ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ്. ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ 10ന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിന് വേണ്ടി നല്‍കേണ്ട തുക ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഇതിനോടകം തന്നെ കൈമാറിയിട്ടുണ്ട്.
പുതിയ താരങ്ങളെ ടീമിലെത്തിക്കാനുള്ള നീക്കത്തിലാണ് നിലവില്‍ ബ്ലാസ്റ്റേഴ്സ്. ടീമുമായി വെറും പതിമൂന്ന് താരങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ കരാര്‍ ഉള്ളത്. ബാക്കിയുണ്ടായിരുന്ന താരങ്ങളെല്ലാം ക്ലബ്ബ് വിട്ട് പോയിട്ടുണ്ട്. ചരിത്രത്തിലെ ആദ്യ കിരീടം കൈപ്പിടിയിലാക്കാനായിരിക്കും ബ്ലാസ്റ്റേഴ്സ് ഇത്തവണ കളത്തിലിറങ്ങുക.
മൂന്ന് തവണ കലാശപ്പോരില്‍ കാലിടറിവീണ കേരളത്തിന് കിരീടം നേടാനായില്ലെങ്കിലും ചരിത്രത്തില്‍ ഒരുപിടി അവിസ്മരണീയ നേട്ടങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റ നിരയില്‍ ഇത്തവണ ഏതെങ്കിലും താരത്തിന്റെ ബൂട്ടുകളില്‍ നിന്നും ഹാട്രിക് പിറക്കുമോയെന്നും ആരാധകര്‍ ഉറ്റുനോക്കുന്നുണ്ട്.
നിരവധി വമ്പന്‍ താരങ്ങള്‍ മഞ്ഞക്കുപ്പായത്തില്‍ കളിച്ചിട്ടുണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ഐ.എസ്.എല്ലില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് ഹാട്രിക് നേടിയിട്ടുള്ളൂ. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി ആദ്യമായി ഹാട്രിക് നേടിയത് കാനഡ താരം ഇയാന്‍ ഹ്യൂം ആണ്.
ബ്ലാസ്റ്റേഴ്‌സിന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളാണ് ഹ്യൂം. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ഹ്യൂം 2017-18 സീസണിലായിരുന്നു ആദ്യ ഹാട്രിക് നേടിയത്.
ദല്‍ഹി ഡൈനാമോസിനെതിരെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ചരിത്രത്തിലെ ആദ്യ ഹാട്രിക് മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ നേടിയത്. ഹ്യൂമിന്റെ ഹാട്രിക് കരുത്തില്‍ 3-1ന്റെ വമ്പന്‍ വിജയമായിരുന്നു ബ്ലാസ്റ്റേഴ്സ് കൈപ്പിടിയിലാക്കിയത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം മാത്രമല്ല അത്‌ലറ്റികോ ഡി കൊല്‍ക്കത്ത, പൂനെ സിറ്റി എഫ്.സി എന്നീ ടീമുകള്‍ക്ക് വേണ്ടിയും ഹ്യൂം ഹാട്രിക് നേടിയിട്ടുണ്ട്.
ബ്ലാസ്റ്റേഴ്‌സിന് വേണ്ടി രണ്ടാമത്തെ ഹാട്രിക് നേടിയത് നൈജീരിയന്‍ താരമായ ബര്‍ത്തലോമിയോ ഓഗ്ബെച്ചെയാണ്. 2019-20 സീസണിലായിരുന്നു ഓഗ്ബെച്ചെയുടെ ഹാട്രിക് പിറന്നത്. മഞ്ഞപ്പടയുടെ തട്ടകമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലായിരുന്നു നൈജീരിയന്‍ താരത്തിന്റെ ഹാട്രിക് നേട്ടം.
മത്സരത്തില്‍ 6-3ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടെങ്കിലും ഓഗ്ബെച്ചെയുടെ മൂന്ന് ഗോളുകള്‍ തിളക്കത്തോടെ നിന്നു. ബ്ലാസ്റ്റേഴ്‌സിന് പുറമെ മുംബൈ സിറ്റി എഫ്.സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഹൈദരാബാദ് എഫ്.സി എന്നീ ടീമുകള്‍ക്ക് വേണ്ടിയും നൈജീരിയന്‍ താരം കളത്തിറങ്ങിയിട്ടുണ്ട്.
അതേസമയം നിലവില്‍ പുതിയ സീസണില്‍ അഡ്രിയാന്‍ ലൂണ, കരിം ബെനാരിഫ്, മാറ്റിയസ് ഫെര്‍ണാണ്ടസ്, ഫാലോ എന്‍ഡിഡായ് എന്നീ വിദേശ താരങ്ങള്‍ ടീമിനൊപ്പം തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിക്ടര്‍ ബെര്‍ട്ടാമ്യു, ഫ്രാഞ്ചു, കെവിന്‍ യോക്ക് എന്നീ വിദേശ താരങ്ങള്‍ ഇതിനോടകം തന്നെ ടീം വിട്ടു പോയിട്ടുണ്ട്.
സെപ്റ്റംബര്‍ 15 വരെയാണ് ഇന്ത്യന്‍ ഫുട്‌ബോളിലെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് നിലവിലുള്ളത്. ഇതിനുള്ളില്‍ ബ്ലാസ്റ്റേഴ്‌സ് ട്രാന്‍സ്ഫര്‍ വിപണിയില്‍ കൃത്യമായ ചലനം ഉണ്ടാക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അടച്ചു കഴിഞ്ഞാല്‍ ബ്ലാസ്റ്റേഴ്‌സിനെ പിന്നീട് മറ്റു ടീമുകള്‍ക്ക് ആവശ്യമില്ലാത്ത ഫ്രീ ഏജന്റുകളായ താരങ്ങളെ മാത്രമായിരിക്കും ടീമില്‍ എത്തിക്കാന്‍ സാധിക്കുകയുള്ളൂ.
ആഷ്‌ലി വെസ്റ്റ് വുഡിന്റെ കീഴിലായിരിക്കും ഇത്തവണയും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുക. കഴിഞ്ഞ സീസണിന്റെ പകുതിയിലാണ് വെസ്റ്റ് വുഡ് കേരളത്തിന്റെ പരിശീലകനായി ചുമതലയേറ്റത്. ഡേവിഡ് കറ്റാലയുടെ പകരക്കാരനായാണ് വെസ്റ്റ് വുഡ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക കുപ്പായമണിഞ്ഞത്.
Content Highlight: Ian Hume and Bartholomew Ogbeche are the only players to have scored hat-tricks for Kerala Blasters in the ISL