ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരത്തില്‍ പരാജയപ്പെട്ടാലും ഈ വ്യവസ്ഥിതിയോടുള്ള പോരാട്ടത്തില്‍ താന്‍ വിജയിച്ചിരിക്കുകയാണെന്ന് ഇന്ത്യന്‍ റെസ്‌ലിങ് താരം വിനേഷ് ഫോഗട്ട്. താന്‍ ഇപ്പോള്‍ അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്നും വിനേഷ് വ്യക്തമാക്കി.
ശനിയാഴ്ച നടന്ന ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരത്തില്‍ വിനേഷ് പരാജയപ്പെട്ടിരുന്നു. വനിതകളുടെ 53 കിലോഗ്രാം വിഭാഗം സെമിയില്‍ മീനാക്ഷി ഗോയറ്റിനോട് പരാജയപ്പെട്ടാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യത വിനേഷിന് നഷ്ടപ്പെട്ടത്.
റെസ്ലിങ് മാറ്റില്‍ താന്‍ അഭിമാനത്തോടെയാണ് നില്‍ക്കുന്നതെന്ന് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വിനേഷ് പറഞ്ഞു. ഞാന്‍ തോറ്റിട്ടില്ല. മൊത്തം വ്യവസ്ഥിതിയോടും ഞാന്‍ പോരാടി. ഇപ്പോഴും ഞാന്‍ ഇവിടെ അഭിമാനത്തോടെ നില്‍ക്കുന്നുവെന്ന് അവര്‍ പറഞ്ഞു.
‘അവര്‍ക്ക് ഞാന്‍ തിരിച്ചുവരുന്നതിനെ തടയണമായിരുന്നു. പക്ഷേ ഞാന്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുകയാണ്,’ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ(ഡബ്ല്യു.എഫ്.ഐ) പ്രതികൂല ഇടപെടലുകളെക്കുറിച്ച് സൂചിപ്പിച്ച് വിനേഷ് പറഞ്ഞു.
എന്റെ മകന്‍ ജനിച്ച ശേഷമുള്ള ഈ 10 മാസങ്ങളില്‍ ഞാന്‍ എന്ത് നേടി എന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എനിക്ക് എന്റെ മകനും നിരവധി വനിതാ ഗുസ്തി താരങ്ങള്‍ക്കും പ്രചോദനമാവാന്‍ പറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.
ഞാന്‍ എന്റെ തിരിച്ചുവരവിനും തയ്യാറെടുപ്പിനും ശ്രദ്ധകൊടുക്കേണ്ട സമയത്ത് എനിക്ക് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കങ്ങളില്‍ തുടരേണ്ടി വന്നു. എനിക്ക് 50 കിലോ വിഭാഗത്തില്‍ മാത്രമേ മത്സരിക്കാന്‍ പറ്റൂ എന്ന് പറഞ്ഞ് അവര്‍ എനിക്ക് കത്തു തന്നു. അത് തനിക്ക് മാനസികമായ പീഡനമായിരുന്നുവെന്നും വിനേഷ് പറഞ്ഞു.
‘ഈ വ്യവസ്ഥിതി പ്രതിസന്ധികളുണ്ടാക്കുന്നത് തുടര്‍ന്നുകൊണ്ടിരിക്കും. പക്ഷേ കഠിനാധ്വാനം കൊണ്ട് അത് മറികടക്കാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ വിനേഷ് പറഞ്ഞു.
ഞാന്‍ ഈ മത്സരത്തിലെ തോല്‍വി അംഗീകരിക്കുന്നു. ശാരീരിക ക്ഷമതയും സഹന ശേഷിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ടായിരുന്നു. എനിക്ക് പരിശീലനം ആവശ്യമായിരുന്നുവെന്നും വിനേഷ് പറഞ്ഞു.
എനിക്ക് ഇപ്പോഴും ധൈര്യവും വിശ്വാസവുമുണ്ട്. 2028ലെ ലോസ് ആഞ്ചലസ് ഒളിംപിക്‌സിലെ റെസ്ലിങ്ങ് മാറ്റിലേക്ക് ഞാന്‍ തിരിച്ചുവരവ് നടത്തുമെന്നും ഫോഗട്ട് ആത്മവിശ്വാസത്തോടെ പ്രതികരിച്ചു.
ഇന്ത്യന്‍ റെസ്‌ലിങ് ഫൗണ്ടേഷനില്‍ നിന്ന് നേരിട്ട പ്രശ്‌നങ്ങളെത്തുടര്‍ന്ന് കോടതിയില്‍ വരെ പോയാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യതാ മത്സരങ്ങളില്‍ വിനേഷ് ഫോഗട്ടിന് പങ്കെടുക്കാന്‍ സാധിച്ചത്. വിനേഷിന്റെ ഭാര പരിധി ചൊല്ലി ഡബ്ല്യു.എഫ്.ഐ തര്‍ക്കങ്ങളുന്നയിച്ചിരുന്നു. പിന്നീട് കോടതി ഇടപെടലിലൂടെയാണ് യോഗ്യതാ മത്സരത്തില്‍ റെസ്‌ലിങ് താരത്തിന് പങ്കെടുക്കാനായത്. വിനേഷിന് മത്സരിക്കാന്‍ അവസരം നിഷേധിച്ച റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നടപടിയെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Content Highlight: I won the fight against the system: Vinesh Phogat Response after Asian Games selection trials