| Friday, 4th September 2026, 4:01 pm

കോഴിക്കോടിനെ കിരീടമണിയിച്ചവൻ തിരുവനന്തപുരത്തിനൊപ്പം; കൊമ്പൻസ് ട്രിപ്പിൾ സ്ട്രോങ്ങ്

സുദേവ് എ

2026-27 സൂപ്പര്‍ ലീഗ് കേരളയില്‍ തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സിയുടെ പരിശീലകനായി ഇയാന്‍ ആന്‍ഡ്രൂ ഗില്ലനെ നിയമിച്ചു. സൂപ്പര്‍ ലീഗ് കേരളയിലെ ആദ്യ സീസണില്‍ കാലിക്കറ്റ് എഫ്.സിയെ കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് ഓസ്ട്രേലിയക്കാരനായ ആന്‍ഡ്രൂ ഗില്ലന്‍.

ടൂര്‍ണമെന്റില്‍ ചാമ്പ്യനാക്കിയ അനുഭവസമ്പത്തുള്ള ആന്‍ഡ്രൂ കൊമ്പന്‍സിന്റെ തട്ടകത്തിലെത്തുമ്പോള്‍ ഈ സീസണില്‍ ടീമിന് കൂടുതല്‍ കരുത്തുപകരുമെന്നുറപ്പാണ്.

ഇത്തവണ ആദ്യ കിരീടം ലക്ഷ്യം വെച്ചാണ് തിരുവനന്തപുരം കൊമ്പന്‍സ് കളത്തിലിറങ്ങുന്നത്. ആദ്യ സീസണില്‍ സെമി ഫൈനല്‍ വരെ മുന്നേറാന്‍ കൊമ്പന്‍സിന് സാധിച്ചിരുന്നു. കാലിക്കറ്റ് എഫ്.സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടാണ് തിരുവനന്തപുരം പുറത്തായത്.

രണ്ടാം സീസണില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ടീം ഫിനിഷ് ചെയ്തത്. 10 മത്സരങ്ങളില്‍ നിന്നും മൂന്ന് വീതം വിജയവും സമനിലയും നാല് തോല്‍വികളുമായാണ് കൊമ്പന്‍സ് ഫിനിഷ് ചെയ്തത്. ഇത്തവണ ആദ്യ കിരീടം ചൂടിയ പരിശീലകനുമായ തിരുവനന്തപുരം കളത്തിലിറങ്ങുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്.

സെപ്റ്റംബര്‍ 25നാണ് സൂപ്പര്‍ ലീഗ് കേരളയുടെ മൂന്നാം പതിപ്പിന് തുടക്കമാവുന്നത്. ഡിസംബര്‍ 15നാണ് ഫൈനല്‍ പോരാട്ടം നടക്കുന്നത്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും മത്സരങ്ങള്‍ നടക്കുക.

ഇത്തവണ കാസര്‍ഗോഡ്, പാലക്കാട് എന്നീ പുതിയ ടീമുകള്‍ ടൂര്‍ണമെന്റിലേക്ക് കടന്നുവരുമെന്ന വാര്‍ത്തകള്‍ നിലനിന്നിരുന്നുവെങ്കിലും മൂന്നാം സീസണിലും ആറ് ടീമുകള്‍ മാത്രമായിരിക്കും കിരീടത്തിനായി മാറ്റുരക്കുക.

Content Highlight: Ian Andrew Gillan appointed as coach of Thiruvananthapuram Kompans FC in Kerala Super League

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more