| Saturday, 24th October 2026, 3:08 pm

ഞാന്‍ ഒരു ബോണ്ടിലും ഒപ്പുവെക്കില്ല: നേഹ ബോറ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും എസ്.ഐ.ആറിനുമെതിരായ സമരങ്ങളില്‍ പങ്കെടുത്തതിന് ദല്‍ഹി പൊലീസ് മുന്നോട്ട് വെച്ച പീസ് ബോണ്ടില്‍ ഒപ്പിടില്ലെന്ന് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ. ദല്‍ഹി പൊലീസിന്റെ ബോണ്ടിനെതിരെ നേഹ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

താന്‍ ഒരു ബോണ്ടിലും ഒപ്പിടില്ലെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമമാണിതെന്നും നേഹ പറഞ്ഞു. ഒക്ടോബര്‍ 17-ന് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷന്‍ 126 പ്രകാരം സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്‌കോടതിയാണ് നേഹ ബോറയ്ക്ക് നോട്ടീസ് അയച്ചത്. അന്വേഷണ വേളയില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ജാമ്യക്കാരനെയും ഹാജരാക്കാനായിരുന്നു നിര്‍ദേശം.

ഒക്ടോബര്‍ 16-ന് കോണാട്ട് പ്ലേസിലേക്ക് മാര്‍ച്ച് ചെയ്യുന്നതിനിടെ നേഹയെ പൊലീസ് കരുതല്‍ തടങ്കലിലാക്കിയിരുന്നു. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍, കോക്രോച്ച് ജനതാ പാര്‍ട്ടി ആഹ്വാനം ചെയ്ത ‘ലഹരാ ദോ തിരംഗ’ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകളെ പ്രേരിപ്പിച്ചു, അനുമതിയില്ലാതെ പ്രതിഷേധം നടത്തി തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് പൊലീസ് ഈ നടപടികള്‍ സ്വീകരിച്ചത്.

പൊലീസിന്റെ നോട്ടീസ് വ്യക്തതയില്ലാത്തതും ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ (ആര്‍ട്ടിക്കിള്‍ 19, 21) ലംഘനവുമാണെന്ന് കാണിച്ച് നേഹ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദേശീയ പതാകയേന്താന്‍ പൗരന്മാര്‍ക്ക് പ്രത്യേക അനുമതി ആവശ്യമില്ലെന്നും നേഹയുടെ അഭിഭാഷകന്‍ വാദിച്ചു.

Content Highlight: I will not sign any bond: Neha Bora

We use cookies to give you the best possible experience. Learn more