[]തിരുവനന്തപുരം: ആഭ്യന്തരമന്ത്രിയെന്ന നിലയിലുള്ള തന്റെ പെര്‍ഫോമന്‍സില്‍ പൂര്‍ണ തൃപ്തനാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തനിക്ക് കിട്ടിയിട്ടുള്ള വിലയിരുത്തലുകളും അത്തരത്തിലുള്ളതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വകുപ്പ് മാറ്റം സംബന്ധിച്ച് ഇത് വരെ തന്നെ ഒന്നും അറിയിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച് മാധ്യമങ്ങളില്‍ നിന്ന് ലഭിച്ച അറിവ് മാത്രമേ തനിക്കുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗികമായി വിവരം ലഭിച്ച ശേഷം ഇത് സംബന്ധിച്ച് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അഭ്യന്തരമന്ത്രിയായി രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനമുണ്ടാകുമെന്ന വാര്‍ത്ത വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തരവകുപ്പ് മന്ത്രി സ്ഥാനത്തുനിന്നും മാറ്റുന്നത് സംബന്ധിച്ച് തനിക്ക് വിവരമൊന്നും കിട്ടിയിട്ടില്ല. മന്ത്രിസഭ പുനസംഘടിപ്പിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. മുഖ്യമന്ത്രിയാണ് തന്നെ ആഭ്യന്തരമന്ത്രി പദവി ഏല്‍പ്പിച്ചത്.
ആഭ്യന്തരവകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാണ്. തനിക്ക്് കിട്ടിയിട്ടുള്ള വിലയിരുത്തലുകളും അത്തരത്തിലുള്ളതാണ്. നേട്ടം എന്റേത് മാത്രമല്ല. 50 ശതമാനം പോലീസുകാര്‍ക്കുളളതാണ്. ടീം വര്‍ക്കിന്റെ പ്രതിഫലനമാണ് ആഭ്യന്തരവകുപ്പിന്റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും പാര്‍ട്ടി തന്നെ അപമാനിക്കില്ലെന്നാണ് പ്രതീക്ഷയെന്നും തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം തിരുവഞ്ചൂര്‍ പ്രതികരിച്ചു.