ടി-20 ലോകകപ്പ് 2026ലെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനും കാനഡയും ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. ചെന്നയിലെ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കാനഡ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് അടിച്ചെടുത്തത്.
അഫ്ഗാനിസ്ഥാന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ ഇബ്രാഹിം സദ്രാനാണ്. 56 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 95 റണ്‍സാണ് താരം അടിച്ചെടുത്തത്. 169.64 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് ചെയ്തത്. അഞ്ച് റണ്‍സിന് സെഞ്ച്വറി നഷ്ടപ്പെട്ടെങ്കിലും അന്താരാഷ്ട്ര ടി-20യില്‍ 16ാം അര്‍ധസെഞ്ച്വറി നേടാന്‍ സദ്രാന് സാധിച്ചിരിക്കുകയാണ്.
മത്സരത്തില്‍ സദ്രാന് പുറമെ സെദ്ദിഖുള്ള അടല്‍ 32 പന്തില്‍ 44 റണ്‍സ് നേടി രണ്ടാം ടോപ് സ്‌കോററായി. രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്‌മാനുള്ള ഗുര്‍ബാസ് 20 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പടെ 30 റണ്‍സ് നേടി ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അവസാന ഘട്ടത്തില്‍ അസ്മത്തുള്ള ഒമര്‍സായി 13 റണ്‍സ് നേടി.
കാനഡയ്ക്ക് വേണ്ടി കൂടുതല്‍വിക്കറ്റ് വീഴ്ത്തിയത് ജസ്‌കരന്ദീപ് സിങ്ങാണ്. 52 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ഡിലോണ്‍ ഹെയ്‌ലിങ്ങര്‍ ഒരു വിക്കറ്റും നേടി.
നിലവില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കാനഡ അഞ്ച് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സാണ് നേടിയത്. ക്യാപ്റ്റനും ഓപ്പണറുമായ ദില്‍പ്രീത് ബജ്‌വ ഏഴ് പന്തില്‍ 13 റണ്‍സ് നേടിയാണ് പുറത്തായത്. റഹ്‌മാനുള്ള ഗുര്‍ബാസാണ് താരത്തെ പുറത്താക്കിയത്. താരത്തിന് ശേഷം ക്രീസിലെത്തിയ നവ്‌നീത് ദലിവാളിനെ അസ്മത്തുള്ള ഒമര്‍സായി പൂജ്യം റണ്‍സിനും പറഞ്ഞയച്ചു.
Content Highlight: Ibrahim Zadran In Great Performance Against Canada In T20 World Cup