തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാതെ ഇനി ജനങ്ങളോട് വോട്ട് ചോദിക്കാൻ താൻ എത്തില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
കേരളത്തിന് എയിംസ് നൽകില്ലെന്ന് കേന്ദ്ര സർക്കാർ ഒരിടത്തും പറഞ്ഞിട്ടില്ലെന്നും കൃത്യമായ സമയത്ത് അനുയോജ്യമായ സ്ഥലത്ത് എയിംസ് വരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എയിംസിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എയിംസ് അനുവദിക്കുന്നതിന് സംസ്ഥാന സർക്കാർ കുറഞ്ഞത് അഞ്ച് സ്ഥലങ്ങളെങ്കിലും കണ്ടെത്തി കേന്ദ്രത്തിന് കൈമാറേണ്ടതുണ്ട്. എന്നാൽ തൃശൂർ ഉൾപ്പെടെയുള്ള അഞ്ച് സ്ഥലങ്ങൾ നിർദ്ദേശിച്ച് കേന്ദ്രത്തിന് സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ഇതുവരെ തയ്യാറായിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ കേന്ദ്രത്തിന് മുൻഗണനയില്ലെന്ന വാദത്തെയും അദ്ദേഹം തള്ളി. ആരോഗ്യരംഗത്ത് പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് മുൻഗണന നൽകുന്നതിനൊപ്പം തന്നെ, ഇത്രയും കാലമായിട്ടും അഞ്ച് സ്ഥലങ്ങൾ പോലും ഔദ്യോഗികമായി നിർദ്ദേശിക്കാത്ത ഒരു സംസ്ഥാനത്തിന് എങ്ങനെയാണ് സ്വാഭാവികമായി മുൻഗണന ലഭിക്കുകയെന്ന് സുരേഷ് ഗോപി ചോദിച്ചു.
2024 ജൂണിൽ എറണാകുളത്ത് നടത്തിയ വാർത്താസമ്മേളനത്തിലും പാർലമെന്റ് സമ്മേളനത്തിനിടെ വിളിച്ചുചേർത്ത എം.പിമാരുടെ യോഗത്തിലും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ കേരളത്തിൽ എയിംസ് വരുമെന്ന് വ്യക്തമാക്കിയതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചത് ജനങ്ങൾക്ക് വേണ്ടിയാണ്. എന്നാൽ കേരളത്തിൽ എയിംസ് വരില്ല എന്ന് കോടതിയിലോ മറ്റെവിടെയെങ്കിലുമോ കേന്ദ്രം പറഞ്ഞിട്ടില്ലായെന്ന് സുരേഷ് ഗോപി പറഞ്ഞു.
എയിംസ് എന്നത് തന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നില്ലെന്നും എവിടെയെങ്കിലും അത്തരത്തിൽ താൻ പ്രസംഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിൽ എയിംസ് വരണമെന്ന നിലപാടിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണെന്നും, എന്നാൽ തൃശൂരിന് തരികയില്ലെന്ന് പറഞ്ഞ് പദ്ധതി തന്നെ വേണ്ടെന്നുവെക്കാൻ നോക്കുന്നത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ എയിംസിന്റെ തറക്കല്ലിടൽ എങ്കിലും നടക്കാതെ ഇനി താൻ വോട്ട് ചോദിച്ചു വരില്ലെന്ന ഉറച്ച നിലപാടിലാണ് താനെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
Content Highlight:I will not come seeking votes again without at least laying the foundation stone for AIIMS in Kerala: Suresh Gopi.