| Friday, 21st November 2025, 11:00 pm

'സഖ്യ കക്ഷിയെ നഷ്ടപ്പെട്ടേക്കാം; എന്നാലും എന്റെ രാജ്യത്തെ വഞ്ചിക്കില്ല'; റഷ്യയ്ക്ക് അനുകൂലമായ യു.എസ് സമാധാന പദ്ധതിയില്‍ സെലന്‍സ്‌കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കീവ്: ഉക്രൈന്-റഷ്യ യുദ്ധം അവസാനിപ്പിക്കാനായി യു.എസ് മുന്നോട്ട് വെച്ച 28 പോയിന്റ് സമാധാന പദ്ധതിയെ സംബന്ധിച്ച് പ്രതികരിച്ച് ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി.

ഉക്രൈന്റെ താത്പര്യങ്ങളെ വഞ്ചിക്കില്ലെന്ന് സമാധാന പദ്ധതിയോട് സെലന്‍സ്‌കി പ്രതികരിച്ചു. ഉക്രൈന്‍ ജനതയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഐക്യത്തോടെ എല്ലാം നേരിടണമെന്നും താന്‍ രാജ്യത്തെ ഒരിക്കലും വഞ്ചിക്കുകയോ ഒറ്റക്കൊടുക്കുകയോ ചെയ്യില്ലെന്നും സെലന്‍സ്‌കി വെള്ളിയാഴ്ച പറഞ്ഞു.

‘ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരമായ നിമിഷങ്ങളിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.ഉക്രൈന് മേലുള്ള സമ്മര്‍ദം ഭാരമേറിയതാണ്. രാജ്യത്തിന് ഇപ്പോള്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും.

ഒന്നുകില്‍ അന്തസ് നഷ്ടപ്പെടുത്തണം, അല്ലെങ്കില്‍ സുപ്രധാന പങ്കാളിയെ നഷ്ടപ്പെടുത്തണം. ഈ സമാധാന പദ്ധതിയി കാരണം ഉക്രൈനിന്റെ അന്തസും സ്വാതന്ത്ര്യവും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ 24/7 പോരാടും,’ സെലന്‍സ്‌കി പറഞ്ഞു.

ഉക്രൈനിന്റെ ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്, ക്രിമിയ തുടങ്ങിയ പ്രദേശങ്ങളിലെ നിയന്ത്രണം റഷ്യയ്ക്ക് വിട്ടുകൊടുക്കാനും, സൈന്യത്തിന്റെ പരിധികള്‍ അംഗീകരിക്കാനും, നാറ്റോയില്‍ ചേരാനുള്ള ആഗ്രഹം ഉപേക്ഷിക്കാനും ആവശ്യപ്പെടുന്ന 28 പോയിന്റുകളാണ് യു.എസ് അവതരിപ്പിച്ച സമാധാന പദ്ധതിയിലുള്ളത്.

ഈ കരട് ചട്ടക്കൂട് അംഗീകരിക്കാനായി യു.എസ് ഉക്രൈനിന് ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കുന്നുണ്ടെങ്കിലും ഉക്രൈനിന്റെ സുരക്ഷ സംബന്ധിച്ച ഉറപ്പുകളില്‍ അവ്യക്തത തുടരുകയാണ്.

അതേസമയം, ഈ പദ്ധതി അംഗീകരിച്ചില്ലെങ്കില്‍ ഉക്രൈനിന് ആയുധ വിതരണമടക്കമുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്നാണ് യു.എസിന്റെ ഭീഷണി.

വ്യാഴാഴ്ച കീവില്‍ വെച്ച് സെലന്‍സ്‌കിയുമായി യു.എസ് സൈനിക പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ വെള്ളിയാഴ്ച സെലന്‍സ്‌കി സഖ്യരാഷ്ട്രങ്ങളായ ബ്രിട്ടന്‍, ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാഷ്ട്രങ്ങളുടെ തലവന്മാരുമായി ഫോണിലൂടെ സംഭാഷണം നടത്തി.

യു.എസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സുമായും സെലന്‍സ്‌കി ഫോണ്‍ സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, നേരത്തെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും സമാധാന പദ്ധതിയെയും അനുകൂലിച്ചുള്ള സെലന്‍സ്‌കിയുടെ വാക്കുകളും ശ്രദ്ധേയമായിരുന്നു.

യുദ്ധം അവസാനിപ്പിക്കാനുള്ള യു.എസിന്റെയും ട്രംപിന്റെയും ശ്രമങ്ങളെ വിലമതിക്കുന്നുവെന്നും അമേരിക്ക തയ്യാറാക്കുന്നത് യഥാര്‍ത്ഥവും മാന്യവും സമാധാനം ഉറപ്പാക്കുന്ന പദ്ധതിയായിരിക്കണമെന്നും സെലന്‍സ്‌കി പറഞ്ഞിരുന്നു.

Content Highlight: ‘I will not betray my country’; Zelensky on US peace plan

We use cookies to give you the best possible experience. Learn more