| Friday, 11th August 2023, 9:22 pm

ക്രൂരയായ ഒരു വില്ലത്തിയായി അഭിനയിക്കാന്‍ ആഗ്രഹമുണ്ട്: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ക്രൂരയായ ഒരു വില്ലത്തിയായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് നടി ഉര്‍വശി. താന്‍ ഇതുവരെ കുടുംബത്തില്‍ വഴകൊക്കെ ഉണ്ടാക്കുന്ന കഥാപാത്രങ്ങളാണ് ചെയ്തിട്ടുള്ളതെന്നും എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടമെന്നും അവര്‍ പറഞ്ഞു. മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍വശി. വില്ലത്തി കഥാപാത്രമായി അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.

‘എപ്പോഴും വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇഷ്ടം. വില്ലന്‍ എന്ന നമ്മുടെ കോണ്‍സെപ്റ്റ് തന്നെ അത് പുരുഷനായിരിക്കണം. അത് നായകന് ഇടിക്കാന്‍ പാകത്തിലുള്ള ആളായിരിക്കണം. പണ്ട് ഭയങ്കര ശബ്ദം ഒക്കെ വേണം. ബേബി അങ്കിളിനെയും ജോസ് പ്രകാശ് സാറിനെയുമൊക്കെ പലരും കളിയാക്കാറുണ്ട്. മിസ്റ്റര്‍ പെരേര എന്നതൊക്കെ കേട്ട് ഞാനടക്കം കളിയാക്കാറുണ്ട്. വില്ലന്‍ കഥാപാത്രത്തിലേക്ക് സ്ത്രീകള്‍ വരുമ്പോള്‍ അവര്‍ ചെയ്യില്ല എന്നുള്ളതാണോ അല്ലെങ്കില്‍ ഒരു സ്ത്രീയും അങ്ങനെ ചെയ്യില്ല, ഇത്രയും ക്രൂരത കാണിക്കുന്ന വില്ലത്തിയാകാന്‍ കഴിയില്ലെന്നതു കൊണ്ടാണോയെന്ന് അറിയില്ല. മാക്‌സിമം കുടുംബത്തിനകത്ത് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്ന കഥാപാത്രങ്ങള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. അങ്ങനെ അല്ലാതെ അത്തരത്തിലൊരു ക്യാരക്ടര്‍ വന്നാല്‍ ചെയ്യാന്‍ അത്രയും താല്‍പര്യമുണ്ട്.

സ്ത്രീധനത്തില്‍, അമ്മായിഅമ്മയും നാത്തൂന്‍ പോരും ഒക്കെ എടുക്കുന്ന സമയത്ത് കരയുന്ന ക്യാരക്ടര്‍ ആണ് ചെയ്തതെന്നുണ്ടെങ്കില്‍, അതേ പെയര്‍ തന്നെ ഭാര്യ എന്ന് പറയുന്ന സിനിമയില്‍ ആ കുടുംബത്തില്‍ വഴക്കുണ്ടാക്കി, വേറെ വീട് എടുത്ത് താമസിക്കുകയൊക്കെ ചെയ്യുന്ന ക്യാരക്ടര്‍ ആണ്. അപ്പോള്‍ അത്തരം ക്യാരക്ടേഴ്‌സിന്റെ എലമെന്റ്‌സ് ചെയ്തിട്ടുണ്ട്. പിന്നെ ഇന്ത്യന്‍ സിനിമയില്‍ തന്നെ നോക്കിയാല്‍ വില്ലത്തിയായിട്ട് മംമ്ത മോഹന്‍ദാസ് ഭ്രമം എന്ന സിനിമയില്‍ ചെയ്തിട്ടുണ്ട്. അതിനകത്ത് നോക്കിയാല്‍ ശരിക്കും അങ്ങനെ വന്നിട്ടുണ്ട്, എനിക്ക് പേടിയായി കണ്ടിട്ട്. അങ്ങനെയുള്ള റോളുകള്‍ ഞാന്‍ ചെയ്തിട്ടില്ല,’ ഉര്‍വശി പറഞ്ഞു.

നടന്‍ ഇന്ദ്രന്‍സിനെ കുറിച്ചും അഭിമുഖത്തില്‍ ഉര്‍വശി സംസാരിച്ചു. ആദ്യം താന്‍ ഇന്ദ്രന്‍സിനെ  കോസ്റ്റ്യൂമര്‍ ആയിട്ടാണ് കണ്ടിട്ടുള്ളതെന്നും പിന്നീട് ഇത്രയും കാലിബര്‍ ഉള്ള നടനെയായിരുന്നോ അന്ന് അങ്ങനെ ഉപയോഗിച്ചിരുന്നതെന്ന് തോന്നിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

‘ആദ്യം ഇന്ദ്രന്‍സ് ചേട്ടനെ  കോസ്റ്റ്യൂമര്‍ ആയി മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ അതല്ലാതെ കോമഡിയായി എന്റെ കൂടെ ചില സിനിമകള്‍ ചെയ്തിട്ടുണ്ട് അദ്ദേഹം. അതൊക്കെ കഴിഞ്ഞിട്ട് ഇത്രയും കാലിബര്‍ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമന്‍ഷനില്‍ കാണാന്‍ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രന്‍സ് ചേട്ടന്‍ ആയാലും അവരെയൊക്കെ അങ്ങനെ കാണാന്‍ സാധിക്കുന്നുണ്ടല്ലോ ഈ ജനറേഷന്. പണ്ട് ഒരു ഇമേജില്‍പ്പെട്ടു പോയാല്‍ അങ്ങനെ തന്നെ കിടക്കണം,’ ഉര്‍വശി പറഞ്ഞു.

Content Highlights: I wish to play villain role; urvashi

Latest Stories

We use cookies to give you the best possible experience. Learn more