| Monday, 24th November 2025, 3:38 pm

എപ്പോള്‍ മറുപടി പറയണമെന്ന് ഞാന്‍ തീരുമാനിക്കും; ഒഴിഞ്ഞുമാറി രാഹുല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ലൈംഗികാരോപണങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിട്ടും വ്യക്തമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.

മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയ രാഹുല്‍, തനിക്ക് മറുപടി പറയണമെന്ന് തോന്നുന്ന സമയത്ത് മാത്രം പ്രതികരിക്കുമെന്നും പറഞ്ഞു. എന്നാല്‍ പുറത്തെത്തിയ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ രാഹുല്‍ തയ്യാറായില്ല. ആരോപണവും തള്ളിയില്ല.

കോടതിയെയാണ് തനിക്ക് ബോധ്യപ്പെടുത്താനുള്ളത് മാധ്യമങ്ങളെയല്ലെന്ന് രാഹുല്‍ പറഞ്ഞു. അപ്പോള്‍ ജനങ്ങളെ ബോധിപ്പിക്കേണ്ടതില്ലേ എന്ന ചോദ്യത്തോട് അതിന് തനിക്ക് നിരവധി മാര്‍ഗങ്ങളുണ്ടെന്നും താന്‍ നേരിട്ട് ജനങ്ങളോട് പറഞ്ഞോളാമെന്നുമായിരുന്നു മറുപടി.

പൊലീസ് കേസ് എടുക്കുകയാണെങ്കില്‍ എടുക്കട്ടെ, ആരോപണങ്ങളില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസിലെ അന്വേഷണം തുടരാം. അന്വേഷണത്തോട് സഹകരിക്കും.

കേസിലൊരു തീരുമാനമുണ്ടായതിന് ശേഷം മാത്രം വിഷയത്തില്‍ പ്രതികരിക്കും. എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ മാത്രം പ്രതികരിക്കും.

താന്‍ ഈ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്ന വ്യക്തിയാണ്. നിയമവിരുദ്ധമായിട്ടുള്ള ഒരു കാര്യവും ചെയ്തിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, രാഹുലിനെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിട്ടും പ്രതികരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തയ്യാറായില്ല. താനൊരു മീറ്റിങ്ങിലായിരുന്നു ഒന്നും അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് രാവിലെയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്ക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പെണ്‍കുട്ടി രംഗത്തെത്തിയത്. രാഹുല്‍ വാഗ്ദാനങ്ങള്‍ നല്‍കി ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

രാഹുല്‍ ഗര്‍ഭം ധരിക്കാനായി തന്നെ നിര്‍ബന്ധിച്ചെന്നും ഗര്‍ഭിണിയായപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ പോലും തയ്യാറായില്ലെന്നും പെണ്‍കുട്ടി പുറത്തുവിട്ട ചാറ്റും കോള്‍ റെക്കോര്‍ഡിങ്ങും തെളിയിക്കുന്നു. ന്യൂസ് മലയാളം 24/7 ചാനലാണ് ചാറ്റും ഓഡിയോ റെക്കോഡിങ്ങും പുറത്തുവിട്ടിരിക്കുന്നത്.

പുറത്തെത്തിയ ചാറ്റുകളില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാകാന്‍ നിര്‍ബന്ധിക്കുന്നതായി കാണാം. പിന്നീട് ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി രാഹുലിനെ അറിയിക്കുമ്പോള്‍ ദേഷ്യപ്പെടുന്നതും തെറി വിളിക്കുന്നതുമാണ് കോള്‍ റെക്കോഡിങ്ങിലുള്ളത്.

ഗര്‍ഭിണിയാണെന്നും തനിക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും രാഹുലിനോട് പറയുമ്പോള്‍ നാടകം കളിക്കുകയാണെന്ന് പറഞ്ഞ് പരിഹസിക്കുകയും തളര്‍ത്തുകയുമാണ് രാഹുല്‍.

Content Highlight: I will decide when to reply; Rahul Mamkootathil

We use cookies to give you the best possible experience. Learn more