ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിനായുള്ള സംഭാവനകളില്‍ വലിയ തോതില്‍ തിരിമറിയും അഴിമതിയും നടന്നതായി ബി.ജെ.പി നേതാവും മുന്‍ എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്.
തനിക്ക് ഇക്കാര്യങ്ങളെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ അറിയാമെന്നും എന്നാല്‍ ഇപ്പോള്‍ സത്യം വെളിപ്പെടുത്തിയാല്‍ താന്‍ വലിയ കുഴപ്പത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.
10 ദിവസത്തെ ദല്‍ഹി വാസത്തിന് ശേഷം യു.പിയിലെ വിഷ്‌ണോഹര്‍പൂരിലുള്ള വസതിയില്‍ തിരിച്ചെത്തി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ വളരെ ദുര്‍ബലനായ ഒരു മനുഷ്യനാണ്. ഇപ്പോള്‍ സത്യം തുറന്നുപറയാന്‍ എനിക്ക് ധൈര്യമില്ല. കാരണം അവര്‍ വളരെ ശക്തരായ ആളുകളാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ കുഴപ്പത്തിലാകും. എന്നാല്‍ സമയമാകുമ്പോള്‍ ഞാന്‍ എല്ലാം തുറന്നുപറയും.’
ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
എന്നാല്‍ താന്‍ ഉദ്ദേശിച്ച ‘ശക്തരായ ആളുകള്‍’ ആരാണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാമക്ഷേത്ര ഫണ്ടില്‍ വലിയ രീതിയില്‍ അഴിമതി നടന്നെന്ന ആരോപണം ശക്തമാകുന്നതിനിടയിലാണ് സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിന്റെ ഈ പ്രതികരണം വിവാദമാകുന്നത്.
സമീപകാലത്തായി താന്‍ കടുത്ത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. 2023ല്‍ വനിതാ ഗുസ്തി താരങ്ങള്‍ തനിക്കെതിരെ ഉന്നയിച്ച ലൈംഗികാരോപണങ്ങളും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും താന്‍ വളരെക്കാലമായി നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ നീറ്റ് ഉള്‍പ്പെടെയുള്ള മത്സരപരീക്ഷകളിലെ ക്രമക്കേടുകളിലും ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ ബ്രിജ് ഭൂഷണ്‍ ന്യായീകരിച്ചു. മന്ത്രി രാജിവെച്ചതുകൊണ്ട് മാത്രം ഈ പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരും ജീവനക്കാരും അടങ്ങുന്ന ഒരു വലിയ മാഫിയാ ശൃംഖലയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുകയാണ് വേണ്ടതെന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് പറഞ്ഞു.
Content Highlight: I will be in trouble if I speak the truth: Brij Bhushan Singh on Ram temple fund embezzlement row