘അദ്ദേഹത്തിന് ചെറിയൊരു അസ്വസ്ഥതയുണ്ടായിരുന്നു. അത് മാറിയോ എന്നതിലാണ് കാര്യം. അദ്ദേഹത്തിന് വന്ന അസുഖത്തിന് ട്രീറ്റ്‌മെന്റ് ചെയ്തു. അത് മാറി. ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവായെന്നറിഞ്ഞപ്പോള്‍ മീഡിയയും മറ്റ് ആള്‍ക്കാരും എന്നെ വിളിക്കാന്‍ തുടങ്ങി. ഒരുപാട് കോളുകള്‍ വന്നപ്പോള്‍ എല്ലാവര്‍ക്കും മറുപടി എന്ന നിലക്ക് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്റ്റിട്ടു. അത് ആധികാരികമായതുകൊണ്ട് എല്ലാവരും വിശ്വസിച്ചു.

മമ്മൂട്ടിക്ക് വയ്യായ്കയാണ് എന്ന വിവരം സോഷ്യല്‍ മീഡിയയില്‍ കുറച്ചുപേര്‍ പറയുന്നത് കണ്ടു. ആ സമയത്തൊന്നും നമ്മള്‍ അതിനോട് പ്രതികരിക്കാന്‍ പോയില്ല. പക്ഷേ, പിന്നീട് എന്താണ് മമ്മൂട്ടിയുടെ അസുഖമെന്നും എവിടെയാണ് ചികിത്സയെന്നുമൊക്കെ സോഷ്യല്‍ മീഡിയ തീരുമാനിക്കുകയായിരുന്നു. അമേരിക്കയിലാണെന്നും ആഫ്രിക്കയിലാണെന്നുമൊക്കെ ആധികാരികമായാണ് ഓരോരുത്തര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞുകൊണ്ടിരുന്നത്.

ഉള്ളിലൊരു വിഷമം കിടക്കുമ്പോഴും ഇതുപോലെ മണ്ടത്തരം വിളിച്ചുപറയുന്നത് കണ്ടിട്ട് ചിരി വരുമായിരുന്നു. അസത്യമായിട്ടുള്ള കാര്യമാണെന്ന് അറിയാവന്നതുകൊണ്ട് ചിലതൊക്കെ കാണുമ്പോള്‍ എന്താ പറയുന്നത് എന്നൊക്കെ തോന്നിയിട്ടുണ്ട്. പുള്ളി മാറി നിന്നത് ആ സമയത്ത് എല്ലാവരെയും ബാധിച്ചിരുന്നു,’ ഇബ്രാഹിംകുട്ടി പറഞ്ഞു.

Content Highlight: Ibrahimkutty about the posts about Mammootty’s health in Social Media

We use cookies to give you the best possible experience. Learn more