| Tuesday, 17th November 2026, 2:11 pm

പണത്തിന് വേണ്ടി ഞാനെന്റെ വോട്ട് വില്‍ക്കില്ല: ദയവായി പണം തിരിച്ചെടുക്കൂ: വൈറലായി ബാലറ്റ് പെട്ടിയിലെ കത്ത്

നിഷാന. വി.വി

തിരുപ്പതി: പണത്തിന് വേണ്ടി തന്റെ വോട്ട് വില്‍ക്കില്ലെന്ന നിലപാടുമായി വോട്ടര്‍ ബാലറ്റ് പെട്ടിയില്‍ നിക്ഷേപിച്ച കത്തും രണ്ട് അഞ്ചൂറ് രൂപാ നോട്ടും വൈറലാവുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലുള്ള പലമനേറിലാണ് സംഭവം. ഈയിടെ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പലമനേര്‍ ഗവണ്‍മെന്റ് ഡിഗ്രി കോളേജില്‍ നടക്കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ക്ക് ബാലറ്റ് പെട്ടിയില്‍ നിന്നും പണവും കത്തും ലഭിച്ചത്.

‘ സര്‍ ദയവായി നിങ്ങളുടെ ആയിരം രൂപ തിരിച്ചെടുക്കൂ, ഞാന്‍ പണത്തിന് വേണ്ടി എന്റെ വോട്ട് വില്‍ക്കില്ല. നന്ദി,’ ഇതായിരുന്നു കത്തിലെ വാചകം. ഈ വോട്ടര്‍ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ അന്തസത്തെയാണ് പ്രതിഫലിപ്പിക്കുന്നുവെന്നായിരുന്നു ചിറ്റൂര്‍ ജില്ലാ കലക്ടറും തെരഞ്ഞെടുപ്പ് ഓഫീസറുമായ സുമിത് കുമാര്‍ പ്രതികരിച്ചത്.

വോട്ടറുടെ സത്യസന്ധതയേയും ജനാധിപത്യ മൂല്യങ്ങളോടുള്ള ബഹുമാനത്തെയും അദ്ദേഹം അഭിനന്ദിക്കുകയും ഈ സംഭവം എല്ലാ വോട്ടര്‍മാരുടെയും കണ്ണ് തുറപ്പിക്കണമെന്ന് പറയുകയും ചെയ്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കടം വാങ്ങി വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്ത 1,000 രൂപ വീതം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് പലമനേറിലെ ഒരു പരാജയപ്പെട്ട സ്ഥാനാര്‍ത്ഥി (കെ. റെഡ്ഡി പ്രസാദ്) അടുത്തിടെ രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് വോട്ടര്‍ തന്നെ പണം തിരികെ നല്‍കിയ ഈ സംഭവം ഉണ്ടായിരിക്കുന്നത്.

Content Highlight: “I will not sell my vote for money; please take the money back”—a note found in a ballot box goes viral.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more