ജയ്പ്പൂര്‍: മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള ബി.ജെ.പി സമ്മര്‍ദത്തില്‍ ആത്മഹത്യാ ഭീഷണി മുഴക്കി രാജസ്ഥാന്‍ ബി.എല്‍.ഒ.
ബി.ജെ.പി നേരിയ ഭൂരിപക്ഷത്തില്‍ വിജയിച്ച സീറ്റുകളിലെ മുസ്‌ലിം വോട്ടുകള്‍ ഇല്ലാതാക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജയ്പൂരിലെ ഹവാ മഹല്‍ മണ്ഡലത്തിലെ ബി.എല്‍.ഒ ആയ
കീര്‍ത്തി കുമാര്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
ഫോണ്‍ സംഭാഷണത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്.
‘ഞാന്‍ കളക്ടറുടെ ഓഫീസില്‍ പോവും അവിടെ വച്ച് ആത്മഹത്യ ചെയ്യും,’ കുമാര്‍ പറഞ്ഞു.
സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന് ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് 470 വോട്ടര്‍മാരെ അതായത് ബൂത്തിലെ 40 ശതമാനത്തോളം വോട്ടര്‍മാരെ നീക്കം ചെയ്യണമെന്ന് ബി.ജെ.പി ഭീഷിപ്പെടുത്തുന്നുവെന്നും അത് തനിക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമാണെന്നും കീര്‍ത്തി കുമാര്‍ പറയുന്നു.
ബി.ജെ.പിയുടെ ആവശ്യം മുസ്‌ലിം വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഈ വോട്ടര്‍മാരെയെല്ലാം താന്‍ ഇതിനോടകം തന്നെ പരിശോധിച്ച് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ ഒരുപക്ഷേ ഞാന്‍ പ്രദേശത്തെ മുഴുവന്‍ വോട്ടര്‍മാരെയും നീക്കം ചെയ്യേണ്ടി വരും, അത് നിങ്ങള്‍ക്കും മഹാരാജിനും തെരഞ്ഞെടുപ്പില്‍ സുഖകരമായി വിജയിക്കാന്‍ സഹായിക്കും,’ സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ കീര്‍ത്തി കുമാര്‍ ബി.ജെ.പി കൗണ്‍സിലറോട് ഫോണില്‍ സംസാരിക്കുന്നതായി കേള്‍ക്കാം.
2023ലെ തെരഞ്ഞെടുപ്പില്‍ ഹവാ മഹലില്‍ നിന്നും വെറും 974 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബി.ജെ.പി എം.എല്‍.എയാണ് ബാല്‍മുകുന്ദ് ആചാര്യ. പ്രാദേശികമായി ‘മഹാരാജ്’എന്ന് വിളിക്കപ്പെടുന്ന ആചാര്യ മുസ്‌ലിങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ നേരത്തെയും വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരുന്നു.
മുഴുവന്‍ എസ്.ഐ.ആര്‍ പ്രവൃത്തികളും വീണ്ടും ചെയ്യാനാണ് ബി.ജെ.പി തന്നെ ഭീഷണിപ്പെടുത്തുന്നതെന്നും ചെയ്യാത്ത പക്ഷം സസ്‌പെന്റ് ചെയ്യുമെന്ന് പറഞ്ഞതായും ബി.എല്‍.ഒ പറഞ്ഞു.
എന്നാല്‍ അവരുടെ രാഷ്ട്രീയം തനിക്കറിയാമെന്നും തനിക്കിത് ചെയ്യാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനാണ് കുമാര്‍. എസ്.ഐ.ആര്‍ നടപടികള്‍ ഇതിനോടകം തന്നെ തന്റെ വിദ്യാര്‍ത്ഥികളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ആരോപണങ്ങളെ എതിര്‍ത്ത് ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനി രംഗത്തെത്തിയിട്ടുണ്ട്.
ജനുവരി 8നും ജനുവരി 9നും കുമാറിന്റെ ബൂത്തിലെ 467 വോട്ടര്‍മാര്‍ക്കെതിരെ പാര്‍ട്ടിയുടെ ബൂത്ത് ലെവല്‍ ഏജന്റ് പരാതി നല്‍കിയിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിനാണ് നടപടിയെന്നും പറഞ്ഞു.
‘എനിക്ക് മുസ്‌ലിം വോട്ടര്‍മാര്‍ക്കെതിരെ ഒരു അജണ്ടയുമില്ല, പക്ഷേ ഈ വോട്ടര്‍മാരൊന്നും ഇവിടെ താമസിക്കുന്നവരല്ലെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പുണ്ട്. കൂടുതല്‍ വോട്ടര്‍മാര്‍ക്കെതിരെ എതിര്‍പ്പ് ഫയല്‍ ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനായി സമയപരിധി വര്‍ദ്ധിപ്പിക്കാന്‍ അഭ്യര്‍ത്ഥിക്കും,’ സുരേഷ് സൈനി പറഞ്ഞതായി ന്യൂസ് ലോണ്‍ണ്ടറി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഹിന്ദു വോട്ടര്‍മാര്‍ക്ക് ഭൂരിപക്ഷമുള്ള സമീപത്തെ അഞ്ച് ബൂത്തുകളിലും ഇത്തരത്തിലുള്ള നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ബി.എല്‍.ഒമാര്‍ പറഞ്ഞു.
ഇതിേേനാടകം തന്നെ എസ്.ഐ.ആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ മൂന്ന് ബി.എല്‍.ഒമാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്.
Content Highlight: ‘I will commit suicide’; BLO threatens suicide under BJP pressure to eliminate Muslim votes